പി.എസ്.സി: നിയമന നിഷേധങ്ങളുടെ നേരുകള്‍

Keralam News

ശ്രുതി എ.പി

കേരളം ഉണരുന്നതും ഉറങ്ങുന്നതും സെക്രട്ടേറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുടെ ദൈന്യതയിലേക്കാണ്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് എല്‍. ജി. എസ് ലിസ്റ്റിലുള്ള പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമരം 25 ദിവസവും സി പി ഒ ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം 12 ദിവസവും പിന്നിട്ടിരിക്കുന്നു. മുന്‍ എം. പി യുടെയും എം. എല്‍. എ യുടെയും കുടുംബാംഗങ്ങള്‍ക്ക് പിന്‍വാതില്‍ നിയമനം വഴി സര്‍ക്കാര്‍ ജോലി അനുവദിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് പിഎസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം അവരുടെ അവകാശം തന്നെയെന്ന് പറയാതെ വയ്യ. എന്നാല്‍, കക്ഷിരാഷ്ട്രീയ ഭേദമന്യേ മാറിമാറി വരുന്ന സര്‍ക്കാരുകളൊന്നും പിന്‍വാതില്‍ നിയമന ആരോപണത്തില്‍ നിന്ന് രക്ഷപെടുന്നില്ല എന്നതും വസ്തുത തന്നെ.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ അല്ലാതെയോ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ഉദ്യോഗാര്‍ത്ഥികള്‍ നിയമിക്കപ്പെടുകയും പിന്നീട് ഇവരെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത്, മുന്‍പ് ഭരിച്ചിരുന്ന സര്‍ക്കാര്‍ നിയമിച്ച താല്‍ക്കാലിക ജീവനക്കാരെ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നത് തുടങ്ങിയവയെല്ലാം പിന്‍വാതില്‍ നിയമനത്തില്‍ ഉള്‍പ്പെടുന്നു. കേരളത്തില്‍ ഇപ്പോളാരോപിക്കപ്പെട്ടിരിക്കുന്നതും വ്യത്യസ്തമല്ല. പിന്‍വാതില്‍ നിയമനം നടത്തി എന്നാറോപിക്കപ്പെട്ടിരിക്കുന്ന വ്യക്തികളുടെ വിദ്യാഭ്യാസയോഗ്യതയും മറ്റും കൃത്രിമമാണെന്ന് ശക്തിയുക്തമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല, പി.എസ്.സി നടത്തേണ്ട ഒരു തസ്തികയിലും സര്‍ക്കാര്‍ സ്ഥിര നിയമനം നടത്തിയിട്ടില്ലെന്നും ഒഴിവുകളെയും നിയമനത്തെയും സംബന്ധിച്ച് പി എസ് സി ക്ക് റിപ്പോര്‍ട്ട് നല്‍കാത്ത ഭരണ സ്ഥാപനങ്ങളില്‍ മാനദണ്ഡങ്ങളനുസരിച്ച് ഭരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ ചില നിയമങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്തതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. സമരത്തിലിരിക്കുന്ന ഉദ്യോഗാര്‍ഥികളും തങ്ങളുടെ റാങ്ക് കാലാവധി നീട്ടണമെന്നും പുതിയ തസ്തികകള്‍ സൃഷ്ടിക്കണമെന്നുമാണ് പ്രഥമമായി മുന്നോട്ട് വെച്ചിരിക്കുന്ന ആവശ്യം.

പി എസ് സി ലിസ്റ്റ് സാധാരണ പ്രസിദ്ധീകരിക്കുന്നത് ഒഴിവുകളുടെ അഞ്ചിരട്ടി കണക്കാക്കിയാണ്. അതുകൊണ്ട് തന്നെ ലിസ്റ്റിലുള്‍പ്പെടുന്ന 80% ഉദ്യോഗാര്‍ഥികള്‍ക്കും നിയമന സാധ്യത കുറവാണ്. സര്‍ക്കാറിന് കാര്യക്ഷമമായി ചെയ്യാനാകുന്നത് ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാന്‍ കര്‍ശന നിര്‍ദ്ദേശം കൊടുക്കുകയെന്നതും തടസ്സങ്ങള്‍ നീക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളുകയെന്നതുമാണ്. ഈ നടപടികള്‍ ചെയ്യുമെന്നും ഇതിലെ പ്രശ്‌ന പരിഹാരത്തിന് ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഉള്‍പ്പെടുന്ന സമിതി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു തരികയുമുണ്ടായിട്ടുണ്ട്. കൂടാതെ, കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ച് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ പരിഗണിക്കുന്ന നയം മുന്‍പോട്ട് വെക്കുകയും ചെയ്തിരിക്കുന്നു. പുതിയ തസ്തികകള്‍ സൃഷിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്നു.
ഉദ്യോഗാര്‍ത്ഥികളെ സംബന്ധിച്ച്, നിയമനം ലഭ്യമാക്കാന്‍ നേരിടുന്ന കാലതാമസം, റാങ്ക് ലിസ്റ്റ് അനുസരിച്ച് തങ്ങളുടെ നിയമന സാധ്യത എത്തുമ്പോഴേക്ക് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നത്l , തുടങ്ങിയവയെല്ലാം പ്രശ്‌നങ്ങള്‍ തന്നെ ആണ്. എങ്കിലും, ഓരോ വര്‍ഷവും വരുന്ന പ്രമോഷന്‍ ഒഴിവുകള്‍, റിട്ടയര്‍മെന്റ് ഒഴിവുകള്‍ എന്നിവ കൂടി കണക്കിലാക്കി മാത്രമേ നിയമനം സാധ്യമാകൂ എന്ന വസ്തുത അംഗീകരിക്കേണ്ടതാണ്.
അധികാരത്തില്‍ വന്ന ശേഷം ഒന്നര ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയക്കുകയും മൂവായിരത്തില്‍ അധികം പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്ത, പരമാവധി നിയമനങ്ങള്‍ പിഎസി വഴിയാക്കാന്‍ ശ്രമിക്കുന്ന, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയിലും മറ്റു സ്വകാര്യ മേഖലയിലും വേണ്ടത്ര ഇടപെടല്‍ നടത്തിയെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. കോവിഡ് പാശ്ചാത്തലത്തില്‍ എല്‍ഡിസി, ലാസ്റ്റ് ഗ്രേഡ്, എല്‍ഡി ഡ്രൈവര്‍ തുടങ്ങി 493 ലധികം റാങ്ക് ലിസ്റ്റുകള്‍ ആറ് മാസത്തേക്ക് കാലാവധി നീട്ടുകയും ചെയ്തിരിക്കുന്നു. സാമൂഹികമായി പിന്നോട്ട് നില്‍ക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പിഎസ്സി നേരിട്ട് അപേക്ഷ സ്വീകരിച്ച് ഇന്റര്‍വ്യൂ വഴി നിയമനം നടത്തുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് നിയമനവും നടന്നു കഴിഞ്ഞു.
അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ സര്‍ക്കാര്‍ ന്യായമായി തന്നെ പരിഗണിക്കുകയും സുതാര്യമായ നടപടികള്‍ കൈക്കൊള്ളുകയും ആണ് ആവശ്യം. തങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ നേടി തരുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് സമര മുഖത്തിരുന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തതാണ്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ സുരക്ഷ ഉറപ്പ് വരുത്താനും പ്രതിബദ്ധത കാണിച്ച സര്‍ക്കാര്‍, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയോ ദുരുപയോഗം ചെയ്തതായോ ഉത്തരവാദിത്വത്തോടെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ തിരുത്തേണ്ടതും അത്യാവശ്യം തന്നെ.

Leave a Reply

Your email address will not be published. Required fields are marked *