ഇഎംസിസിയുമായി ഒപ്പിട്ട ധാരണാപത്രവും സര്‍ക്കാര്‍ റദ്ദാക്കി

Keralam News

അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി അസന്റ് 2020 ല്‍ ഒപ്പിട്ട ധാരണാപത്രവും സര്‍ക്കാര്‍ റദ്ദാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വ്യവസായവകുപ്പ് മന്ത്രി ഇ പി ജയരാജന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ആറുമാസം കഴിഞ്ഞാല്‍ ധാരണാപത്രത്തിന് സാധുതയില്ലെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുളള വിശദീകരണം.

ആഴക്കടല്‍ മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന വികസനത്തിനും പ്രചാരണത്തിനും നിക്ഷേപമിറക്കാന്‍ ഇഎംസിസിയുമായി കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രമാണ് റദ്ദാക്കിയത്. അയ്യായിരം കോടിരൂപയുടെ പദ്ധതിയാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുന്നത്. അസന്റ് ചര്‍ച്ചകള്‍ക്ക് പിന്നാലെ 2020 ഫെബ്രുവരി 28നായിരുന്നു വ്യവസായ വകുപ്പിന് കീഴിലുളള കെഎസ്ഐഡിസി-ഇഎംസിസിയുമായി എംഒയു ഒപ്പിട്ടത്. ട്രോളറുകള്‍ നിര്‍മിക്കുന്നതിന് ഇഎംസിസിയുമായി കേരളാ ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഒപ്പിട്ട 2,950 കോടിയുടെ ധാരണാപത്രം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

സര്‍ക്കാരിന്റെ മത്സ്യനയത്തിന് വിരുദ്ധമായ ധാരണാപത്രമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇക്കാര്യത്തില്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടരുകയാണ്. അസന്റ് ധാരണാപത്രം ആറുമാസം കഴിയുന്നതോടെ അസാധുവാകുമെന്നായിരുന്നു സര്‍ക്കാരിന്റെ ഇതുവരെയുളള വിശദീകരണം. പ്രതിപക്ഷം നിലപാട് കടുപ്പിച്ചതോടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം. ഇതോടെ ഇഎംസിസിയുമായുളള രണ്ടു ധാരണാപത്രങ്ങളും റദ്ദായിരിക്കുകയാണ്. എന്നാല്‍, ചേര്‍ത്തല പളളിപ്പുറത്ത് ഇ എം സി സിക്ക് ഭക്ഷ്യസംസ്‌കരണ ശാലക്കായി നാലേക്കര്‍ അനുവദിച്ച നടപടി ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതും റദ്ദാക്കണമെന്നതാണ് പ്രതിപക്ഷ ആവശ്യം. എന്നാല്‍, കമ്പനി ഫീസടക്കാത്തതിനാല്‍ ഭൂമി വിട്ടുനല്‍കിയ നടപടിക്ക് സാധുതയില്ല എന്നതാണ് സര്‍ക്കാരിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *