കോട്ടക്കല്‍ : ആള്‍മാറാട്ടം നടത്തി മോഷണം പതിവാക്കിയ പ്രതി പിടിയില്‍. ആയുര്‍വേദ ഡോക്ടര്‍ ആണെന്ന് വ്യാജേനെ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മോഷണം പതിവാക്കിയ നിലമ്പൂര്‍ കൂറ്റംമ്പാറ പനങ്ങാടന്‍ അബ്ദുല്‍ റഷീദ് (36)നെ കോട്ടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യവകുപ്പില്‍ നിന്നാണെന്നും ഡോക്ടര്‍ ആണെന്നും പറഞ്ഞു അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി തൊഴിലാളികള്‍ ഇല്ലാത്ത സമയത്ത്, അവര്‍ വിശ്രമിക്കുന്ന സമയത്തും അവര്‍ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ച് കയറി മൊബൈല്‍ ഫോണും പണവും അപഹരിക്കുകയാണ് പതിവ്. സംശയംതോന്നിയ അതിഥി തൊഴിലാളികള്‍ റൂമില്‍ ക്യാമറ ഫിറ്റ് ചെയ്താണ് തൊഴിലാളികള്‍ പ്രതിയെ തിരിച്ചറിഞ്ഞത് . തുടര്‍ന്ന് കോട്ടയ്ക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോട്ടയ്ക്കല്‍ സ്മാര്‍ട്ട്സിറ്റി പരിസരത്തുനിന്നും പോലീസ് പിടികൂടി. കോട്ടയ്ക്കല്‍ ഇന്‍സ്പെക്ടര്‍ സുജിത്ത് എം, എസ് ഐ അജിത് കെ, ജി എസ് ഐ സുകീഷ്, പോലീസുകാരായ സുജിത്ത്, സെബാസ്റ്റ്യന്‍, ശരണ്‍, സജി അലക്സാണ്ടര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി കോട്ടക്കലിലും സമീപ സ്ഥലങ്ങളിലും സമാനരീതിയിലുള്ള മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു. നിലമ്പൂര്‍, പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനുകളില്‍ പ്രതിക്ക് സമാനരീതിയിലുള്ള കുറ്റകൃത്യത്തിനു കേസ് നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
