അവഗണന നേരിട്ടു ഇനി മുന്നണിയില്‍ തുടരില്ല, എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു താന്‍; പി സി തോമസ്

Keralam News Politics

കൊച്ചി: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പി.സി.തോമസിനൊപ്പമുള്ള കേരള കോണ്‍ഗ്രസല്‍ ലയിക്കും. കടുത്തുരുത്തിയില്‍ ഇന്ന് നടക്കുന്ന യുഡിഎഫ് കണ്‍വെന്‍ഷനില്‍ ഇന്ന് പി.സി. തോമസ് പങ്കെടുക്കും. ലയനപ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും.പി ജെ ജോസഫ് ചെയര്‍മാനും പി സി തോമസ് ഡെപ്യൂട്ടി ചെയര്‍മാനും മോന്‍സ് ജോസഫ് വൈസ് ചെയര്‍മാനുമാകാനുമാണ് ധാരണ.

പദവികളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ലയനത്തോടെ ജോസഫ് ഗ്രൂപ്പിന്റെ ചിഹ്ന പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണു കരുതുന്നത്. നിലവില്‍ കസേരയാണ് കേരള കോണ്‍ഗ്രസിന്റെ ചിഹ്നം. ഇത് ലഭിക്കുമെങ്കിലും പഴയ ചിഹ്നമായ സൈക്കിളിലേക്ക് മാറാനും ശ്രമം നടക്കുന്നുണ്ട്. യുഡിഎഫിലെ 10 സീറ്റിലാണ് പാര്‍ട്ടി മല്‍സരിക്കുന്നത്.

ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ പല ഘട്ടങ്ങളായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. ഇരു വിഭാഗങ്ങളും മുന്നോട്ടു വച്ചിട്ടുള്ള ധാരണകളെ അടിസ്ഥാനമാക്കിയാകും ലയനത്തിലേയ്‌ക്കെത്തുക. മുമ്പ് എന്‍ഡിഎയിലെത്തിയ തോമസ് ജോസഫിനൊപ്പം ഇടതുമുന്നണിയിലെത്തി. ഇടതുമുന്നണിയില്‍ നിന്ന് അവഗണന നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചു പോയത്. മൂവാറ്റുപുഴയില്‍ വെച്ച് ചൊവ്വാഴ്ചയും ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. സീറ്റ് നിഷേധിച്ചതിനാലാണ് എന്‍ഡിഎ വിടുന്നതെന്ന് പിസി തോമസ് പ്രതികരിച്ചു. എന്‍ഡിഎയുടെ കേരളത്തിലെ ആദ്യ എംപിയാണു താന്‍. എന്നാല്‍ അവഗണന നേരിട്ടു മുന്നണിയില്‍ തുടരില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി രണ്ടിലയാണ് ചിഹ്നമായി ജോസ് വിഭാഗത്തിന് അനുവദിച്ചതേടെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് മുന്നില്‍ പാര്‍ട്ടി ചിഹ്നം ഒരു ചോദ്യചിഹ്നം ആയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം മത്സരിച്ച ചെണ്ട ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ല. ഇതോടെ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്ക് നിലവില്‍ ചിഹ്നം ഇല്ലാത്ത അവസ്ഥയായി. ഇനി സ്ഥാനാര്‍ഥികള്‍ക്ക് എല്ലാം ഒരു ചിഹ്നത്തില്‍ മത്സരിക്കണം എങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയോ ചെയ്യണം. പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് പുതിയ പാര്‍ട്ടി രൂപീകരിച്ച് പുതിയ ചിഹ്നം നേടാനും സാധിക്കില്ല. സ്ഥാനാര്‍ഥികള്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ചും പാര്‍ട്ടി നേതൃത്വം ആലോചിച്ചിരുന്നു. എന്നാല്‍ വിപ്പ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങളും ഇതിന് വെല്ലുവിളി ആകുന്നുണ്ട്. ചിഹ്നം നഷ്ടപ്പട്ടത് തിരിച്ചടിയായി എന്ന് പാര്‍ട്ടി വിലയിരുത്തി.

രജിസ്റ്റര്‍ ചെയ്യാത്ത രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ തെരഞ്ഞെടുപ്പ് ഫണ്ട് സ്വീകരിക്കാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് സൂചന. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പി.സി.തോമസ് കോട്ടയത്ത് മത്സരിച്ചെങ്കിലും ബിജെപി വേണ്ടപോലെ പിന്തുണച്ചില്ലെന്ന് ആരോപണമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിനു സ്വാധീനമുള്ള മേഖലകളിലെ ബിജെപി സ്ഥാനാര്‍ഥികളുടെ വിജയത്തിനു പിന്നില്‍ തന്റെ പാര്‍ട്ടിയാണെന്ന വാദവും തോമസിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *