ധര്‍മടത്ത്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്ഥാനാര്‍ഥിയാകില്ലെന്ന് കെ സുധാകരന്. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന് വ്യക്തമാക്കി. കണ്ണൂര്‍ ഡിസിസി സെക്രട്ടറി സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന് പറഞ്ഞു. സ്ഥാനാര്‍ഥിയെ ഇന്ന് വൈകിട്ടോടെ പ്രഖ്യാപിക്കും.
എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്തേണ്ടതിനാല്‍ മത്സരിക്കാന്‍ കഴിയില്ലെന്ന് സുധാകരന് വ്യക്തമാക്കി.കണ്ണൂരില്‍ അഞ്ച് മണ്ഡലത്തിലും കോണ്‍ഗ്രസിന് ജയിക്കണം. അതിനാണ് താന്‍ മുന്‍തൂക്കം നല്‍കുന്നത്. മത്സരിക്കാനുള്ള ചുറ്റുപാടില്ല. മത്സരിച്ചാല്‍ ജില്ലയിലെ കോണ്‍ഗ്രസിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ഉചിതമാകില്ല. ഇക്കാര്യം കെപിസിസിയെ അറിയിച്ചെന്നും സുധാകരന് വ്യക്തമാക്കി. ജില്ലാ നേതൃത്വത്തിനും സമാന നിലപാടായിരുന്നു.
സി രഘുനാഥിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അഭിപ്രായമെന്നും സുധാകരന്. ധര്‍മടത്ത് മത്സരിക്കാന്‍ കെ സുധാകരന് മേല്‍ കെപിസിസി നേതൃത്വവും കണ്ണൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമ്മര്‍ദം ചെലുത്തിയിരുന്നു. സ്ഥാനാര്‍ഥി ആകാനില്ലെന്നാണ് ഇന്നലെ രാത്രി കെ സുധാകരന് അറിയിച്ചത്. കെ സുധാകരന് സ്ഥാനാര്‍ഥിയാകണമെന്നാണ് ആഗ്രഹമെന്ന് ഇന്ന് രാവിലെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. പിന്നാലെ കണ്ണൂരിലെ പ്രവര്‍ത്തകര്‍ സുധാകരന്റെ വീട്ടിലെത്തി ഇതേ ആവശ്യം ഉന്നയിച്ചു. അപ്പോള്‍ കെ സുധാകരന് പറഞ്ഞത് തനിക്ക് ആലോചിക്കാന്‍ ഒരു മണിക്കൂര്‍ സമയം വേണമെന്നാണ്.
‘ഒരു മുഖ്യമന്ത്രി മത്സരിക്കുന്ന മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ ആലോചിക്കാനുണ്ട്. ഒന്നും ആലോചിക്കാതെ തീരുമാനം എടുക്കാന്‍ പറ്റുമോ? എനിക്കിത് നേതാക്കളും പ്രവര്‍ത്തകരുമായി ആലോചിക്കണം. പല ഭാഗത്ത് നിന്നും സമ്മര്‍ദമുണ്ട്. വരുംവരായ്കകള്‍ ആലോചിച്ച് ഒരു മണിക്കൂറിനുള്ളില്‍ തീരുമാനമെടുക്കും’. കെ സുധാകരന് സ്ഥാനാര്‍ഥിയാകുന്നതില്‍ ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ലെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെ സുധാകരന് മത്സരിച്ചേക്കും എന്ന അഭ്യൂഹം ഉയര്‍ന്നു. പക്ഷേ ഒരു മണിക്കൂര്‍ കഴിഞ്ഞ് സുധാകരന് അറിയിച്ചത് മത്സരിക്കാനില്ലെന്നാണ്.