മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സമ്മര്‍ദം ചെലുത്തി; ഇഡിക്കെതിരെ കേസെടുത്ത് കേരള പൊലീസ്

Breaking Keralam News

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയതിനാണ് കേസ്. കേന്ദ്ര ഏജന്‍സികളും കേരള സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരള പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന കുറ്റം അടക്കമുള്ളവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടി. ശബ്ദം തന്റേതാണെന്ന് സ്വപ്ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. സ്വപ്നയുടെ സുരക്ഷക്കായി നിയോഗിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയും നിര്‍ണ്ണായകമായി. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചത് കേട്ടുവെന്നായിരുന്നു മൊഴി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തെ തുടര്‍ന്നാണ് കേസെടുത്തത്.

തെറ്റായി ഒരാളെ കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ഭാഗമല്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദരേഖ. ശബ്ദരേഖയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇ ഡി 2020 നവംബര്‍ 20ന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. ഈ അന്വേഷണത്തിലാണ് ഇ ഡിക്കെതിരെ സാക്ഷിമൊഴികള്‍ ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *