മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായകനായി അവതരിപ്പിക്കുന്ന ചിത്രത്തില്‍ ബി.ജെ.പി എംപി യും ചലച്ചിത്ര നടനുമായ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകന് അലി അക്ബര്‍. ”സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്ക” എന്ന സോഷ്യല്‍ മീഡിയയിലെ കമന്റിന് മറുപടി പറയവെയാണ് സുരേഷ് ഗോപി അഭിനയിക്കാന്‍ വിസമ്മതിച്ച കാര്യം അലി അക്ബര്‍ തുറന്നു പറഞ്ഞത്. ‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’ എന്ന പ്രതികരണമാണ് അലി അക്ബര്‍ മറുപടിയായി നല്‍കിയത്. അദ്ദേഹം ശരിക്കും NO പറഞ്ഞോ എന്ന അടുത്ത ചോദ്യത്തിന് അതെ എന്നാണ് അലി അക്ബര്‍ പ്രതികരിച്ചത്.
തമിഴ് നടന് തലൈവാസന്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദായി വേഷമിടുന്നത്. മൂന്നു ഷെഡ്യൂളുകളായിട്ടാണ് ചിത്രത്തിന്റെ ചിത്രീകരണം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന വാരിയം കുന്നന് എന്ന സിനിമ സംവിധായകന് ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന് അലി അക്ബര്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ചെയ്യുന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.