കാസര്‍ക്കോട്: നാടിന് ഗുണകരമായവര്‍ വിജയിക്കട്ടെ ഏതെങ്കിലും രാഷ്ട്രീയപ്പാര്ട്ടിയോട് പ്രത്യേക മമതയോ താത്പര്യമോ ഇല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്. ഉദുമയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സി.എച്ച്. കുഞ്ഞമ്പുവിനെയും യു.ഡി.എഫ് സ്ഥാനാര്‍ഥി ബാലകൃഷ്ണന് പെരിയയെയും വേദിയിലിരുത്തിയായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന. നാടിന് ഗുണകരമായവര്‍ വിജയിക്കട്ടെ എന്ന് കാന്തപുരം പറഞ്ഞു. ‘ഏതെങ്കിലും ഒരു പാര്‍ട്ടിയോട് പ്രത്യേക മമതയോ പ്രത്യേക താല്പര്യമോ ഇല്ല. എല്ലാവരും ഒരുമിച്ച് രാഷ്ട്ര നന്മക്കായി പ്രവര്‍ത്തിക്കാം. എന്റെ ഇടതും വലതും രണ്ട് സ്ഥാനാര്‍ഥികള്‍ ഇരിപ്പുണ്ട്. ഇവര്‍ക്ക് ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്താനുണ്ടാകും. കുറേസമയം ഇവരെ ഇരുത്തി അവരുടെ സമയം കളയരുതല്ലോ’ -കാന്തപുരം പറഞ്ഞു.
ജാമിഅ സഅദിയയുടെ രണ്ടാം കാമ്പസായ കുറ്റിക്കോല്‍ സഫ എജുക്കേഷന്‍ സെന്റര്‍ കാമ്പസില്‍ നിര്‍മിച്ച സഫ മസ്ജിദിന്റെ ഉദ്ഘാടന പൊതുസമ്മേളനമായിരുന്നു വേദി. ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്, എ.പി. അബ്ദുല്ല മുസ്ലിയാര് മാണിക്കോത്ത്, സൈനുല്‍ ആബിദീന്‍ മുത്ത്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംസാരിച്ചു. സാംസ്കാരിക സമ്മേളനം കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. സഫ സ്കൂള്‍ പ്രിന്‍സിപ്പല്‍ സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എന്‍.എ. മുഹമ്മദ് കുഞ്ഞി കുറ്റിക്കോല്‍ പതാക ഉയര്‍ത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ അധ്യക്ഷത വഹിച്ചു.