കോവിഡ് ജീവിതം മാറ്റി മറിച്ചപ്പോള്‍ തെരുവില്‍ കപ്പകച്ചവടത്തിനിറങ്ങി അബ്ദുല്‍ കലാം മുസ്ല്യാര്‍

Keralam Life Style News

മലപ്പുറം: കോവിഡും ലോക്ഡൗണും ജീവിതം മാറ്റിമറിച്ചതോടെ കുടുംബംപോറ്റാനായി യമാനി ബിരുദധാരിയായ മുസ്ല്യാര്‍ തെരുവില്‍ കപ്പക്കച്ചവടത്തിനിറങ്ങി. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നതിന് വേണ്ടി മലപ്പുറം ദേശീയപാത പുണര്‍പ്പ സമൂഹ ഓഡിറ്റോറിയത്തിന് സമീപം കപ്പയുമായി തെരുവുകച്ചവടക്കാരന്റെ റോളില്‍ ഇരുന്നിരുന്ന അബ്ദുല്‍ കലാം യമാനി മുസ്ലിയാരെ തേടി അവസാനം ജീവകാരുണ്യ നന്മ കൂട്ടായ്മകളുടെ സഹായ വാഗ്ദാനങ്ങളും വന്നു തുടങ്ങി.

ഇന്നലെ ഇദ്ദേഹത്തിന്റെ കച്ചവട ഫോട്ടോ സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്ത് വൈറലാക്കിയിരുന്നു. ഇതോടെ കച്ചവടം പൊടിപൊടിക്കാനും, ക്ഷേമ മനേ്വഷിച്ച് സെല്‍ഫിയെടുക്കാനും സഹായങ്ങളുമായിട്ടാണ് വിവിധ പ്രദേശത്തു നിന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ എത്തിയത. ജീവ കാരുണ്യ പ്രവര്‍ത്തകരായ ഫിറോസ് കുന്നംപ്പറമ്പില്‍, നാസര്‍ മാനുപങ്ങ് ,നൂറുദ്ധീന്‍ ഷെയ്ക്ക് വയനാട് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍, വിദേശ സംഘടനകളും വീട് വെയ്ക്കാനുള്ള സ്ഥലം, വീട്, കച്ചവട സ്ഥാപനം, ജോലി, കുട്ടികള്‍ക്കള്‍ക്കുള്ള പഠനോപകരണങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്തിട്ടുണ്ട്. കോവിഡ് മൂലം മദ്റസയിലെയും പള്ളിയിലെയും ജോലി ഇല്ലാതായതോടെ ജീവിതം കൂട്ടിമുട്ടിക്കാനായി തെരുവുകച്ചവടക്കാരന്റെ റോള്‍ എടുക്കുകയായിരുന്നു മുസ്ല്യാര്‍.

സ്വന്തമായി വീടില്ല. തച്ചിങ്ങനാടം അരിക്കണ്ടം പാക്ക് നെല്ലൂര്‍ സ്വദേശിയായ ഇദ്ദേഹം യമാനി ബിരുദധാരിയാണ്. മക്കരപറമ്പ വടക്കാങ്ങര വടക്കേ കുളമ്പിലെ ഭാര്യ വീടിന് സമീപത്ത് ക്വാര്‍ട്ടേഴ്സിലാണ് താമസിക്കുന്നത്. റോഡ് സൈഡില്‍ ഇരുന്നു രാവിലെ ഒമ്പതിന് തുടങ്ങുന്ന കച്ചവടം കപ്പ വിറ്റ് തീരുന്നതു വരെ തുടരും. 10 വര്‍ഷമായി പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ മദ്‌റസകളിലും പള്ളികളിലും ജോലി ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി കാസര്‍കോട് കുമ്പളയിലായിരുന്നു. കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും പുതിയ മേച്ചില്‍പുറം തേടാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. കച്ചവടം തുടങ്ങിയിട്ട് അഞ്ചുദിവസമായെന്നും കുഴപ്പമില്ലാതെ നടക്കുന്നുണ്ടെന്നും മുസ്ലിയാര്‍ പറയുന്നു. ഭാര്യ വടക്കാങ്ങര പള്ളിയലില്‍ റഹ്മത്തുന്നീസയും അധ്യാപക യോഗ്യതയുള്ള ബിരുദധാരിയാണ്. വിദ്യാര്‍ഥികളായ രണ്ട് മക്കള്‍ ഉള്‍പ്പെടുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം.

Leave a Reply

Your email address will not be published. Required fields are marked *