മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി സര്‍ക്കാര്‍

Keralam News

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി.

48 മണിക്കൂര്‍ മുമ്പോ കേരളത്തില്‍ എത്തിയ ഉടനെയോ പരിശോധന നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ആര്‍ടിപിസിആര്‍ പരിശോധന നടത്താത്തവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം.

കേരളത്തില്‍ എത്തിയ ശേഷം പരിശോധന നടത്തുന്നവര്‍ ഫലം വരുന്നതുവരെ റൂം ക്വാറന്റീനില്‍ കഴിയണമെന്നും ഉത്തരവില്‍ പറയുന്നു. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും പരിശോധന നിര്‍ബന്ധമാണ്.

ആര്‍ടിപിസിആര്‍ ഫലം നെഗറ്റീവ് ആകുന്നവര്‍ കേരളത്തില്‍ താമസിക്കുന്ന കാലയളവില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇതിനിടയില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യവകുപ്പിനെ അറിയിച്ച് കൃത്യമായി ചികിത്സ തേടണമെന്നും ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞദിവസം മഹാമാരി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 13,000ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഫലം നെഗറ്റീവാണെങ്കിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പണം അനുവദിച്ചു. അഞ്ചുകോടി രൂപ വീതം ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ച് ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കഴിഞ്ഞ ദിവസം 13000ലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. കൂട്ടപ്പരിശോധനയുടെ ഫലം കൂടി ഉള്‍പ്പെടുത്തി വരുന്ന ഞായറാഴ്ചത്തെ കോവിഡ് കണക്കുകളില്‍ പ്രതിദിന കേസുകള്‍ വീണ്ടുമുയരും.

സംസ്ഥാനത്ത് ഒരേ സമയം ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമെന്നും ആശങ്കയുണ്ട്. സ്വകാര്യ മേഖലയെക്കൂടി സഹകരിപ്പിച്ച് ഐസിയു വെന്റിലേററര്‍ സൗകര്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ജില്ലകള്‍ക്കു നിര്‍ദ്ദേശം നല്കി.

രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ടിടത്ത് 3,00,971 പേരുടെ സാംപിളുകള്‍ ശേഖരിച്ചു. ഇതിലെ ഭാഗിക കണക്കുകള്‍ കൂടി ചേര്‍ന്നാണ് ശനിയാഴ്ച സംസ്ഥാനത്തെ റെക്കോര്‍ഡ് പ്രതിദിന വര്‍ധന രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തോളം പരിശോധനാ ഫലം കൂടി ഞായറാഴ്ച ലഭിക്കും. പ്രതിദിന വര്‍ധന 20,000 വരെയാകാമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *