ജയിലില്‍ യാതനകള്‍ അനുഭവിച്ച് സിദ്ധീഖ് കാപ്പന്‍; ഇലക്ഷന്‍ കഴിഞ്ഞില്ലേ ഇനിയെങ്കിലും എന്തെങ്കിലും ഒന്ന് സംസാരിച്ചൂടെയെന്ന് മുഖ്യമന്ത്രിയോട് സിദ്ധീഖ് കാപ്പന്റെ ഭാര്യ

Keralam News

സിദ്ധീഖ് കാപ്പനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ കാവിഡ് രോഗ ബാധിതതനാണ് സിദ്ധീഖ് കാപ്പന്‍. ആശുപത്രിയിലേക്ക് മാറ്റിയ സിദ്ധീഖ് കാപ്പനെ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിലാണ് ആശുപത്രിയില്‍ കിടത്തിയിരിക്കുന്നത്. ശുചിമുറിയില്‍ പോവാന്‍ അനുവദിക്കുന്നില്ല, പകരം ഒരു കുപ്പിയാണ് കൊടുത്തിട്ടുള്ളത്. മുഖമാകെ മുറിവായതു മൂലം തനിക്ക് ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നില്ലെന്നും കാപ്പന്‍ ഭര്യയോട് ഫോണില്‍ പറഞ്ഞു.

തൊണ്ടയിടറിക്കൊണ്ടാണ് സിദ്ധീഖ് കാപ്പന്റെ ഭാര്യ മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പങ്കു വെച്ചത്. പല തവണ ഇക്കാര്യവുമായി റൈഹാനത്ത് മുഖ്യമന്ത്രിയെ കണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. ഇലക്ഷന്‍ കഴിഞ്ഞില്ലേ ഇനിയെങ്കിലും എന്തെങ്കിലും ഒന്ന് സംസാരിച്ചൂടെ എന്നാണ് റൈഹാനത്ത് മുഖ്യമന്ത്രിയോട് ചോദിക്കുന്നത്.

സിദ്ധീഖ് കാപ്പനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തതിലുള്ള പ്രതിഷേധം നിരവധി പ്രമുഖരും പങ്കു വെക്കുന്നുണ്ട്. സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി കേരള സര്‍ക്കാര്‍ ഇനിയെങ്കിലും ഇടപെടാന്‍ തയ്യാറാവണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര സിദ്ധീഖ് കാപ്പനു വേണ്ടി കേരള സര്‍ക്കാരും എം.പിമാരും ഇടപടണമെന്ന് ആവശ്യപ്പെട്ടു.

കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പനെ പോലീസ് അറസ്റ്റു ചെയ്തത്. ഹാഥ്‌റസ് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടയിലാണ് പോലീസി അറസ്റ്റു ചെയ്തത്. ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും യു.എ.പി.എ ചുമത്തിയതിനാല്‍ ജാമ്യം നിഷേധിക്കപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *