മലപ്പുറം: കോടതി വ്യവഹാരങ്ങളില്‍ അന്യായവും പത്രികയുമെഴുതി കാലം കഴിയ്ക്കുന്ന വക്കീല്‍ ഗുമസ്തന്മാരില് നിന്നും സാഹിത്യത്തിനും ചരിത്രത്തിനും വല്ല സംഭാവനകളും ലഭിക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിക്കുമെന്ന് തോന്നുന്നില്ല. എരിയുന്ന കനല്‍ക്കട്ടകള്‍ പോലുള്ള കവിതകളും നാടകവും
രചിച്ച വക്കീല്‍ ഗുമസ്തനായ മഹാകവി ഇേെശ്ശരിക്ക് ശേഷം സര്‍ഗ്ഗാത്മതയുള്ള എഴുത്തുകാരില്ലെന്നാണ് പൊതുധാരണ. അതേ സമയം മലയാളി വായനക്കാര്‍ക്ക് സുപരിചിതനായ എഴുത്തുകാരന് തിരൂര്‍ ദിനേശ് ഒരു വക്കീല്‍ ഗുമസ്തനാണെന്ന് അറിയാവുന്നവര്‍ ചുരുക്കം.
പൊന്നാനി കോടതിയുടെ ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്ന ഇടശ്ശേരിയെ പോലെ മലയാളനോവല്‍ ശാഖയില്‍ ഏറ്റവും കൂടുതല്‍ ജീവചരിത്രനോവലുകള്‍ എഴുതിയ തിരൂര്‍ ദിനേശ് തിരൂര്‍ കോടതിയുടേയും ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു കഴിഞ്ഞു. 1979ല്‍ അഡ്വ: ടി. കൃഷ്ണനുണ്ണിയുടെ ഗുമസ്തനായി വക്കീലാപ്പീസില്‍ കയറിയ തിരൂര്‍ ദിനേശ് ഗുമസ്തപ്പണിക്കിടയില്‍ എഴുതിയത് പതിനാറ് പുസ്തകങ്ങള്‍. ഇതില്‍ പലതും രണ്ടും മൂന്നും പതിപ്പുകളായി പുറത്തിറങ്ങി. ജീവചരിത്ര നോവലുകള്‍ അ
ഞ്ചെണ്ണം. ആറാമത്തെ നോവല്‍ എഴുതിക്കൊണ്ടിരിക്കുന്നു.

തുഞ്ചത്തെഴുത്തച്ഛന്‍, മേല്‍പ്പുത്തൂര്‍ ഭട്ടതിരി, പൂന്താനം, ശങ്കരാചാര്യര്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജീവചരിത്രനോവലുകളാണ് അവ. തിരൂര്‍ സബ്ബ് കോടതിയില്‍ കേസുണ്ടായിരുന്ന സ്വന്തം കക്ഷിയായ ആലിയമ്മുവിന്റെ ജീവിതകഥയും നോവലാക്കി.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങുന്നതാണ് മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ‘തീണ്ടാളന്‍’ എന്ന നോവല്‍ .കുരുക്ഷേത്ര പ്രസിദ്ധീകരിച്ച അഞ്ഞൂറില്‍പ്പരം പേജുള്ള ഈ നോവല്‍ അയ്യങ്കാളി ജയന്തി ദിനമായ ഓഗസ്റ്റ് 28ന് പുറത്തിറങ്ങും. മലബാര്‍ കലാപത്തെക്കുറിച്ചുള്ളതാണ് ആദ്യ ഗ്രന്ഥം. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ ജനുവരിയില്‍ പുറത്തിറങ്ങും. ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന്റെ സ്ഥാപകനും ഡയരക്ടറുമായ തിരൂര്‍ ദിനേശിന്റെ ചരിത്ര സംബന്ധമായ കണ്ടെത്തലുകള്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
കേരളത്തിലെ തകര്‍ന്ന ക്ഷേത്രങ്ങളുടെ ചരിത്രം പത്ത് വാല്യങ്ങളായി തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ആദ്യത്തെ രണ്ട് വാല്യങ്ങളും ഒന്നാം വാല്യത്തിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തിറങ്ങി. മൂന്ന് ,നാല് വാല്യങ്ങള്‍ പുറത്തിറങ്ങാനിരിക്കുന്നു. തിരൂര്‍ ദിനേശിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കോഴിക്കോട് ത്രസദസ്യു പബ്ലിക്കേഷന്‍സ് എന്ന ഒരു പുസ്തക പ്രസാധക കമ്പനി തന്നെ തുടങ്ങിയിട്ടുണ്ട്.ഇവരാണ് തകര്‍ന്ന ക്ഷേത്രങ്ങളുടെ പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്നത്.പല പുസ്തകങ്ങളും അന്താരാഷ്ട്ര പുസ്തകവിതരണ കമ്പനിയായ ആമസോണ്‍ വഴിയാണ് വില്‍പ്പന. തുഞ്ചത്തെഴുത്തച്ഛനെക്കുറിച്ചുള്ള നോവല്‍ ആമസോണ്‍ കിന്ഡല് സ്റ്റോര്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോടതിയെഴുത്തുമുതല് ചരിത്രമെഴുത്തു വരെയുള്ള തിരക്കുകള്‍ക്കിടയിലും മൂന്നു പതിറ്റാണ്ട് പ്രാദേശിക മാദ്ധ്യമപ്രവര്‍ത്തനത്തിലും സജീവമാണ്. കേരളത്തിലെ മികച്ച പ്രാദേശിക പത്ര പ്രവര്‍ത്തകനുള്ള കുന്നംകുളം പ്രസ്സ് ക്ലബ്ബ് പുരസ്കാരം, മലയാള നന്മ പുരസ്കാരം, സാഹിത്യത്തിലും ചരിത്രത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് തുഞ്ചത്തെഴുത്തച്ഛന്‍ ശ്രേഷ്ഠ പുരസ്കാരം, സരസ്വതി പുരസ്കാരം, വേദായനം പുരസ്കാരം, തപസ്യ നവരാത്രി പുരസ്കാരം എന്നിവ തിരൂര്‍ ദിനേശിനെ തേടിയെത്തിയിട്ടുണ്ട്. വേദ ബുക്സിനു വേണ്ടി ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന നോവലിനു ശേഷം ബ്രിട്ടീഷുകാര്‍ വെടിവെച്ചു കൊന്നവയനാട്ടിലെ ആദിവാസി ‘കരിന്തണ്ട ‘ ന്റെ ജീവിതകഥ നോവലാക്കാന്‍ ആഗ്രഹിക്കുന്നതായും ദിനേശ് പറഞ്ഞു.

ധാരാളം യാത്ര ചെയ്തും അഭിമുഖങ്ങള്‍ നടത്തിയും രേഖകളും പുസ്തകങ്ങളും വായിച്ചുമാണ് ഓരോ ജീവചരിത്ര നോവലും രചിക്കുന്നത്.രമയാണ് ഭാര്യ. തിരൂരില്‍ അഭിഭാഷകനായ പി.ശ്രീഹരി, അദ്ധ്യാപികയായ ശ്രീലക്ഷ്മി, നര്‍ത്തകിയായ കൃഷ്ണാദിനേശ് ആര്.എല്‍.വി. എന്നിവരാണ് മക്കള്‍.