നജ്മ ഹമീദ്
മൂന്നാര്‍: വട്ടവട പഴത്തോട്ടം സ്വദേശി ജെയിംസിന് പുനര്ജന്മം. പച്ചക്കറി കര്‍ഷകനായിരുന്നു ജെയിംസ്. തന്റെ കൃഷിയിടത്തെ വന്യമൃഗങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടി രാത്രിയില്‍ ഇവിടെ സ്ഥിരമായി കാവല്കിടക്കാറുണ്ടായിരുന്നു. പതിവുപോലെ ഉറങ്ങുന്നതിനിടെ ഷെഡ്ഡ് തകര്‍ന്നു വീണപ്പോഴാണ് അദ്ദേഹം എണീറ്റു നോക്കിയത്. ആ കാഴ്ച അദ്ദേഹത്തിന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. താന്‍ ചെന്നുപെടുന്നത് കാട്ടാനകളുടെ മുന്പില്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മരക്കൊമ്പില്‍ വസ്ത്രം കുരങ്ങി നിലത്തു വീണു. ഒടുവില്‍ ഒരു വിധത്തില്‍ ഷെഡിനുള്ളില്‍ കയറി അപ്പോഴേക്കും അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. രാവിലെ കുറേ നേരമായിട്ടും ഭര്‍ത്താവിനെ കാണാഞ്ഞിട്ടു അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ തിരഞ്ഞു കൃഷിയിടത്തില്‍ എത്തുകയായിരുന്നു. ഈ സമയവും കാട്ടാനക്കൂട്ടം ഇവിടെ ഉണ്ടായിരുന്നു. ഷെഡ്ഡ് പൊളിഞ്ഞു കിടക്കുന്നത് കണ്ട് പരിഭ്രാന്തരായ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയും പടക്കം പൊട്ടിച്ച് ആനകളെ ഓടിച്ചതിനു ശേഷം ബോധമറ്റ് കിടക്കുന്ന ജയിംസിനെ വട്ടവട പി എച്ച് സി യില്‍ എത്തിച്ചു. പ്രഥമ ചികത്സക്ക് ശേഷം ഡാറ്റ ടീ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.