അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമീപത്തെ സമാന്തര സേവന കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയെടുക്കും

Local

എറണാകുളം: എറണാകുളം ജില്ലയില്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് സമീപം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സമാന്തര സേവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ ജില്ല കളക്ടര്‍ എസ് സുഹാസ് നിര്‍ദേശം നല്‍കി. അക്ഷയ, അക്ഷര, ഇ-കേന്ദ്രം, ജന സേവന എന്നീ പേരുകളില്‍ അറിയപ്പെടുന്ന സ്ഥാപനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ ആണെന്ന ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇ-ഡിസ്ട്രിക്ട് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ നല്‍കാന്‍ ഇത്തരം സമാന്തര കേന്ദ്രങ്ങള്‍ക്ക് അനുമതിയില്ല. ഓപ്പണ്‍ പോര്‍ട്ടലിലൂടെ രജിസ്‌ടേഷന്‍ നടത്തി പൊതു ജനങ്ങള്‍ക്ക് ഇ-ഡിസ്ട്രിക്ട് സേവനം ലഭിക്കുന്നതിനുള്ള സൗകര്യം ദുരുപയോഗപ്പെടുത്തിയാണ് അംഗീകാരമില്ലാത്ത ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം. നിരവധി പരാതികളാണ് ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരെ ജില്ല ഓഫീസില്‍ ലഭിച്ചിട്ടുള്ളത്. പല ഓണ്‍ലൈന്‍ കേന്ദ്രങ്ങളും ജനങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായി ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. പൊതു ജനങ്ങളുടെ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഓപ്പണ്‍ പോര്‍ട്ടലിലൂടെ പ്രതിമാസം 10 ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ ലഭിച്ചിരുന്നത് അഞ്ചായി കുറച്ചിട്ടുണ്ട്.

കേരളത്തിലെ വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് അക്ഷയ പ്രോജക്ട് നടപ്പാക്കുന്നത്. നിലവില്‍ ഒരു പഞ്ചായത്തില്‍ നാല് അക്ഷയ ഇ- കേന്ദ്രങ്ങളും നഗരസഭയില്‍ ആറ് കേന്ദ്രങ്ങളും കോര്‍പ്പറേഷനില്‍ ആവശ്യാനുസരണവും അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് നല്‍കുന്നത്.

1.5 കിലോമീറ്റര്‍ ദൂരപരിധി കണക്കാക്കിയാണ് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. അതിനാല്‍ സമാന്തര സേവന കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നും നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കി സമാന്തര ഓണ്‍ലൈന്‍ സൈവന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *