ഇന്ധനവില വര്‍ധനവില്‍ പ്രതിസന്ധിയിലായി ബസ്സുടമകള്‍; മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുമ്പില്‍ നില്‍പ്പു സമരം നടത്തി

Local News

മലപ്പുറം: അനുദിനം വര്‍ധിച്ചു കൊണ്ടു കൊണ്ടിരിക്കുന്ന ഇന്ധന വില വര്‍ധനവിനെതിരെ പ്രതിഷേധവുമായി മലപ്പുറം ജില്ലയിലെ ബസ് ഉടമകള്‍. ഇന്ന് രാവിലെ 10 മണിക്കാണ് ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം ദൂരദര്‍ശന്‍ കേന്ദ്രത്തിനു മുമ്പില്‍ നില്‍പ്പു സമരം നടത്തിയത്. നില്‍പ്പു സമരം പി. ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് കെ.വി അബ്ദു റഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു.

പൊതു ഗതാഗതം സംരക്ഷിക്കുക, കേന്ദ്ര കേരള സര്‍ക്കാരുകളുടെ ഇന്ധന നികുതി ഒഴിവാക്കുക, പൊതു ഗതാഗതത്തിന് ഇന്ധന വിലയില്‍ ഇളവുകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കര കയറുന്നതിനു മുമ്പേയുള്ള ഇന്ധന വില വര്‍ധനവ് ബസ് വ്യവസായത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല ബസ്സുകളും നഷ്ടത്തിലാണ് സര്‍വീസ് നടത്തുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പോലും കഴിയാത്തതിനെ തുടര്‍ന്ന് സര്‍വ്വീസ് നിര്‍ത്തി വെച്ച വാഹനങ്ങളും സംസ്ഥാനത്ത് ഏറെയുണ്ട്.

ഇന്ധനവില വര്‍ധനവ് ജനജീവിതത്തെ ദുസ്സഹമാക്കി. ഡീസല്‍ വില വര്‍ധനവ് വളരെയധികം ബാധിക്കുന്ന മേഘലയാണ് ബസ് വ്യവസായം. ഇന്ധനവില കമ്പനികള്‍ വര്‍ധിപ്പിക്കുന്നത് പോലെ ബസ്സുടമകള്‍ക്ക് അവരുടെ ചാര്‍ജ്ജ് വര്‍ധിപ്പിക്കാന്‍ സാധിക്കില്ലെന്നും പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. ഭീമമായ ടാക്‌സും ഇന്‍ഷുറന്‍സും അടച്ച് സര്‍വീസ് നടത്തുന്ന തങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് ബസ്സുടമകളും ആവശ്യപ്പെട്ടു.

ഇന്ന് തുടര്‍ച്ചയായ പതിനൊന്നാം ദിവസത്തിലും ഇന്ധന വില വര്‍ധിച്ചിരുന്നു. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 91 രൂപ 76 പൈസയും ഡീസലിന് 86 രൂപ 26 പൈസയുമാണ്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതി വര്‍ധിക്കുന്നതോടെ സാധാരണക്കാരന്‍ ഏറെ പ്രതിസന്ധിയിലാണ്. ഇന്ധനവില വരും ദിവസങ്ങളിലും വര്‍ധിക്കുമെന്ന സൂചനകളാണ് കമ്പനികള്‍ നല്‍കുന്നത്.

എം.സി കുഞ്ഞിപ്പ, പി.കെ മൂസ, വി.പി ശിവാകരന്‍ മാസ്റ്റര്‍, കുഞ്ഞിക്ക കൊണ്ടോട്ടി തുടങ്ങിയവര്‍ സമര പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *