
മലപ്പുറം: യാതൊരു നിര്‍മ്മാണവും നടത്താന്‍ കഴിയാത്ത ഭൂമി ഇടതുപക്ഷ നേതാക്കളുടെ താല്പര്യപ്രകാരം വന്‍ വില കൊടുത്തു വാങ്ങിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. തുച്ഛമായ വിലയുള്ള 11 ഏക്കര്‍ ഭൂമിയാണ് സെന്റിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപ നിശ്ചയിച്ച് 17.6 കോടി രൂപക്ക് വാങ്ങാന്‍ തീരുമാനിച്ചത്. ഈ ഭൂമി യാതൊരു നിര്‍മ്മാണവും നടത്താന്‍ അനുയോജ്യമല്ലെന്ന് നാട്ടുകാര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നിര്‍മാണെന്ന് റിപ്പോര്‍ട്ട് നല്കി. ശേഷം ശ്രീ. കെ.ടി ജലീല്‍ ഉന്നത വിദ്യഭ്യാസ മന്ത്രിയായിരുന്നപ്പോള്‍ ഭൂമിക്ക് പണമനുവദിച്ചു. ഫിറോസ് പറയുന്നു.
ഇപ്പോള്‍ നാട്ടുകാരുടെ ആരോപണം കോടതിയും ശരി വെച്ചിരിക്കുകയാണ്. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞതും സി.ആര്.ഇസെഡിലും ബഫര്‍ സോണിലും ഉള്‍പ്പെട്ടതുമായ ഭൂമിയില്‍ യാതൊരു വിധ നിര്‍മ്മാണവും സാധ്യമല്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ എക്സ്പേര്‍ട്ട് കമ്മിറ്റി പറഞ്ഞിട്ടുണ്ട്.
ഇടതുപക്ഷ എം.എല്‍. എയുടെ ബന്ധുക്കളുടെയും ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെയും അദ്ധേഹത്തിന്റെ ബന്ധുക്കളുടെയും ഭൂമിയാണ് കൊള്ള വിലക്ക് വാങ്ങിയിട്ടുള്ളത്. ഈ അഴിമതിയില്‍ ശ്രീ. കെ.ടി ജലീലിനും സി.പി.എമ്മിനും എത്ര പങ്ക് ലഭിച്ചു എന്നത് മാത്രമേ അന്വേഷണത്തിലൂടെ ഇനി അറിയാനുള്ളൂ. മലപ്പുറത്ത് സി.പി.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി പേയ്മെന്റ് സീറ്റിലൂടെ രംഗത്ത് വരുന്ന പണക്കാര്‍ക്ക് ഇത്തരം വഴികളിലൂടെ പണമുണ്ടാക്കാനുള്ള അവസരം പാര്‍ട്ടി നല്‍കുകയാണെന്നും ഫിറോസ് ആരോപിച്ചു.