ക്യാമ്പസുകളില്‍ പൂര്‍വ്വവിദ്യാര്‍ഥി സംഗമങ്ങള്‍ വ്യാപകമായത് ഈ സിനിമ പുറത്തിറങ്ങിയതോടെ, 14വര്‍ഷം മുമ്പ് പുറത്തിറങ്ങിയ
ഈ സിനിമയെ കുറിച്ച്

Feature More

കൊച്ചി: മലയാളത്തിലെ ഏറ്റവും മികച്ച കാമ്പസ് സിനിമ ഏതാണ്. ഭൂരിഭാഗം മലയാളികളും രണ്ടിലൊന്ന് ആലോചിക്കാതെ പറയുന്നഉത്തരമാണ് ‘ക്ലാസ്‌മേറ്റ്‌സ്’ മലയാളികള്‍ ഇപ്പോഴും മൂളിനടക്കുന്ന എറെ ഖല്‍ബിലെ വെണ്ണിലാവ് നീ… എന്ന പാട്ടും മികച്ച ക്യാമ്പസ് സോങായിമാറിയ സാഹചര്യമുണ്ടായി. മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഈ സിനിമ പുറത്തിറങ്ങിയിട്ട് നിലവില്‍ 14വര്‍ഷമായി. കോളജുകളിലും ഹൈസ്‌കൂളുകളിലും പൂര്‍വ്വവിദ്യാര്‍ഥി സംഗമങ്ങള്‍ വ്യാപകമായി നടന്ന ഈ സിനിമ പുറത്തിറങ്ങിയതോടെയാണ്.


കലാലയ ജീവിതം ആഘോഷിച്ചവര്‍ക്കായ്, ആഘോഷിക്കാന്‍ സാധിക്കാത്തവര്‍ക്കായ്, ഇനി ആഘോഷിക്കാന്‍ പോകുന്നവര്‍ക്കായ് ‘ക്ലാസ്‌മേറ്റ്‌സ്’, ഓര്‍മ്മകളുടെ ആഘോഷം എന്ന വിവരണത്തോടെയായിരുന്നു 2006 ഓഗസ്റ്റ് 25ന് ക്ലാസ്‌മേറ്റ്‌സ് എന്ന സിനിമയുടെ പരസ്യമെത്തിയത്. ജയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയില്‍ ലാല്‍ ജോസ് ഒരുക്കിയ ചിത്രം. പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തും കാവ്യ മാധവനും നരേനും രാധികയുമൊക്കെ അണിനിരന്ന ചിത്രം ഇന്നും ഏവരുടേയും പ്രിയപ്പെട്ട സിനികളിലൊന്നാണ്, പ്രത്യേകിച്ച് കോളേജ് ജീവിതം ഓര്‍മ്മത്താളുകളില്‍ മയില്‍പ്പീലി പോലെ സൂക്ഷിക്കുന്നവര്‍ക്ക്. മലയാളികള്‍ക്ക് ചാമരം, സര്‍വ്വകലാശാല എന്നീ കാമ്പസ് സിനിമകള്‍ക്ക് ശേഷം ലഭിച്ചൊരു എവര്‍ഗ്രീന്‍ കാമ്പസ് സ്റ്റോറിയായിരുന്നു ക്ലാസ്‌മേറ്റ്‌സ്. സംവിധായകന്‍ ലാല്‍ ജോസിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് ക്ലാസ്‌മേറ്റ്‌സ് വിലയിരുത്തപ്പെടുന്നത്. കോളേജ് കാലത്തെ പ്രണയവും രാഷ്ട്രീയവും ചതിയും ഇണക്കങ്ങളും പിണക്കങ്ങളും കൂടിച്ചേരലുമെല്ലാം അതിവിദഗ്ധമായി സമ്മേളിപ്പിച്ച സിനിമയായിരുന്നു ചിത്രം, അതോടൊപ്പം തന്നെ നല്ലൊരു ത്രില്ലറുമായിരുന്നു. 3.4 കോടി രൂപയായിരുന്നു സിനിമയുടെ ബജറ്റ്. ബോക്‌സോഫീസില്‍ നിന്ന് 25 കോടിയോളം രൂപ ചിത്രം നേടുകയുമുണ്ടായി.

എന്റെ ഖല്‍ബിലെ വെണ്ണിലാവ് നീ…’, ‘കാത്തിരുന്ന പെണ്ണല്ലേ…’, ‘കാറ്റാടിത്തണലും…’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അലക്‌സ് പോളായിരുന്നു സിനിമയുടെ സംഗീതം. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയ്ക്കുള്ള ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും ജയിംസ് ആല്‍ബര്‍ട്ടിനും ലഭിക്കുകയുണ്ടായി. സുകുമാരനും പയസും മുരളിയും സതീശനും വാലു വാസുവും താരയും റസിയയും എസ്തപ്പാനച്ചനും പഴന്തുണിയും ഇന്നും സിനിമാ പ്രേക്ഷകരുടെ ഉള്ളിന്നുള്ളിലുണ്ട്. മാത്രമല്ല കേരളത്തില്‍ കോളേജ് റീയൂണിയനുകള്‍ ഏറെ തരംഗമായി മാറിയത് ഈ സിനിമ ഇറങ്ങിയതിന് ശേഷമായിരുന്നു.
അടുത്തിടെ ക്ലാസ്‌മേറ്റ്‌സിന്റെ ഓര്‍മ്മപുതുക്കിക്കൊണ്ട് പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും നരേനും രംഗത്തെത്തിയിരുന്നു. കൊറോണയെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേറ്റ് ചെയ്തിരിക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയായിരുന്നു ഇവരുടെ ഓര്‍മ്മപുതുക്കല്‍. വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ടുകളും ഏവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *