കേരളത്തിലെ കൊവിഡ് സാഹചര്യം ഗുരുതരമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേന്ദ്ര സംഘം കേരളവും മഹാരാഷ്ട്രയും സന്ദര്‍ശിക്കും. രാജ്യത്തെ 75 ശതമാനം കേസുകളും ഇരു സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ കേരളത്തില്‍ വൈറസിന്റെ രണ്ട് വകഭേദം കൂടി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് രാജ്യത്ത് തന്നെ പ്രതിദിന കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ കേസുകളുടെ 38 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ ഇത് 37 ശതമാനവും, കര്‍ണാടകയില്‍ 4 ശതമാനവുമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പഞ്ചാബിലും സ്ഥിതി ആശങ്കാജനകമാണ്. രോഗവ്യാപനം രൂക്ഷമായ കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തും.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പോസിറ്റിവിറ്റി നിരക്കില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിനിടെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയ N440 K, E484 K എന്ന കോവിഡിന്റെ വകഭേദം കേരളത്തിലും, തെലങ്കാനയിലും ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, മഹാരാഷ്ട്രയിലും കേരളത്തിലും തുടരുന്ന രോഗവ്യാപനം ഇത് മൂലമാണെന്ന് പറയാന്‍ പറ്റില്ലെന്ന് നീതി ആയോഗ് അംഗം ഡോക്ടര്‍ വികെ പോള്‍ പറഞ്ഞു.