
സത്യവും അര്‍ധസത്യവും കൊണ്ട് പൊതിഞ്ഞ കുറെ അവാസ്തവങ്ങളും അപ്രായോഗികവുമായ കാര്യങ്ങളുടെ കൂട്ടമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ശബ്ദ ശകലമെന്ന് ഡോ. നെല്‍സണ്‍ ജോസഫ്. ഒരു പകര്‍ച്ചവ്യാധി വരുമ്പോള്‍ അത് കഴിയുന്ന വേഗത്തില്‍ തുടച്ചു നീക്കാനാണ് നമ്മള് ശ്രമിക്കേണ്ടത്. കൊവിഡ് വന്ന് മരിച്ചവരൊക്കെ കൊവിഡ് കാരണമല്ല മരിച്ചത്, മരിച്ചവര്‍ക്കൊക്കെ കൊവിഡ് ഒരു അനുബന്ധ കാരണം മാത്രമാണ് എന്ന രീതിയിലുള്ള പ്രചരണം പലയിടത്തും കണ്ടു. പക്ഷേ, കോവിഡ് വന്നില്ലായിരുന്നുവെങ്കില്‍ അവര്‍ മരിക്കുമായിരുന്നോ എന്നാണെന്റെ മറു ചേദ്യം. ഉത്തരം ഇല്ല എന്നാണെങ്കില്‍ തീര്‍ച്ചയായും നമ്മള് കോവിഡിനെ പ്രതിരോധിക്കേണ്ടതുണ്ട്.
ഡോ. നെല്‍സണ്‍ ജോസഫ് എഴുതിയ പോസ്റ്റ് വായിക്കാം..
എന്റെ അമ്മ പത്താം ക്ലാസ് തോറ്റതാണ്.
പക്ഷേ ചിലപ്പൊ വലിയ പഠിപ്പും വിവരവും ഉള്ള ആളുകള്‍ പറയുന്നതിനെക്കാള്‍ സെന്‍സ് അമ്മ പറയുന്നതില്‍ ഉണ്ടെന്ന് തോന്നും.
ഒരു റിട്ടയേഡ് മെഡിക്കല്‍ കോളജ് പ്രഫസര്‍ പറഞ്ഞതിനെക്കുറിച്ച് അമ്മ പറഞ്ഞത് കേട്ടപ്പൊഴും ഇന്നലെ അങ്ങനെ തോന്നി.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒരു വീഡിയോ ക്ലിപ്പ് കണ്ടിട്ടുണ്ടാവും നിങ്ങള്‍ മിക്കവരും. ഒരു ബഹുമാന്യനായ റിട്ടയേര്‍ഡ് പ്രഫസര്‍ നമ്മുടെ കൊവിഡ് പ്രതിരോധം തെറ്റായ രീതിയിലാണ് എന്ന് പറയുന്നൊരു ക്ലിപ്പ്.
പത്രത്തിലും അതേ ആശയങ്ങള്‍ അടങ്ങിയ ഒരു കുറിപ്പ് വായിച്ചിരുന്നു.
കൊവിഡ് വന്ന് മരിച്ചവരൊക്കെ കൊവിഡ് കാരണമല്ല മരിച്ചത്, മരിച്ചവര്‍ക്കൊക്കെ കൊവിഡ് ഒരു അനുബന്ധ കാരണം മാത്രമാണ് എന്നാണ്. ഏറ്റവും പ്രധാനമായിട്ട് ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യം പോഷകാഹാരക്കുറവാണ്.
അതെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പൊ അമ്മ ചോദിച്ച ചോദ്യമുണ്ട്. വളരെ സിമ്പിളാണ് ആ ചോദ്യം.
‘കഴിക്കണം എന്ന് ആഗ്രഹമില്ലാഞ്ഞിട്ടായിരുന്നോടാ അന്ന് കഴിക്കാതിരുന്നത്, എല്ലാരും പോഷകാഹാരം കഴിക്കണം എന്ന് മാത്രം പറഞ്ഞാല്‍ ആഹാരം ഉണ്ടായി വരുമോ?’ എന്നായിരുന്നു.
പോഷകാഹാരക്കുറവുള്ള കോടാനുകോടികളും അവര്‍ക്ക് പോഷകാഹാരം കഴിക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടും ഇഷ്ടമില്ലാഞ്ഞിട്ടുമൊന്നുമല്ലല്ലോ കഴിക്കാതിരുന്നത്. അവരുടെ തെറ്റു കൊണ്ടുമാവില്ല. അപ്പൊ അത്തരം മനുഷ്യര്‍ക്ക് കൊവിഡ് വന്നാല്‍?
‘അവര്‍ക്കൊന്നും നമ്മുടെ ലെവലില്‍ നിന്ന് ചിന്തിക്കാന്‍ പറ്റില്ലായിരിക്കുമെടാ’ എന്നായിരുന്നു അമ്മയുടെ വിശദീകരണം.
ആ ക്ലിപ്പിനെക്കുറിച്ച് ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ സത്യവും അര്‍ധസത്യവും കൊണ്ട് പൊതിഞ്ഞ കുറെ അവാസ്തവങ്ങളും അപ്രായോഗികവുമായ കാര്യങ്ങളുടെ കൂട്ടമാണ് എന്നേ പറയാന്‍ പറ്റൂ.
ഉദാഹരണത്തിനു നമ്മള് ഇപ്പൊ പറഞ്ഞ കാര്യം തന്നെ എടുക്കാം. പോഷകാഹാരക്കുറവ് ഒരു ദിവസം കൊണ്ടോ ഒരാഴ്ചകൊണ്ടോ പരിഹരിച്ച് തീര്‍പ്പാക്കാന്‍ പറ്റിയ കാര്യമല്ല. അതൊരു ദീര്‍ഘകാല ലക്ഷ്യമാണ്.
വെള്ളപ്പൊക്കം ഉണ്ടായാല്‍ തല്ക്കാലം വെള്ളം എത്താത്ത എങ്ങോട്ടെങ്കിലും മാറണം. അല്ലാതെ നാട്ടിലുള്ളവരെ എല്ലാവരെയും നീന്തല്‍ പഠിപ്പിക്കുകയാണ് വേണ്ടത് എന്നല്ലല്ലോ പറയേണ്ടത്.
ഇപ്പോള്‍ ചെയ്യേണ്ടത് കൊവിഡ് നിയന്ത്രിക്കുകയും ഒരേ സമയം ഒരുപാട് ആളുകള്‍ക്ക് ബാധിക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കുകയും വരുന്നവരെ കൃത്യമായി ചികില്സിക്കുകയുമൊക്കെയാണ്.
കൊവിഡ് എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം ആരും മരണപ്പെട്ട് കണ്ടിട്ടില്ല എന്ന് അദ്ദേഹം പറയുന്നു.
എട്ട് ലക്ഷത്തോളം ആളുകള്‍ മരണപ്പെട്ട ഒരു അസുഖത്തെക്കുറിച്ച് അങ്ങനെ സംസാരിക്കുമ്പൊ ഇവിടെ കേരളത്തിലെ ഏതാനും കേസുകള്‍ മാത്രം നോക്കിയ ശേഷമാവരുത് അങ്ങനെ പറയേണ്ടത്. കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനമുണ്ടാവണം.
ഇനി കൊവിഡ് വന്നില്ല എന്നിരിക്കട്ടെ, അവര്‍ ഇപ്പൊ മരണപ്പെടുമായിരുന്നിരിക്കുമോ? ഇല്ല എന്നാണ് ഉത്തരമെങ്കില്‍ മരണ കാരണം കൊവിഡ് അല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും…
വെന്റിലേറ്ററും ഐ.സി.യുകളും വാങ്ങിക്കൂട്ടുന്നതിനെ എതിര്‍ക്കുന്നതിന്റെ തൊട്ട് താഴെത്തന്നെ പുതിയ വൈറസായതിനാല്‍ ഒരേസമയം ഒരുപാട് പേര്‍ക്ക് ബാധിക്കാന്‍ സാദ്ധ്യതയുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.
ഒരേ സമയം ഒരുപാട് പേര്‍ക്ക് ബാധിക്കാന്‍ സാദ്ധ്യതയുള്ളപ്പൊ അതിന് വേണ്ട തയാറെടുപ്പുകള്‍ നടത്തേണ്ടതും ലോജിക്കലായ ഒരു സ്റ്റെപ്പ് മാത്രമല്ലേ?
പ്രായമാവുന്നവര് രക്ഷപ്പെടുന്ന കാര്യമെടുത്താല്‍ തന്നെ അവരുടെ ‘ പ്രതിരോധ ശേഷി ‘ മാത്രം കൊണ്ടല്ലാതെ വെന്റിലേറ്റര്‍ സൗകര്യം ഉപയോഗപ്പെടുത്തി മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ കൃത്യമായ പരിചരണം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച് വന്നത് ഈ കേരളത്തില്‍ തന്നെയല്ലേ?
പലതും കേള്‍ക്കുമ്പൊ ആദ്യം ആലോചിക്കാറുള്ളത് പണ്ട് എങ്ങനെ കഴിഞ്ഞിരുന്നു എന്നതാണ്. അതുകൊണ്ട് തന്നെ പാന്ഡമിക്കിനെക്കുറിച്ച് ചിന്തിക്കുമ്പൊഴും പലതും ഓര്‍മിക്കാറുണ്ട്.
അപ്പൊ ഒറ്റമുറിക്കാരനും ടാര്പ്പോളിന് വിരിച്ചവരും എങ്ങനെ സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പാലിക്കുമെന്ന്. അത്താഴപ്പട്ടിണിക്കാരന് എങ്ങനെ മാസ്ക് വാങ്ങുമെന്ന്. വെള്ളം കോരാന്‍ കിലോമീറ്റര്‍ നടക്കേണ്ടവര്‍ എങ്ങനെ കൂടെക്കൂടെ കൈ കഴുകുമെന്ന്..
അതുപോലെ തന്നെയാണ് പോഷകാഹാരക്കുറവാണ് പരിഹരിക്കേണ്ടത് എന്ന വാചകം കേള്‍ക്കുമ്പൊഴും തോന്നുന്നതും.
പോഷകാഹാരക്കുറവുള്ളവര്‍, മറ്റ് രോഗങ്ങളുള്ളവര്‍, പ്രായം ചെന്നവര്‍, അവരൊക്കെ മറ്റ് ഏതെങ്കിലും രോഗം വന്നാലും മരണപ്പെടുമായിരുന്നു എന്ന് പറഞ്ഞ് നമുക്ക് മാറി നില്ക്കാന് പറ്റില്ല.
പറ്റുമായിരിക്കും..മരിക്കുന്നവര്‍ വെറും സംഖ്യകളായി മാത്രം മുന്നില്‍ വരുമ്പൊ.
പക്ഷേ അദ്ദേഹം പറഞ്ഞ ആ 0.1% ല്‍ ഒരാള്‍ നമ്മുടെ ആരെങ്കിലും ആവുമ്പൊഴാണ് അവര്‍ക്കൊരു മുഖമുണ്ടാവുന്നതും ആ ആയിരത്തില്‍ ഒന്ന് എന്ന ചാന്‍സ് പോലും സഹിക്കാന്‍ ചിലപ്പൊ പറ്റാതിരിക്കുന്നതും.
ഭീതിപരത്തലും അമിത നിസാരവല്‍ക്കരണവും ചെയ്യുന്നത് ഒരേ കാര്യം തന്നെയാണ്..ദ്രോഹം.
സ്വീഡന്റെ കാര്യം അടക്കം എഴുതാന്‍ കുറച്ചധികമുണ്ടെങ്കിലും ചുരുക്കുന്നു.
അമ്മ പറഞ്ഞ പോലെ, പാന്ഡമിക്കിനെക്കുറിച്ച് പറയുമ്പൊഴും തീരുമാനങ്ങളെടുക്കുമ്പൊഴും, അത് നിയന്ത്രിക്കാനുള്ള സ്ട്രാറ്റജികളെക്കുറിച്ചായിരുന്നാലും ശരി, മറ്റ് എന്തിനെക്കുറിച്ചായിരുന്നാലും ശരി,
ആ ഏറ്റവും താഴത്തെ ലെവലില്‍ ഉള്ളവരെക്കുറിച്ചൂടി ആലോചിച്ചിട്ട് വേണം സംസാരിക്കാനും തീരുമാനങ്ങളെടുക്കാനും.