അവസരങ്ങള്‍ ഒരിക്കലും ഒരുപെണ്ണിനെ അന്വേഷിച്ച് ഇങ്ങോട്ടുവരില്ല. എം.എ. ഷഹനാസിന്റെ ജീവിതം പഠിപ്പിക്കുന്നത്

Writers Blog

കോഴിക്കോട്: ഷഹനാസ് എന്ന പേരിനു ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്ന അര്‍ത്ഥമായിരിക്കും കൂടുതല്‍ യോജിക്കുന്നത്. (ഷഹനാസ് എന്ന പേര്‍ഷ്യന്‍ പേരിന്റെ അര്‍ത്ഥം രാജാവിന്റെ അഭിമാനം എന്നാണ്.. )
വളരാന്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യങ്ങള്‍ കിട്ടിയില്ലെന്ന് മൂക്കുപിഴിയുന്ന പെണ്ണുങ്ങളോട് ഒരുവാക്ക്, നിങ്ങള്‍ ഷഹനാസിന് പഠിക്കുക, വിജയം നിങ്ങളുടെ പിന്നാലെ വരും. ‘നിങ്ങള്‍ ഒരു പെണ്ണാണോ, അവസരങ്ങള്‍ നിങ്ങള്‍ക്ക് ആരും വിളമ്പിത്തരില്ല, അത് നിങ്ങള്‍ സ്വയം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്’, ജീവിതത്തിലെ നേട്ടങ്ങളെക്കുറിച്ചു ചോദിക്കുന്നവരോട് ഷഹനാസിന്റെ മറുപടി ഇതായിരിക്കും. അവസരങ്ങള്‍ ഒരിക്കലും ഒരുപെണ്ണിനെ അന്വേഷിച്ച് ഇങ്ങോട്ടുവരില്ലെന്നതാണ് ജീവിതം ഷഹനാസിനെ പഠിപ്പിച്ചത്. മുന്നോട്ട് വെയ്ക്കുന്ന ഓരോ അടിയിലും സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു എന്ന ഉത്തമബോധ്യവും അവര്‍ക്കുണ്ട്.

ഓര്‍ക്കാന്‍ ഒട്ടും മധുരമില്ലാത്ത ഓര്‍മ്മകള്‍ നല്‍കുന്ന ബാല്യകൗമാരങ്ങളില്‍ വായനയായിരുന്നു അവളെ ജീവിതത്തെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത്. മുഖംതിരിച്ചവര്‍ക്കുമുമ്പില്‍ ജയിച്ചുകാണിക്കണമെന്ന് വാശിപിടിച്ചപ്പോള്‍ കാലം അവള്‍ക്കായി കാത്തുവച്ചത് വലിയ വിജയങ്ങളായിരുന്നു. എഴുത്തിനെയും വായനയേയും ഒരുപാട് സ്‌നേഹിച്ച്, അധ്യാപികയാവാന്‍ ഒരുങ്ങിപ്പുറപ്പെട്ടവള്‍ എത്തിയത് മലയാളത്തിന്റെ പ്രമുഖ പ്രസാധക സംരംഭത്തിന്റെ തലപ്പത്താണ് എന്നതും മറ്റൊരത്ഭുതം. കോഴിക്കോട് കളക്ടറുടെ കീഴില്‍ ഇന്റേണ്‍ഷിപ്പ് ചെയ്ത് ഡിസബിലിറ്റി ഉള്ളവര്‍ക്കൊപ്പം കൈത്താങ്ങായി കൊണ്ട് എന്നും ഷഹനാസ് ഉണ്ട്.

കോഴിക്കോട് ബാഷോ പബ്ലിക്കേഷനില്‍ എഡിറ്ററായി ജോലിചെയ്യുന്നതിനിടയില്‍ ആണ് ചുരുങ്ങിയ കാലം കൊണ്ട് എഴുതി തീര്‍ത്ത, ജീവിതം തൊട്ടെഴുതിയ കാലിഡോസ്‌കോപ്പ് എന്ന നോവല്‍ ഇറങ്ങിയത് അതാണ് ജീവിതത്തിലെ ബ്രേക്കിംഗ് പോയിന്റ് എന്ന് ഷഹനാസ് വിശ്വസിക്കുന്നു. എഴുത്തിന്റെ മേഖലയിലും മറ്റൊരു മേഖലയിലും ഷഹ്നാസിനു ഒരു ഗോഡ്ഫാദര്‍ ഇല്ല എന്നും സ്വന്തം പ്രയത്‌നമാണ് എന്നും ഉള്ള വ്യക്തത സാധരണക്കാരായ ഒരുപാട് വ്യക്തികള്‍ക്ക് അതല്ലെങ്കില്‍ സ്ത്രീകള്‍ക്ക് പ്രചോദനമാണ് .നോവല്‍ ഇറങ്ങിയതിനു ശേഷമാണ്,ഒലിവ് പബ്ലിക്കേഷന്‍സ് എക്‌സിക്യൂട്ടീവ് എഡിറ്ററായും സി ഇ ഒ യും ചാര്ജടുക്കുന്നത്. ദുബായ് പോലീസും മാസ്റ്റര്‍ വിഷന്‍ ചാനലും നല്‍കിയ യുവ നോവലിസ്റ്റ് അവാര്‍ഡ് പ്രേം നസീര്‍ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ കാലിഡോസ്‌കോപ്പ് പിന്നീട്
മൂന്ന് ഭാഷകളിലേക്ക് (തമിഴ്, അറബി,ഇംഗ്ലീഷ് )മൊഴിമാറ്റം ചെയ്യപ്പെട്ടു.

കോഴിക്കോടിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായ ഷഹനാസ് ഡിസബിലിറ്റി ഉള്ളവര്‍ക്കൊപ്പം അവരുടെ ശബ്ദമായി മാറിയ ഒരാള്‍ ആണ് . നിരവധി സമൂഹ മാധ്യമങ്ങളിലൂടെ കാലിക പ്രസക്തമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ട് ഓണ്‍ലൈന്‍ ചാനലുകളിലും പ്രാദേശിക ചാനലുകളിലും സജീവമായി തന്നെ ഷഹനാസിനെ കാണാം. ഏതൊരു മേഖലയെയും വളരെ വിദഗ്ദമായി കൈകാര്യം ചെയ്യുന്നതില്‍ ഷഹനാസ് മികച്ച് നില്ക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന കരങ്ങളാല്‍ ഏത് മേഖലയിലും തന്റേതായ വ്യക്തിമുദ്ര ചാര്‍ത്താന്‍ ഈ ചെറിയ പ്രായത്തിലും ഷഹനാസിനു സാധിക്കുന്നത് തന്നെ അവരുടെ പ്രയത്‌നത്തിന്റെ ഫലമാണ്. മെനര്‍പോസ് എന്ന പുതിയ കഥാ സമാഹാരം പ്രകാശനത്തിന് ഒരുങ്ങുന്നു..കോഴിക്കോട് ഫറൂഖ് സ്വദേശിയായ ഷഹനാസ് യൂത്ത് കോണ്‍ഗ്രസിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനംഅറിയിച്ചിരിക്കുകയാണ്. .കരുത്തുറ്റൊരു വനിതാ നേതാവിനെ കൂടി ഇനി ഷഹനാസില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *