ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കാരണം അടച്ചിട്ട വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറപ്പെടുവിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനുള്ള അധികാരം സംസ്ഥാന സര്ക്കാറുകള്ക്കാണുള്ളത്.അതത് സംസ്ഥാനങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് പ്രത്യേക മാര്‍ഗരേഖ പുറപ്പെടുവിക്കുകയും വേണം. സ്കൂള്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച ചെയ്തു വേണം തീരുമാനമെടുക്കാന്‍.
പ്രധാന നിര്‍ദ്ദേശങ്ങള്‍:
ഓണ്‍ലൈന്‍-വിദൂര പഠനത്തിന് മുന്‍ഗണന നല്‍കണം, അതിനെ പ്രോല്‍സാഹിപ്പിക്കണം
ക്ലാസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, വാട്ടര്‍ടാങ്ക്, ലാബോറട്ടി ഉള്‍പ്പടെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാം അണുവിമുക്തമാക്കണം.
അടിയന്തിര സാഹചര്യം കൈകാര്യം ചെയ്യാന്‍, അവശ്യവസ്തു എത്തിക്കാന്‍, വൃത്തി പരിശോധിക്കാന്‍ ടാസ്ക് ടീമിനെ നിയോഗിക്കണം.
സ്കൂളുകള്‍ ഗേറ്റുകളിലും ക്ലാസ് റൂമുകളിലും തിരക്കുണ്ടാകാത്ത വിധം ടൈംടേബിള്‍ സജ്ജീകരിക്കണം.
സ്കൂളുകളിലോ അധികം അകലെയല്ലാതെയോ മുഴുവന്‍ സമയം ഡോക്ടര്‍, നഴ്സുമാരുടെ സേവനം ഉറപ്പാക്കണം.
രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ കുട്ടികളെ ക്ലാസില്‍ പ്രവേശിപ്പിക്കാവൂ. ഹാജര്‍ നിര്‍ബന്ധമല്ല.
വീട്ടിലിരുന്ന് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കണം.
വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും മാസ്ക് ധരിക്കണം.
കണ്ടെയ്ന്മെന്റ് സോണിലുള്ള വിദ്യാര്‍ഥികള്‍ സ്കൂളില്‍ വരേണ്ടതില്ല.
സ്കൂളുകളില്‍ പൊതുചടങ്ങുകളോ പരിപാടികളോ സംഘടിപ്പിക്കരുത്.