ന്യൂഡല്‍ഹി: മലയാളി മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എ, ദേശ ദ്രോഹ കേസുകള്‍ ചുമത്തിയതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പക്ഷേ സുപ്രീം കോടതി ആദ്യം അലഹബാദ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ദലിത് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായ ഹത്രാസിലേക്കുള്ള യാത്രയിലാണ് സിദ്ദീഖ് കാപ്പനെ പോലീസ് പിടികൂടിയത്. കേരള പത്രപ്രവര്‍ത്തക യൂണിയന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പുതുക്കി നല്‍കാനും ചീഫ് ജസ്റ്റിസ് എസ്.ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. വിഷയം സുപ്രീം കോടതി മുമ്പാകെ നില നില്ക്കും. കേസ് നാലാഴ്ചക്കു ശേഷം പരിഗണിക്കും. സിദ്ദീഖ് കാപ്പന് അറസ്റ്റിലായ ഉടനെയാണ് ഹര്‍ജി നല്‍കിയത്. അതിനു ശേഷം എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുകയും യു.എ.പി.എ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് കപില്‍ സിപല്‍ കോടതിയില്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഒരു കോടതിയും ജാമ്യം നല്‍കില്ല. അതു കൊണ്ടു തന്നെ ഭരണ ഘടനയുടെ 32ാം അനുച്ഛേദപ്രകാരം സുപ്രീം കോടതിയെ സമീപിക്കാന്‍ അനുവദിക്കണം. പരാതിക്കാരന് നിലവില്‍ ജയിലില്‍ തന്നെ തുടരേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ആദ്യം ശരിയായ കോടതിയെ സമീപിക്കുക, അവിടെ നടന്നില്ലെങ്കില്‍ ഞങ്ങള്‍ ഇവിടെയുണ്ടെന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്കി.
