ടിപ്പര്‍ ഡ്രൈവറായി ജോലിചെയ്ത് എന്‍ജിനിയറിംഗ് ബിരുദധാരിയായ ശ്രീഷ്മ

Feature News

കണ്ണൂര്‍: വണ്ടിപ്പണി ആണുങ്ങളുടെ മേഖലയാണ് എന്നതാണ് നാട്ടുനടപ്പ്. ചെറു കാറുകളും ഇരുചക്ര വാഹനങ്ങളും ഒരു പരിധിവരെ ഓട്ടോയും വളയിട്ട കൈകള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ടെങ്കിലും ഡ്രൈവിംഗ് ഒരു ജോലിയായി പൊതുവെ സ്ത്രീകള്‍ തെരഞ്ഞെടുക്കാറില്ല. സാധാരണ നിലയില്‍ ടിപ്പറിന്റെ ഡ്രൈവറാകാന്‍ ആണുങ്ങള്‍ തന്നെ ഒന്ന് മടിക്കുന്ന കാലത്താണ് ശ്രീഷ്മ എന്ന യുവതി കഴിഞ്ഞ ആറുമാസമായി ടിപ്പര്‍ ഡ്രൈവറായി ജോലി ചെയ്യുന്നത്.

മറ്റൊരു പണിയും കിട്ടാത്തതുകൊണ്ടോ മറ്റ് വഴിയില്ലാഞ്ഞിട്ടോ അല്ല കണ്ണൂര്‍ മയ്യില്‍ നിരന്തോട്ടെ എസ്.എന്‍. നിവാസിലെ ബിസിനസുകാരനായ ചിറ്റൂടന്‍ പുരുഷോത്തമന്റെയും കണ്ണാടിപ്പറമ്പ് ദേശസേവ യു.പി. സ്‌കൂള്‍ അദ്ധ്യാപിക ചെമ്പന്‍ ശ്രീജയുടെയും മകള്‍ ടിപ്പറിന്റെ വളയം പിടിക്കാന്‍ തീരുമാനിച്ചത്. ഡ്രൈവിംഗിനോടുള്ള ഇഷ്ടമാണ് ഈ എന്‍ജിനീയറിങ് ബിരുദധാരിയായ ചെറുപ്പക്കാരിയെ ടിപ്പര്‍ ഡ്രൈവറാക്കിയത്.ശ്രീഷ്മ അതിസാഹസികമായി എതു റോഡിലും ലോറിയുമായെത്തും. ജില്ലിയും മണലും സിമന്റുമായി ജീന്‍സും ബനിയനുമണിഞ്ഞെത്തുന്ന ലോറിഡ്രൈവറായ പെണ്‍കുട്ടി നാട്ടിന്‍പുറത്തുകാര്‍ക്ക് അദ്ഭുതമാണ്. ഒരുദിവസംതന്നെ ഏഴുലോഡുവരെ ജില്ലിയിറക്കിയിട്ടുണ്ട്. വീട്ടിലുള്ള ലോറിയില്‍ കഴിഞ്ഞ ആറുമാസത്തിലധികമായി മകളാണ് ഡ്രൈവറായി പോകുന്നതെന്ന് അച്ഛന്‍ പുരുഷോത്തമന്‍ പറഞ്ഞു. ഒട്ടുമിക്ക ബൈക്കുകളും കാറുകളും ഓടിച്ച ശ്രീഷ്മ ബസും ഓടിക്കാന്‍ തയ്യാറാണ്.

എല്ലാ വാഹനങ്ങളും ഓടിക്കുന്നതിനുള്ള ലൈസന്‍സ് നേടിയ ശ്രീഷ്മ മണ്ണുമാന്തിയന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനവും നടത്തുന്നുണ്ട്. കയരളം കിളിയളത്ത് ജില്ലിയുമായി പോയ ലോറി മണ്ണില്‍ താഴ്ന്നുപോയപ്പോഴും ആത്മവിശ്വാസം ചോരാതെ നാട്ടുകാരുടെ സഹായം തേടി കരകയറ്റിയതും അനുഭവമായിരുന്നു.മാതമംഗലത്തെ കോളേജ് ഓഫ് എന്‍ജിനീയറിങ് കോളേജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ശ്രീഷ്മ സര്‍ക്കാര്‍ജോലിക്കുള്ള പരീക്ഷാ പരിശീലനവും നടത്തുന്നുണ്ട്. എവിടെയെത്തിയാലും മാന്യമായാണ് ഡ്രൈവര്‍മാരും മറ്റുള്ളവരും പെരുമാറുന്നതെന്നാണ് ശ്രീഷ്മയുടെ അനുഭവം. സഹോദരന്‍ ഷിജില്‍ നിരന്തോട് ടൗണില്‍ ബിസിനസ് നടത്തുകയാണ്.

കുട്ടിക്കാലം മുതല്‍ വീട്ടുമുറ്റത്തെ വാഹനങ്ങള്‍കണ്ട് വളര്‍ന്ന ശ്രീഷ്മയുടെ മനസ്സിലെ ആഗ്രഹം, എല്ലാ വാഹനങ്ങളും ഓടിക്കാന്‍ പഠിക്കണമെന്ന് മാത്രമായിരുന്നു. അഞ്ചാംക്ലാസ് മുതല്‍ വാഹനമോടിക്കുന്നതില്‍ പരിശീലനം നേടിയ ശ്രീഷ്മ എന്‍ജിനീയറിങ് ബിരുദം പൂര്‍ത്തിയാക്കിയ ഉടന്‍ തിരഞ്ഞെടുത്തത് ടിപ്പര്‍ ലോറിയില്‍ ഡ്രൈവര്‍ജോലിയാണ്. മറ്റൊരു ജോലി കിട്ടുംവരെ ഈ തൊഴില്‍ തുടരാനാണ് ശ്രീഷ്മയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *