ചെലോല്‍ത് റെഡിയാവും ചെലോല്‍ത് റെഡിയാവൂല. ഫായിസിന് ഇനി സൗജന്യമായി പഠിക്കാം ..

Education Feature Keralam News

മലപ്പുറം: ‘ചെലോല്‍ത് റെഡിയാവും ചെലോല്‍ത് റെഡിയാവൂല’ എന്ന വാക്കിലൂടെ കേരളക്കരയാകെ ഏറ്റെടുത്ത മലപ്പുറത്തെ നാലാംക്ലാസുകാരന്‍ ഫായിസിന്റെ പഠന ചെലവ് ഏറ്റെടുത്ത് സന്നദ്ധ സംഘടനകള്‍.
മലപ്പുറം കുഴിമണ്ണ ഇസ്സത്ത് സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ഫായിസിന്റെ രണ്ടുവര്‍ഷത്തെ പഠനചെലവാണ് ഇസ്സത്ത് പ്രവാസി സെല്ലും ഐ.സി.എഫ് ജിദ്ദ കമ്മിറ്റിയും ചേര്‍ന്ന് ഏറ്റെടുത്തത്. ഓരോകമ്മിറ്റികളും ഓരോവര്‍ഷത്തെ ചെലവുകള്‍ വീതമാണ് വഹിക്കുക. കടലാസ് കൊണ്ട് പൂ നിര്‍മിക്കുന്നതിനിടയിലുണ്ടായ അബദ്ധത്തില്‍ പതറാതെ ‘ചെലോല്‍ത് റെഡിയാവും ചെലോല്‍ത് റെഡിയാവൂല ഇന്റെത് റെഡിയായില്ല അയിന് എനിക്കൊരു കൊഴപില്യ’ എന്ന് ആത്മവിശ്വാസത്തിന്റെ ഊര്‍ജസ്വലതയോടെ പറഞ്ഞ വാക്കുകളാണ് കേരളക്കരയാകെ ഏറ്റെടുത്ത്.

പിന്നീട് മുഖ്യമന്ത്രി ഉള്‍പ്പെടെ ഫായിസിനെ അഭിനന്ദിച്ചതോടൊപ്പം വിവിധ സ്ഥാപനങ്ങളും വ്യക്തികളും സമ്മാനങ്ങളും പാരിതോഷികങ്ങളും നല്‍കി. മത സാമൂഹിക സാംസ്‌കാരിക രാഷ്ര്ടീയ രംഗത്തെ നിരവധി പേരാണ് ഇതിനകം ഫായിസിന് അഭിനന്ദനങ്ങള്‍ അറിയിച്ചും പ്രോത്സാഹനങ്ങള്‍ നല്‍കിയും പ്രചോദനമായത്. ഇപ്പോള്‍ ഫായിസ് യൂട്യൂബര്‍ കൂടിയാണ്. ഫായിസ് മനു എന്റര്‍ടൈമെന്റ് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടിന് കുറഞ്ഞ നാളുകള്‍ക്കകം 12,500 ലധികലധികം സബ്സ്‌ക്രൈബേഴ്സ് നേടാന്‍ കഴിഞ്ഞു. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും മകന് ലഭിച്ച പ്രോത്സാഹനങ്ങളില്‍ അതിയായ സന്തോഷമുണ്ടെന്നും മകന്റെ ഭാസുരമായ ഭാവിക്ക് ഇതൊരു മുതല്‍കൂട്ടാകുമെന്ന് പ്രത്യാശിക്കുന്നുണ്ടെന്നും ഫായിസിന്റെ പിതാവ് മുനീര്‍ സഖാഫി പറയുന്നു.

ഇസ്സത്ത് പ്രവാസി സെല്ല് വഹിക്കുന്ന പഠന ചെലവിന്റെ രേഖകളും ഉപഹാരവും ഇസ്സത്ത് ഭാരവാഹികള്‍ ഫായിസിന്റെ വീട്ടിലെത്തി കൈമാറി. ഇസ്സത്ത് കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.പി. ഉമര്‍ മുസ്ലിയാര്‍ കടുങ്ങല്ലൂര്‍, പ്രവാസി സെല്‍ പ്രസിഡന്റ് മുഹമ്മദ് ബാഖവി കുഴിമണ്ണ, ഇസ്സത്ത് സാരഥികളായ പി.സി. കുഞ്ഞാന്‍ ഹാജി, പി.കെ. റഷീദ് ഹാജി മുണ്ടംപറമ്പ്, പറശ്ശരി അലവി മുസ്ലിയാര്‍, എസ്.വൈ.എസ് പ്രതിനിധി അബ്ദുസ്സലാം സഖാഫി കുഴിഞ്ഞൊളം സംബന്ധിച്ചു. ഐ.സി.എഫ് ജിദ്ദാ കമ്മിറ്റിക്ക് വേണ്ടി ഐ.സി.എഫ് നേതാക്കളായ ബഷീര്‍ ഹാജി നീരോല്‍പാലം, മജീദ് സഖാഫി, ഉബൈദുള്ള സഅദി, കുഞ്ഞിപ്പ കിഴിശ്ശേരി തുടങ്ങിയവര്‍ ഫായിസിന്റെ വീട് സന്ദര്‍ശിച്ചു അഭിനന്ദനങ്ങള്‍ അറിയിക്കുകയും ജിദ്ദാ കമ്മിറ്റിയുടെ ഉപഹാരം കൈമാറുകയും ചെയ്തു.

എത്ര വലിയ പ്രശ്നങ്ങള്‍ക്കു നടുവിലും തളരാതെ മുന്നോട്ടുപോകാന്‍ ഒരു സമൂഹത്തിന്റെ ഇന്ധനമായി മാറേണ്ടത് ശുഭാപ്തിവിശ്വാസമാണെന്നും ആ ഉത്തരവാദിത്വം നമ്മുടെ കുഞ്ഞുങ്ങളേറ്റെടുത്ത് കാണുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം അനിര്‍വചനീയമാണെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ ഫായിസിനെ കുറിച്ച് പറഞ്ഞത്. ഏതായാലും ഫായിസും ഇപ്പോള്‍ നാട്ടിലെ സെലിബ്രിറ്റി ആയി മാറിയിട്ടുണ്ട്. എന്നാല്‍ കോവിഡും, ഇപ്പോള്‍ കാലവര്‍ഷ ഭീതിയും വന്നതോടെയാണ് കുഞ്ഞന്‍ മോട്ടീവര്‍ക്ക് കൂടുതല്‍ മേഖലകളില്‍ എത്തപ്പെടാന്‍ കഴിയാത്തത്. സാധാരണ നിലയിലാണെങ്കില്‍ ഉദ്ഘാടന മാമാങ്കങ്ങളിലെല്ലാം ഫായിസ് തന്നെയാകുമായിരുന്നു താരം.
കേരള പോലീസ്, മില്‍മ, മലപ്പുറം ജില്ലാ കലക്ടര്‍ തുടങ്ങീ നിരവധി പേര്‍ ഫായിസിന്റെ വാക്കുകള്‍ കടമെടുത്ത് പരസ്യ-സന്ദേശ വാചകങ്ങളാക്കിയത് ഫായിസിന്റെ വാക്കുകളിലെ ആത്മാംശമായിരുന്നു. തനിക്ക് കിട്ടിയ പ്രോത്സാഹന തുകയില്‍ നിന്നും നല്ലൊരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും നിര്‍ധനരായ കുടുംബത്തിലെ വിവാഹത്തിലേക്കും മാറ്റിവെച്ച് വീണ്ടും നമ്മെ പ്രചോദിപ്പിക്കുകയായിരുന്നു കൊച്ചു ഫായിസ്.

Leave a Reply

Your email address will not be published. Required fields are marked *