തൃശൂര്‍: കോവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കെ.എസ്.ആര്.ടി.സി സര്‍വ്വീസ്. ഇന്ന്
തൃശൂര്‍-തിരുവനന്തപുരം റൂട്ടിലോടിയ കെ.എസ്.ആര്.ടി.സി ബസില്‍ സാമൂഹിക അകലമില്ല,
സാനിറ്റെസറില്ല, തിക്കിയും തിരക്കയും കമ്പില്തൂങ്ങിയും യാത്ര.
സംസ്ഥാനത്ത് ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇത്തരം നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനിടയിലാണ് നിയമംകാറ്റില് പറത്തിയുള്ള കെ.എസ്.ആര്.സി. ബസ് സര്‍വ്വീസുകള്‍.
ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂര്‍ ആലക്കോട് ലോക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് യാത്രക്കാരെ കുത്തിനിറച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.. മണക്കടവ്-തളിപ്പറമ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ദ്വാരക ബസാണ് ആലക്കോട് ടൗണില്‍ വെച്ച് പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തത്. വയോധികര്‍ ഉള്‍പ്പെടെ അമ്പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് കര്‍ശന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുളള മേഖലയിലാണ് ബസുകള്‍ ഓടുക. ടിക്കറ്റ് നിരക്ക് 50 ശതമാനം കൂടിയിട്ടുണ്ട് എന്നാല്‍ പകുതി യാത്രക്കാരെ മാത്രമേ ബസില്‍ കയറ്റാന്‍ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം നല്‍കിയട്ടുള്ളത്. ഈ നിര്‍ദ്ദേശം ലംഘിച്ചാണ് പല കെ.എസ്.ആര്.ടി.സി ബസുകളും സര്‍വ്വീസ് നടത്തുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.