കോവിഡ്, നിപ ഭീതിക്കിടെ ചര്‍ദ്ദിയും തലവേദനയും മലപ്പുറത്ത് 14കാരി മരിച്ചു

Breaking Keralam Local News

മലപ്പുറം: ജനം കോവിഡ്, നിപ ഭീതിയില്‍ കഴിയുന്നതിനിടെ ചര്‍ദ്ദിയും തലവേദനയും ബാധിച്ച് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു. കാവനൂര്‍ വടശ്ശേരി നരിക്കോട്ടുചാലില്‍ പുള്ളിച്ചോല ആസ്യയുടെ മകള്‍ സന ഫാത്തിമ (14) ആണ് മരിച്ചത്. വടശ്ശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അതേ സമയം നിപ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മരണപ്പെട്ട കുട്ടിയുടെ സ്രവം പൂണെ വൈറോളജി ലബോറട്ടറിയിലേക്കയച്ചു. പ്രാഥമിക പരിശോധനയില്‍ കുട്ടിക്ക് നിപ ബാധയില്ലെന്നും കൊവിഡ് പരിശോധന ഫലം നെഗറ്റീവെന്നും കണ്ടെത്തിയിട്ടുണ്ട്.
മരണം സംബന്ധിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സബൂറ ബീഗത്തിന്റെ അദ്ധ്യക്ഷതയില്‍ ഡോക്ടര്‍മാരുടെ അവലോകന യോഗം നടന്നു. യോഗത്തില്‍ ആശുപത്രി സൂപ്രണ്ട്, നിപ നോഡല്‍ ഓഫീസര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിന് കീഴിലുള്ള മൈക്രോ ബയോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക് വിഭാഗങ്ങളുടെ മേധാവികള്‍ യോഗത്തില്‍ പങ്കെടുത്തു. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നിലവില്‍ ഒന്നു തുമ്മിയാലും പനിവന്നാലും കോവിഡാണെന്ന് ഭയക്കുന്ന് പലരും ചികിത്സക്കുപോലും പോകാതെ വീട്ടില്‍ കഴിയുന്ന സാഹചര്യമുള്ളതായും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. കൃത്യമായി മരുന്നു കഴിച്ചും വിശ്രമിച്ചും കോവിഡ് കാലത്തെ അസുഖങ്ങളില്‍നിന്നും മുക്തി നേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇന്നു മാത്രം ലപ്പുറം ജില്ലയില്‍ ബ 1,372 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.. 14.65 ശതമാനം ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് രേഖപ്പെടുത്തിയ ഈ ദിവസം 1,344 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 24 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗം ബാധിച്ചത്. കൂടാതെ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ നാല് പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 2,864 പേരാണ് ബുധനാഴ്ച കോവിഡ് മുക്തരായത്. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 5,05,784 ആയി.
മരിച്ച സനഫാത്തിമയുടെ സഹോദരങ്ങള്‍ : ഷഹനാഷിബിന്‍, മുഹമ്മദ് ഷിബില്‍.