ബിജിമോളുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് 15ലക്ഷം തട്ടിയെടുത്തു

Breaking Crime Keralam News Politics

കട്ടപ്പന: പീരുമേട് എംഎല്‍എ ഇ.എസ് ബിജിമോളുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് 15ലക്ഷം തട്ടിയെടുത്തതായി പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പണമാണ് ഇത്തരത്തില്‍ ബിജിമോളുടെ ഭര്‍ത്താവ് വ്യാജ ഒപ്പിട്ട് തട്ടിയെടുത്തതായി ആരോപണം ഉയര്‍ന്നിട്ടുള്ളത്. ബിജിമോളുടെ ഭര്‍ത്താവ് പി.ജെ. റെജിക്കെതിരെ ഉപ്പുതറ കോതപാറ കപ്പാലുമൂട്ടില്‍ കെ.എം. ജോണാണ് പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ചെലവിലേക്കായി വായ്പെടുത്ത് സംഘടിപ്പിച്ച 15 ലക്ഷം രൂപ വ്യാജ ഒപ്പിട്ട് കൈക്കലാക്കിയെന്നതാണ് ആരോപണം. പരാതിയില്‍ പൊലീസ് അന്വേഷണം നടത്തും.
2016 ലാണ് കേസിനാസ്പദമായ സംഭവം. ഇതുസംബന്ധിച്ച് ജോണ്‍ ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. പീരുമേട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വഞ്ചനാകേസും ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കേസെടുത്ത് അന്വേഷിക്കാന്‍ പീരുമേട് സിഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജോണും ഭാര്യയും റെജിയുടെ ഏലപ്പാറയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരാണ്. 2016 മെയ് 11ന് രേഖകള്‍ ജോണില്‍ നിന്ന് ഒപ്പിടുവിച്ചു വാങ്ങി തെരഞ്ഞെടുപ്പ് ഫണ്ടിനായി ജോണിന്റെ പേരിലുള്ള 79.5 സെന്റ് സ്ഥലം ഏലപ്പാറ കേരള ഗ്രാമീണ്‍ ബാങ്കില്‍ റെജി പണയം വെച്ചു
ലഭിച്ച തുക അതേ ബാങ്കില്‍ ജോണിന്റെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തു. പിന്നീട് 13-ന് ബാങ്കില്‍ ചെല്ലണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് ജോണ്‍ ബാങ്കിലെത്തിയപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന 15 ലക്ഷം രൂപ റെജി പിന്‍വലിച്ചെന്നറിഞ്ഞത്. ജോണിന്റെ വ്യാജ ഒപ്പിട്ട് ചെക്ക് നല്‍കിയാണ് തുക പിന്‍വലിച്ചതെന്നും അറിഞ്ഞു. റെജിയോട് പല തവണ പണം ചോദിച്ചെങ്കിലും മടക്കി നല്‍കിയില്ല. ബാങ്കില്‍ വായ്പാ തുക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് ജോണിന് ജപ്തി നോട്ടീസും ലഭിച്ചു. ഇതോടെയാണ് പരാതിയുമായി എത്തിയത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സിപിഎ നേതാക്കള്‍ എന്നിവര്‍ക്ക് മുമ്പാകെ പരാതി നല്‍കി. എന്നാല്‍ അന്വേഷണം നടന്നില്ല. ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കോടതിയില്‍ വഞ്ചനാ കേസും ഫയല്‍ ചെയ്തു. മഞ്ചേശ്വരം എംഎല്‍എ കമറുദ്ദീനെ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണഅ പൊലീസില്‍ പരാതി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഈ കേസില്‍ എന്തു നടപടിയുണ്ടാകുമെന്നത് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *