മമ്മൂട്ടി പറഞ്ഞ ആ ബെസ്റ്റ് ആക്ടര്‍ ഇതാ ഇവിടെ…

Breaking Entertainment News

കൊച്ചി: മമ്മൂട്ടി നായകനായ ആ ബെസ്റ്റ് ആക്ടര്‍ എന്ന മലയാള സിനിമ അത്രപെട്ടെന്നൊന്നും മലയാളികള്‍ക്ക് മറക്കാനാകില്ല. സിനിമാനടനാകണമെന്ന അതിയായ ആഗ്രഹം ഉളളില്‍ സൂക്ഷിക്കുന്ന അധ്യാപകനായ മോഹന്‍ മുട്ടിയ വാതിലുകളും അവിടെ നിന്നും ഏറെ വേദനയോടെ തിരിച്ചു നടക്കുന്ന മോഹന്റെ മാനസിക സംഘഷങ്ങളും വിവരിക്കുന്നതായിരുന്നു സിനിമ. ക്ലൈമാക്‌സില്‍ തന്റെ ആഗ്രഹങ്ങള്‍ മകനിലൂടെ സാക്ഷാല്‍ക്കരിക്കുന്ന പിതാവിനെ അവതരിപ്പിച്ചു കൈയ്യടി നേടുമ്പോഴും ചെറിയയൊരുവേദന സിനിമ കണ്ടവരുടെ മനസ്സിലൂടെ പോയിട്ടുണ്ട്. പിന്നീടാണ് ഇത് മോഹന്‍ അവതരിപ്പിച്ച സിനിമയിലെ രംഗമാണെന്ന് മനസ്സിലാക്കുന്നത്. സമാനമായ അനുഭവമാണ് എടക്കര സ്വദേശിയും ദുബായില്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹാഷ് ജവാദിന്റേതും. താന്‍ ഏറെ ആഗ്രഹിച്ച സിനിമ തന്നില്‍നിന്നും അകന്നുപോയപ്പോള്‍ മകനെ സിനിമയിലേക്കെത്തിച്ച് മാനസിക സംതൃപ്തി നേടുകയാണ് ഈ പിതാവ്.

ഏറെ കാലം സിനമകള്‍ക്കു പിന്നാലെ നടന്നു. കൂടെയുണ്ടായിരുന്ന പലരും സിനിമയിലെത്തിയെങ്കിലും തന്നില്‍നിന്നും എന്നും സിനിമ അകന്നു നിന്നു. ഇതോടെ ജീവിതയാത്രയില്‍ അടങ്ങാനാകാത്ത മോഹവുമായി സിനിമ മനസ്സില്‍ സൂക്ഷിച്ചു ജീവിച്ചു. അവസാനം മകനിലൂടെ ഈ ആഗ്രഹം സഫലീകരിച്ചുവെന്നും ഹാഷ് ജവാദ് പറയുന്നു.
പുതിയ കുഞ്ചാക്കോ ബോബന്‍-നയന്‍താര ചിത്രം ‘നിഴലി’ലെ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഹാഷ് ജവാദിന്റെ മകന്‍ ഇസിന്‍ ഹാഷ് എന്ന ബാലതാരം. ഇസിന്‍ ഹാഷിനെ പ്രേക്ഷകര്‍ക്ക് നേരത്തെ പരിചയമുണ്ട്. രണ്ടു വര്‍ഷം മുമ്പ് ലിവര്‍പൂള്‍ ഇതിഹാസ താരം സ്റ്റീവന്‍ ജെറാര്‍ഡിനെ അഭിമുഖം ചെയ്ത് വാര്‍ത്തകളില്‍ ഇടം നേടിയ കൊച്ചു മിടുക്കന്‍ ആണ് ഇസിന്‍ ഹാഷ്. അറബിക് പരസ്യങ്ങളിലെ ‘എമിറാത്തി ബോയ്’ എന്ന പേരിലും പ്രശസ്തനായ താരമാണ്. അവസാനം പിതാവിന്റെ ആഗ്രഹസാഫല്യംപോലെ മകന്‍ സിനിമയിലെത്തി.

തന്റെ ജീവിതാനുഭവം ഹാഷ് ജവാദി് തന്നെ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്., കുറിപ്പിന്റെ പൂര്‍ണ രൂപം താഴെ:

മകന്‍ ഇസിന്‍ ഹാഷ് ലേഡി സൂപ്പര്‍ സ്റ്റാര്‍
നയന്‍താരയോടൊപ്പം അഭിനയിക്കുന്നു.

‘നീ സിനിമാനടനാകും’ പണ്ട് സ്‌കൂളിലും കോളജിലും വിവിധ കലോത്സവങ്ങളിലുമൊക്കെമിമിക്രിയും,മോണോആക്റ്റും നാടകവുമൊക്കെ കളിച്ചു നടന്നപ്പോള്‍ എന്നെ ഏറ്റവും സുഖിപ്പിച്ച ഡയലോഗ്. അങ്ങിനെ ഞാനും സിനിമ സ്വപ്നം കാണാന്‍തുടങ്ങി, പ്ലസ്ടുവിനു പഠിക്കുമ്പോള്‍ ഡിഗ്രിക്ക് എറണാംകുളംമഹാരാജാസ് കോളേജില്‍ പഠിക്കണെമന്നായിരുന്നു ആഗ്രഹം. ഒരുപാട് സിനിമകളുടെ ലൊക്കേഷനായ, നിരവധിസിനിമാക്കാരെ മലയാളസിനിമയ്ക്ക് സമ്മാനിച്ച മഹാരാജാസ് വഴി സിനിമയിലെത്താമെന്നായിരുന്നു വ്യാമോഹം. പക്ഷേ പ്ലസ്ടുവിനു മാര്‍ക്ക് കുറഞ്ഞതോടെ ആ സ്വപ്നം തകര്‍ന്നു.

പിന്നീട് ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍പഠിക്കുമ്പോള്‍ തൊട്ടടുത്ത സ്റ്റുഡിയോയില്‍ പോയി ഇടയ്ക്കു ഫോട്ടോസ് എടുത്ത് സിനിമാ മാസികകളില്‍കാണുന്ന ഒഡീഷന്‍ അഡ്രെസ്സിലേക്ക് അയച്ചുകൊടുക്കും എന്നാല്‍ അതും വെളിച്ചംകണ്ടില്ല. അതുകഴിഞ്ഞുപൂരപ്പറമ്പില്‍ മിമിക്‌സ് അവതരിപ്പിച്ചുനടക്കുമ്പോഴും ഫുട്‌ബോള്‍-പരസ്യ അന്നൗണ്‍സറായി നാട്ടിലൂടെകറങ്ങിനടക്കുമ്പോഴും അടുത്ത ലക്ഷ്യം കൊച്ചിന്‍ കലാഭവനായിരുന്നു. ”കലാഭവന്‍ വഴി സിനിമാ നടന്‍”, അതുംനടന്നില്ല. സിനിമയിലഭിനയിക്കാന്‍ അടുത്ത കുറുക്കുവഴി കണ്ടെത്തിയത് ‘ടിവി അവതാരകന്‍’ എന്നപേരായിരുന്നു.ആ സമയത്താണ് ഇന്ത്യാവിഷന്റെ പുതിയ
എന്റെര്‍ടൈന്‍മെന്റ് ചാനല്‍, യെസ് ഇന്ത്യാവിഷയന്‍ ആരംഭിക്കുന്നുഎന്നറിഞ്ഞതും വി.ജെആകാന്‍ അപേക്ഷിക്കുന്നതും ഒഡീഷന്‍ കാള്‍ വരുന്നതും. അങ്ങിനെ കൊച്ചിയിലേയിലേക്ക് വണ്ടി കയറി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. പക്ഷേ അതും പരാജയമായിരുന്നു. എന്നാല്‍ അന്ന് ഒഡീഷനില്‍തൊട്ടടുത്തിരുന്ന ആസിഫലി അവതാരകനാകുകയും നടനാകുകയും ചെയ്തു. എങ്കിലും കൊച്ചി എന്നെ കൈവിട്ടില്ല, സിനിമാനടനാകാന്‍ എത്തിയ ഞാന്‍ ചാവറ എന്ന പരസ്യ ഏജന്‍സിയിലെ കണ്ടന്റ് റൈറ്ററായി. .
അപ്പോഴാണ് എഫ് എം റേഡിയോ കാലഘട്ടം ആരംഭിക്കുന്നത്. അടുത്ത ലക്ഷ്യം ‘ ഒരു റേഡിയോ ജോക്കിയാകുക”. ആ ശ്രമം വിഫലമായില്ല കൊച്ചി റേഡിയോ മാങ്കോയില്‍ റേഡിയോ ജോക്കിയായി. ഞാന്‍ഒന്ന് കാണാനാഗ്രഹിച്ച താരങ്ങളെയും, സംവിധായകരെയും അടുത്തുകാണുന്നു, അവരുമായി സംസാരിക്കുന്നു, പരിചയപ്പെടുന്നു. എങ്കിലും നല്ല ശമ്പളം ലഭിക്കുന്ന ഈ ജോലി വെറുതെ കളയണ്ടല്ലോ എന്നുകരുതി സിനിമാ ആഗ്രഹം ഉള്ളിലൊതുക്കി. കൊച്ചിയില്‍ ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് എനിക്ക് കോഴിക്കോട് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചത്. കോഴിക്കോട്ടേക്ക് പോകുന്നതിനുമുന്‍പ് വിനീത് ശ്രീനിവാസന്റെ ആദ്യസിനിമയായ മലര്‍വാടി ആര്‍ട്‌സ് ക്‌ളബ്ബിന്റെ ഒഡീഷനില്‍ പങ്കെടുത്തു. അത് ഒരു ഗ്രൂപ്പ് ഒഡീഷനായിരുന്നു. അന്ന് നന്നായി പെര്‍ഫോം ചെയ്ത നിവിന്‍ പോളിയെയും, അജു വര്‍ഗ്ഗീസിനെയുമെല്ലാം അവസാന റൗണ്ടിലേക്ക് മാറ്റി നിര്‍ത്തി. സിനിമയില്‍ അഭിനയിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് ഞാന്‍ കോഴിക്കോട്ടേക്ക് വണ്ടികയറി. കൂടെയുണ്ടായിരുന്ന പല റേഡിയോക്കാരും സിനിമാക്കാരായി.പിന്നീടാണ് കോഴിക്കോട്ടെ റേഡിയോ ലൈഫിനിടക്ക് കല്ല്യാണം കഴിയുന്നതും, ദുബായിലെ റേഡിയോയില്‍ ജോലികിട്ടുന്നതും ഒരു മകനുണ്ടാകുന്നതും. അവന്റെ ഓരോ വളര്‍ച്ചയിലും എന്റെ ഓരോ സ്വപ്നങ്ങളും അവനിലൂടെ യാഥാര്‍ത്യമായിത്തുടങ്ങി. അറുപതിലേറെ അന്താരാഷ്ട്ര പരസ്യങ്ങളില്‍ അഭിനയിച്ച മകന്‍ ആദ്യമായി ഒരു മലയാള സിനിമയില്‍ തുടക്കംകുറിച്ചുകഴിഞ്ഞു. അതും ഞാന്‍ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും പ്രാര്‍ത്ഥനകള്‍ വേണം!. നയന്‍താര നായികയായ ഈ സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകന്‍. ഐസിന്‍ ഒരു സുപ്രധാന വേഷത്തില്‍ അഭിനയിക്കുന്ന നിഴല്‍ എന്നത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററും, സംസ്ഥാന ഫിലിം അവാര്‍ഡ്‌ജേതാവുമായ അപ്പു ഭട്ടതിരിയാണ്.
ഈ സിനിമയിലേക്ക് വഴികാണിച്ച റിയാസ് ഷാക്ക് ഒരായിരം നന്ദി

https://m.facebook.com/story.php?story_fbid=3631229936923434&id=100001093906157
https://m.facebook.com/story.php?story_fbid=3631229936923434&id=100001093906157

Leave a Reply

Your email address will not be published. Required fields are marked *