മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ അന്വേഷണ സംഘം മഞ്ചേരി മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ മൊഴിയെടുത്തു. ആരോഗ്യ വകുപ്പ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ചുമതലയുള്ള കോഴിക്കോട് മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.മിനി മലപ്പുറം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ഇസ്മായീൽ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.നന്ദകുമാർ, ഗൈനക്കോളജി വിഭാഗം മേധാവി ഡോ.ജേക്കബ്, സംഭവ ദിവസം ജോലിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ, നഴ്സ് എന്നിവരുടെ വിശദ മൊഴി രേഖപ്പെടുത്തി. രാവിലെ 10 മുതൽ തുടങ്ങിയ തെളിവെടുപ്പ് വൈകുന്നേരം വരെ നീണ്ടു. കഴിഞ്ഞ ഒൻപതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി ബി.മനുവാണ് അടിയന്തിര അന്വേഷണം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. ഇതിൻ്റെ ഭാഗമായി കുട്ടികളുടെ മാതാപിതാക്കളായ എൻ.സി മുഹമ്മദ് ഷെരീഫ്, സഹല തസ്നീം എന്നിവരിൽ നിന്നും അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചിരുന്നു.
15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സർക്കാർ നിർദേശം. പ്രസവ വേദന ഉണ്ടെന്ന് അറിയ്ച്ചിട്ടും ചികിത്സ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. മഞ്ചേരി മെഡിക്കൽ കോളജിലെ കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എൻ.സി ഷെരീഫ് ഒക്ടോബർ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിരുന്നു. സെപ്തംബർ 27 നാണ് ഇരട്ട ഗർഭസ്ഥ ശിശുക്കൾ മരിച്ചത്.
