മലപ്പുറം: അഞ്ചുവയസ്സുകാരനെകൊണ്ട് ബുള്ളറ്റോടിച്ച പിതാവന്റെ ലൈസന്‍സ് റദ്ദ് ചെയ്തു.
മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി വീഡിയോ ദൃശ്യം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവില്‍. പിതാവ് കുറ്റസമ്മതവും നടത്തി. ഡിസംബര്‍ 31ന് രാവിലെ മണ്ണാര്‍ക്കാട് നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള നാഷണല്‍ ഹൈവേയില്‍ കാപ്പ് എന്ന സ്ഥലത്തുനിന്നും പേലക്കാട് എന്ന സ്ഥലത്തേക്ക് മോട്ടോര്‍ സൈക്കിളില്‍ ചെറിയ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസിന് ഒരു വ്യക്തി കൊണ്ടുവന്നു നല്‍കുകയായിരുന്നു. തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ യുടെ നിര്‍ദ്ദേശപ്രകാരം വീഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോള്‍ തല്‍സമയം വാഹനം ഓടിച്ചിരുന്നത് തേലക്കാട് സ്വദേശി അബ്ദുല്‍ മജീദ് ആയിരുന്നു എന്നും അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനം സഘ 53 എ 785 എന്നും ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ആണ് എന്നും ഡ്രൈവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ശുപാര്‍ശ സമര്‍പ്പിച്ചു. അത് പ്രകാരം അബ്ദുല്‍ മജീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും വാഹനത്തില്‍ തത്സമയം ഉണ്ടായിരുന്നത് അദ്ദേഹത്തിന്റെ മകന് ആയിരുന്നു എന്നും അദ്ദേഹം കുറ്റസമ്മതം നടത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് അബ്ദുല്‍ മജീദിന്റേ ഡ്രൈവിംഗ് ലൈസന്‍സ് ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി പെരിന്തല്‍മണ്ണ ജോയിന്റ് ആര്‍ടിഒ സി യു മുജീബ് അറിയിച്ചു.