ചെന്നിത്തല വി.എസിന്റെ അസ്ഥയിലേക്ക്

News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയെ കാത്തിരിക്കുന്നത് വി.എസ് അച്യൂതാനന്ദന്റെ അവസ്ഥ. പാര്‍ട്ടി ജയിക്കുമ്പോള്‍ തോല്‍ക്കുന്ന നേതാവ് എന്നാണ് മുമ്പ് വി എസ് അച്യുതാനന്ദനെ കുറിച്ചു കുറേക്കാലം കേരളം പറഞ്ഞു കേട്ടത്. സിപിഎം അധികാരത്തില്‍ എത്തിയപ്പോള്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നും തോല്‍ക്കേണ്ടി വന്ന അനുഭവം മുന്‍നിര്‍ത്തിയായിരുന്നു ഇക്കാര്യം വിഎസിന് മേല്‍ ചാര്‍ത്തിക്കൊടുത്തത്. പിന്നീട് വി എസ് പടനായകനായതും വിജയിക്കുകയും ചെയ്തുവെന്നത് മറ്റൊരു കാര്യം. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ നയിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. പിണറായി വിജയനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ത്തി സര്‍ക്കാറിനെ പല കാര്യങ്ങളിലും പ്രതിരോധത്തിലാക്കാന്‍ ചെന്നിത്തലയ്ക്ക് സാധിച്ചിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പിണറായിക്ക് ചെന്നിത്തലയോട് അല്‍പ്പം കടുത്ത ദേഷ്യമാണുള്ളത്.

മുന്നണിയെ തെരഞ്ഞെടുപ്പില്‍ നയിക്കുന്ന ചെന്നിത്തലക്ക് മുമ്പ് വിഎസിന് ഉണ്ടായ അനുഭവം ഉണ്ടാകുമോ എന്ന ചോദ്യവും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. കാരണം ചെന്നിത്തലയെ നേരിടാന്‍ സിപിഎം സ്വന്തം സ്ഥാനാര്‍ത്ഥിയെ ഹരിപ്പാട് നിര്‍ത്താന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്. കുറച്ചു കാലമായി സിപിഐ മത്സരിക്കുന്ന സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ ആലോചന. സിപിഎം സ്ഥാനാര്‍ത്ഥി എത്തിയാല്‍ ചെന്നിത്തലയെ വീഴ്ത്താമെന്നാണ് പാര്‍ട്ടിയുടെ കണക്കൂകൂട്ടല്‍.

സീറ്റുകള്‍ പരസ്പ്പരം വെച്ചുമാറുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സിപിഎമ്മിനും സിപിഐയിലും തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിതലത്തിലോ മുന്നണിതലത്തിലോ ചര്‍ച്ച തുടങ്ങിയിട്ടില്ലെങ്കിലും നേതാക്കള്‍ പരസ്പരം സംസാരിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ ഭാഗത്തുനിന്നാണ് ഇങ്ങനെയൊരു നിര്‍ദ്ദേശം വന്നത്. ഇപ്പോള്‍ ഹരിപ്പാട്ട് സിപിഐ.യും അരൂരില്‍ സിപിഎമ്മുമാണ് മത്സരിക്കുന്നത്. എ.എം. ആരിഫ് രണ്ടുതവണ ജയിച്ച അരൂര്‍ മണ്ഡലം കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മിനു നഷ്ടമായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍.ഡി.എഫിനു നഷ്ടപ്പെട്ട ഏകസീറ്റ് ഹരിപ്പാടാണ്. 18,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു രമേശ് ചെന്നിത്തല തിരഞ്ഞെടുക്കപ്പെട്ടത്. ഹരിപ്പാട്ടുതന്നെ മത്സരിക്കുമെന്നു ചെന്നിത്തല വ്യക്തമാക്കിയിട്ടുമുണ്ട്. സിപിഎമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങളാണ് അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ തോല്‍വിക്കു കാരണമായതെന്നു വിലയിരുത്തലുണ്ട്. ആരിഫ് പാര്‍ലമെന്റിലേക്കുപോയ ഒഴിവില്‍നടന്ന മത്സരത്തില്‍ 2,079 വോട്ടിനാണു കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാന്‍ ജയിച്ചത്. 38,519 വോട്ടിന് ആരിഫ് ജയിച്ച മണ്ഡലമാണിത്.

ആഭ്യന്തരത്തര്‍ക്കങ്ങള്‍ വോട്ടിങ്ങില്‍ പ്രതിഫലിക്കാതിരിക്കാന്‍ പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുകയാണ് ഒരുമാര്‍ഗം. രണ്ടാമത്തേതാണു സീറ്റുവെച്ചുമാറല്‍. പക്ഷേ, സിപിഎമ്മിന്നു തൊട്ടടുത്തുള്ള ചേര്‍ത്തല കിട്ടിയാല്‍കൊള്ളാമെന്നുണ്ട്. ഏതുസാഹചര്യത്തിലും ജയിക്കാന്‍ കഴിയുന്ന മണ്ഡലമായാണ് അവര്‍ ചേര്‍ത്തലയെ കാണുന്നത്. എന്നാല്‍, ആ സിറ്റിങ് സീറ്റ് സിപിഐ. വിട്ടുനല്‍കില്ല.

മുതിര്‍ന്ന സിപിഎം. നേതാവ് ടി.കെ. ദേവകുമാര്‍ 2001-ല്‍ ഹരിപ്പാട്ടുനിന്ന് ജയിക്കുയും 2006-ല്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ഈ സീറ്റ് കിട്ടിയാല്‍ ദേവകുമാറിനെയോ സംസ്ഥാനതലത്തില്‍ അറിയപ്പെടുന്ന ഏതെങ്കിലും യുവനേതാവിനെയോ മത്സരിപ്പിക്കാന്‍ കഴിയുമെന്നാണ് ഒരുവാദം. സിപിഐ. തന്നെയാണു മത്സരിക്കുന്നതെങ്കില്‍ ബിനോയ് വിശ്വം രംഗത്തുവരുമെന്നും പ്രചാരണമുണ്ട്. രണ്ടിടത്തെയും പ്രാദേശികവികാരംകൂടി കണക്കിലെടുത്താകും അന്തിമതീരുമാനം.

സിപിഐ.യുടെ സംസ്ഥാന എക്സിക്യുട്ടിവ് ഏഴാം തീയതിയാണ്. അതിനുശേഷമേ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ സംബന്ധിച്ച് എന്തെങ്കിലും ആലോചന തുടങ്ങൂവെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. മണ്ഡലങ്ങള്‍ വെച്ചുമാറുന്നതു സംബന്ധിച്ച അനൗദ്യോഗികചര്‍ച്ച നടക്കുന്നുണ്ടെങ്കിലും പാര്‍ട്ടിയുടെമുന്നില്‍ ഈ വിഷയം വന്നിട്ടില്ലെന്നു മുതിര്‍ന്ന സിപിഎം. നേതാവ് പറഞ്ഞു.

നേരത്തെ ചെന്നിത്തല മണ്ഡലം മാറുമെന്നും വട്ടിയൂര്‍ക്കാവിലോ അരുവിക്കരയിലോ മത്സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും അദ്ദേഹം തന്നെ അത് തള്ളിക്കളഞ്ഞിരുന്നു. ഹരിപ്പാട് മണ്ഡലത്തില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം മാറുമെന്നത് പ്രചാരണം മാത്രമാണെന്നുമാണ് ചെന്നിത്തല പറഞ്ഞ്. ഹരിപ്പാട്ടെ ജനങ്ങള്‍ക്ക് തന്നെയും ഹരിപ്പാട്ടുകാരെ തനിക്കും വിശ്വാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *