കടയ്ക്കാവൂര്‍ പോക്‌സോ കേസ്: അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Crime News

തിരുവനന്തപുരം:കടയ്ക്കാവൂരിലെ പോക്‌സോ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ഹര്‍ജി തള്ളിയത്. വെള്ളിയാഴ്ചയാണ് ജാമ്യാപേക്ഷയുമായി യുവതി കോടതിയെ സമീപിച്ചത്.

അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് അച്ഛനും മകനും പ്രതികരിച്ചു. അമ്മ രാത്രിയില്‍ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകന്‍ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നല്‍കിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛന്‍ പറഞ്ഞു.

അമ്മയ്‌ക്കെതിരായ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് മീഡിയവണിന് ലഭിച്ചു. കൌണ്‍സിലിംഗില്‍ അമ്മയ്‌ക്കെതിരെ കുട്ടി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. കേസെടുക്കാനുള്ള ശുപാര്‍ശയും കുട്ടിയുടെ കൌണ്‍സിലിംഗ് റിപ്പോര്‍ട്ടും പൊലീസിന് കൈമാറിയത് സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ തന്നെയാണ്. ഇതോടെ പൊലീസ് കേസെടുത്തത് തന്റെ നിര്‍ദ്ദേശ പ്രകാരമല്ലെന്ന സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ അഡ്വ എന്‍ സുനന്ദയുടെ വാദം പൊളിഞ്ഞു.

തുടര്‍നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ച് നവംബര്‍ 30നാണ് അഡ്വ എന്‍ സുനന്ദ റിപ്പോര്‍ട്ട് കടയ്ക്കാവൂര്‍ പൊലീസിന് കൈമാറിയത്. ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്. വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറയുകയുണ്ടായി. പൊലീസിന് വീഴ്ചയെന്ന ആരോപണമടക്കം ഐജി പരിശോധിക്കും. ഹര്‍ഷിത അട്ടല്ലൂരി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *