വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം ഉറ്റു നോക്കുന്ന മണ്ഡലമാണ് നിലമ്പൂര്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനു കനത്ത പരാജയമാണ് നിലമ്പൂരില്‍ നേരിട്ടത്. യു.ഡി.എഫിന്റെ കുത്തകയായ നിലമ്പൂര്‍ മണ്ഡലത്തില്‍ അന്‍വര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വന്‍ വിജയമാണ് എല്‍.ഡി.എഫ് നേടിയത്. അതു കൊണ്ടു തന്നെ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയം വളരെ സൂക്ഷ്മതയോടെയാവും എല്‍.ഡി.എഫ് നടത്തുക.
കഴിഞ്ഞ തവണ ആര്യാടന് ഷൗക്കത്താണ് പി.വി അന്‍വറിനെതിരെ നിലമ്പൂരില്‍ മത്സരിച്ചത്. നിലമ്പൂര്‍ക്കാരുടെ സ്വന്തം കുഞ്ഞാക്കയായ ആര്യാടന് മുഹമ്മദ് ഭദ്രമായി കൊണ്ടുനടന്ന നിലമ്പൂര്‍ മണ്ഡലമാണ് കഴിഞ്ഞ തവണ അദ്ദേഹത്തിന്റെ മകന് ആര്യാടന് ഷൗക്കത്ത് നഷ്ടമാക്കിയത്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിലും ആര്യാടന് ഷൗക്കത്ത് മത്സര രംഗത്തേക്ക് എത്താനുള്ള സാധ്യത ഉണ്ടെങ്കിലും മലപ്പുറം ജില്ലാ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശും മത്സരിക്കാന്‍ സാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന മറ്റൊരു സൂചന.
നിലവില്‍ വി.വി പ്രകാശിനാണ് സ്ഥാനാര്‍ഥി പട്ടികയില്‍ സാധ്യത കൂടുതല്‍. ആര്യാടന് ഷൗക്കത്തിനെയും വി.വി പ്രകാശിനെയും പരിഗണിക്കുന്നതിനാല്‍ നിലമ്പൂര്‍ യുഡിഎഫില്‍ വിള്ളലുണ്ടാകാനുള്ള സാധ്യതകളും കൂടുതലാണ്. അതെ സമയം, വികസനപ്രവര്‍ത്തനങ്ങളും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളും ഉയര്‍ത്തിക്കാട്ടി പി.വി അന്‍വര്‍ മണ്ഡലം നിലനിര്‍ത്താനുള്ള സാധ്യതയും കൂടുതലാണ്. വി.വി പ്രകാശും ആര്യാടന് ഷൗക്കത്തും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനത്തിലെത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4 സീറ്റുകളാണ് മലപ്പുറം ജില്ലയില്‍ ഇടതുമുന്നണിക്കു നേടാന്‍ സാധിച്ചത്. ബാക്കിയെല്ലാം യുഡിഎഫിന്റെ കയ്യില്‍ പതിവുപോലെ ഭദ്രമായി നിലനിന്നു. പിവി അന്‍വര്‍ വിജയിച്ച നിലമ്പൂരിന് പുറമെ, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ മണ്ഡലമായ പൊന്നാനി, മന്ത്രി കെ ടി ജലീലിന്റെ മണ്ഡലമായ തവനൂര്‍, വി അബ്ദുറഹ്മാന്റെ മണ്ഡലമായ താനൂര്‍ എന്നിവയാണ് എല്‍ഡിഎഫ് നേടിയ മലപ്പുറത്തെ സീറ്റുകള്‍. അതെ സമയം, വി.വി പ്രകാശിന് നിലമ്പൂര്‍ നല്‍കികൊണ്ട് ആര്യാടന് ഷൗക്കത്തിനെ സുരക്ഷിതമായ മറ്റേതെങ്കിലും സീറ്റിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്.