പൊന്നാനിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍ സര്‍വ്വീസ് ഹൈഡ്രോ ഗ്രാഫിക് സര്‍വേ തുടങ്ങി

Breaking International Keralam Local News

മലപ്പുറം: പൊന്നാനി ഫിഷിങ് ഹാര്‍ബറിലേക്ക് കപ്പല്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി വാര്‍ഫിന് സമീപത്തെ പുഴയുടെ ആഴം പരിശോധിക്കുന്നതിന് ഹൈഡ്രോ ഗ്രാഫിക് സര്‍വേ തുടങ്ങി. കടലില്‍ നിന്ന് അഴിമുഖം കടന്ന് 400 മീറ്റര്‍ ദൂരം വരെ ഏതാണ്ട് അഞ്ചുമീറ്റര്‍ ആഴമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സര്‍വേ നടപടികള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കൃത്യമായ ആഴം നിര്‍ണയിക്കാന്‍ കഴിയുകയുള്ളു. നിലവിലുള്ള സാഹചര്യം വച്ച് ഹാര്‍ബറിലേക്ക് കപ്പലടുക്കണമെങ്കില്‍ ആഴം കൂട്ടേണ്ടി വരും.

പൊന്നാനി പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് പഠന യാത്ര സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹാര്‍ബറിലേക്ക് കപ്പല്‍ കൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘമാണ് ലക്ഷദ്വീപിലേക്ക് പഠനയാത്ര പുറപ്പെടുന്നത്. പഠന യാത്രയ്ക്ക് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ അനുമതി തേടിക്കൊണ്ട് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി, പി.നന്ദകുമാര്‍ എംഎല്‍എ എന്നിവര്‍ കത്തയച്ചിട്ടുണ്ട്. ലക്ഷദ്വീപ് ഭരണ കൂടത്തിന്റെ അനുമതി ലഭ്യമായാല്‍ അടുത്തമാസം 26ന് പൊന്നാനി ഹാര്‍ബറില്‍ നിന്ന് കപ്പലില്‍ യാത്ര പുറപ്പെടും.

31വരെ പഠന സംഘം ലക്ഷദ്വീപില്‍ ചെലവഴിക്കും. വലിയ കപ്പലാണ് വരുന്നതെങ്കില്‍ ഹാര്‍ബറിനോടു ചേര്‍ന്നുള്ള പുഴയോര ഭാഗത്ത് ആഴം കൂട്ടല്‍ വേണ്ടി വരും. 2 വര്‍ഷം മുന്‍പ് ഹാര്‍ബര്‍ പ്രദേശത്ത് ഹൈഡ്രോ ഗ്രാഫിക് സര്‍വേ നടന്നിരുന്നു. അന്നത്തെ അതേ തോതില്‍ തന്നെയാണ് ഇപ്പോഴും പുഴയുടെ ആഴമെന്നാണ് പ്രാഥമിക നിഗമനം. അസിസ്റ്റന്റ് മറൈന്‍ സര്‍വേയര്‍ ആല്‍ബര്‍ട്ട് എയ്ഡ്രിന്‍ ലൂയിസ്, ഫീല്‍ഡ് അസിസ്റ്റന്റ് മനോജ് കുമാര്‍, ടൈഡ് വാച്ചര്‍ റാവു, രഘുലാല്‍, രാമന്‍, അനില്‍കുമാര്‍ എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.