കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി: മന്ത്രി ഇ.പി ജയരാജന്‍

News

തിരുവനന്തപുരം: നാലര വര്‍ഷം കൊണ്ട് കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കിമറ്റിയെന്ന് വ്യവസായ മന്ത്രി ഇ. പി ജയരാജന്‍ പറഞ്ഞു. വ്യവസായ മേഖലയിലടക്കം കൂടുതല്‍ അവസരങ്ങള്‍ സൃഷ്്ടിച്ച് തൊഴില്‍രഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സര്‍ക്കാരിന്റെ ആദ്യ 100 ദിന പരിപാടിയുടെ ഭാഗമായി വ്യവസായ വകുപ്പ് 28,946 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. രണ്ടാം ഘട്ടത്തില്‍ ഇതുവരെ 17,580 പേര്‍ക്കും തൊഴില്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. നിക്ഷേപ അനുകൂല അന്തരീക്ഷം ഒരുക്കാനും നിക്ഷേപകരെ ആകര്‍ഷിക്കാനും ആവശ്യമായ പരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ സമയബന്ധിതമായി നടപ്പാക്കി. നിക്ഷേപത്തിനുള്ള ലൈസന്‍സുകളും അനുമതി ലഭിക്കാനുള്ള നടപടികളില്‍ ഭൂരിപക്ഷവും ഓണ്‍ലൈന്‍ വഴിയാക്കിയതായും മന്ത്രി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിക്ഷേപ നടപടികള്‍ ലളിതമാക്കാന്‍ ഏഴ് നിയമങ്ങളും 40 ചട്ടങ്ങളും ഭേദഗതി ചെയ്തു. നോക്കുകൂലി നിയമം വഴി നിരോധിച്ചു. നിക്ഷേപകര്‍ക്ക് അനുമതി ലഭ്യമാക്കാന്‍ കെ സ്വിഫ്റ്റ് ഓണ്‍ലൈന്‍ ഏകജാലക സംവിധാനം കൊണ്ടുവന്നു. എം.എസ്.എം.ഇ നിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി വേണ്ടെന്ന നിയമം കൊണ്ടു വന്നതിലൂടെ ഇതുവരെ 8660 പേര്‍ക്ക് അനുമതി ലഭ്യമായി. വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടി വേഗത്തിലാക്കുന്നതിന് നിക്ഷേപം സുഗമാക്കല്‍ ബ്യൂറോ നിലവില്‍ വന്നു. വ്യവസായ ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമായി വര്‍ദ്ധിപ്പിച്ചതായും മന്ത്രി പറഞ്ഞു.
സംരഭക സഹായ പദ്ധതി ആനുകൂല്യം 25 ശതമാനമായി ഉയര്‍ത്തി. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സംരഭകര്‍ക്കും ഈ ആനുകൂല്യം ലഭ്യമാക്കി. പദ്ധതിയിലൂടെ 5027 യൂണിറ്റുകള്‍ക്കായി 238 കോടി രൂപയാണ് അനുവദിച്ചത്. നാലര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 64,879 എം.എസ്.എം. ഇ യൂണിറ്റുകള്‍ തുടങ്ങി. ഇതിലൂടെ 6082 കോടി നിക്ഷേപവും 2.29 ലക്ഷം തൊഴിലും സൃഷ്ടിച്ചു. മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 755.27 കോടി രൂപയാണ് അനുവദിച്ചത്. കോവിഡ് പ്രതിസന്ധിയിലാക്കിയ എം.എസ്.എം.ഇ കള്‍ക്ക് 3434 കോടിയുടെ ഭദ്രതാ പക്കേജും പ്രഖ്യാപിച്ചു. വാണിജ്യ മേഖലയുടെ പുരോഗതിക്കായി വാണിജ്യമിഷന്‍ രൂപീകരിച്ചെന്നും മന്ത്രി പറഞ്ഞു.
പൊതുമേഖല സ്ഥാപനങ്ങളില്‍ നവീകരണവും വൈവിധ്യവത്കരണവും നടപ്പാക്കി. കേരള ഓട്ടോ മൊബൈല്‍ നിര്‍മിച്ച ഇ ഓട്ടോ നേപ്പാളിലേക്ക് കയറ്റി അയച്ചു. ചരിത്രത്തില്‍ ആദ്യമായി കെ.എസ്.ഡി.പി 100 കോടിയിലേറെ രൂപയുടെ വിറ്റ് വരവ് നേടി. എട്ട് കോടിയോളം ലാഭവും കൈവരിച്ചു. കാന്‍സര്‍ മരുന്ന് നിര്‍മ്മാണം ഉടന്‍ തുടങ്ങും. മലബാര്‍ സിമന്റ്‌സും ആറ് കോടിയുടെ പ്രവര്‍ത്തന ലാഭം കൈവരിച്ചു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍സ് 60 കോടിയോളം രൂപയുടെ ലാഭം നേടി. കെ.എം.എം.എല്ലില്‍ ഒക്‌സിജന്‍ പ്ലാന്റ് തുടങ്ങിയതും ഇന്ധനം എല്‍.എന്‍.ജിയിലേക്ക് മാറ്റാനായതും വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു.
സ്പിന്നിംഗ് മില്ലുകളുടെ കാര്യത്തിലും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി. എട്ട് സ്പിന്നിംഗ് മില്ലുകള്‍ ലാഭത്തിലാക്കി. 1200 പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കി. വിദേശത്തേക്ക് 13 കോടി രൂപയുടെ നൂല്‍ കയറ്റി അയച്ചു. കൈത്തറി മേഖല യൂണിഫോം പദ്ധതിയില്‍ 126 ലക്ഷം മീറ്റര്‍ തുണി ഉത്പാദിപ്പിച്ചു. 5900 ഓളം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചു. ഖാദി മേഖലയില്‍ 3384 തൊഴിലവസരം ലഭ്യമാക്കി. എല്ലാ ഖാദിതൊഴിലാളികളെയും ഇ.എസ്.ഐ പരിധിയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കായി 1878 ഏക്കര്‍ പാലക്കാടും 500 ഏക്കര്‍ എറണാകുളത്തും ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. കിന്‍ഫ്രക്കാണ് നിര്‍വഹണ ചുമതല. പദ്ധതിയുടെ ഭാഗമായ ഗിഫ്റ്റ് സിറ്റി തുടങ്ങാനുള്ള നടപടി ആരംഭിച്ചു. കണ്ണമ്പ്രയില്‍ സ്ഥലം ഏറ്റെടുക്കാന്‍ കിഫ്ബി 346 കോടി രൂപ അനുവദിച്ചു. കിന്‍ഫ്രയുടെയും കെ.എസ്.ഐ.ഡി.സിയുടെയും മേല്‍നോട്ടത്തില്‍ 14 വ്യവസായ പാര്‍ക്കുകള്‍ ഒരുങ്ങുകയാണ്. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കും ലൈറ്റ് എന്‍ജിനിയറിങ് പാര്‍ക്ക് രണ്ടാം ഘട്ടം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് പ്രിന്‍സപ്പല്‍ സെക്രട്ടറി ഡോ.കെ ഇളങ്കോവന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, വ്യവസായ ഡയറക്ടര്‍ എം.ജി രാജമാണിക്യം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *