അന്നം മുട്ടിക്കുന്ന എണ്ണവില

India News

ശ്രുതി എ.പി

ദിനപത്രങ്ങളിലെ ചരമകോളം കാണുന്ന മനുഷ്യന്റെ നിസ്സംഗതയും നിസ്സഹായതയും ഇന്ന് മറ്റൊരു വാര്‍ത്തയില്‍ കൂടി കാണാന്‍ കഴിയും; ദിനംപ്രതി പത്തും പതിനഞ്ചും പൈസ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയില്‍. കഴിഞ്ഞ 9 മാസങ്ങള്‍ കൊണ്ട് നാല്പത്തി എട്ടോളം തവണകളായി ഇരുപത്തി രണ്ടിലധികം രൂപയാണ് ഇന്ധനവില വര്‍ദ്ധിച്ചത്. ആഗോളവിലയ്ക്ക് അനുസൃതമായി ഇന്ധന വില കൂട്ടുകയും കുറയ്ക്കുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെ എണ്ണക്കമ്പനികള്‍ക്ക് കൈമാറിയ വില നിയന്ത്രണാവകാശം ഇന്ന് സാധാരണ ജനങ്ങളുടെ വയറ്റത്തടിക്കുന്ന നടപടിയായിരിക്കുന്നു.

ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്നത് മൂന്ന് ഘട്ടങ്ങളായാണ്. ആദ്യ ഘട്ടത്തില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് ഡോളറില്‍ വാങ്ങുന്ന ക്രൂഡ് ഓയിലിനൊപ്പം വിദേശ കടത്തുകൂലി, കസ്റ്റംസ് ഡ്യൂട്ടി, എന്നിവ ചേര്‍ത്ത് ഇന്ത്യന്‍ രൂപ കണക്കാക്കുന്നു, ഇതിനോടൊപ്പം റിഫൈനറി ചാര്‍ജ്, ലാഭം, രാജ്യത്തിനകത്തെ കടത്തുകൂലി എന്നിവ കൂടി ചേര്‍ത്ത് വില നിശ്ചയിക്കുന്നു. രണ്ടാം ഘട്ടത്തില്‍, എക്‌സൈസ് ഡ്യൂട്ടി, സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടി , റോഡ് & ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ് എന്നിവ പ്രകാരം കേന്ദ്ര സര്‍ക്കാരും മൂന്നാം ഘട്ടത്തില്‍ വില്‍പ്പന നികുതി, അഡീഷണല്‍ വില്‍പ്പന നികുതി, സെസ് എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരും നികുതി ചുമത്തുന്നു. ഇതനുസരിച്ച് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പെട്രോളിന് 820 ശതമാനവും ഡീസലിന് 360 ശതമാനവും നികുതി വര്‍ധനവ് ഉണ്ടായിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം ആണെങ്കില്‍ക്കൂടി കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ധനവില ജനസംഖ്യയുടെ സിംഹഭാഗവും ഉള്‍പ്പെടുന്ന സാധാരണ ജനങ്ങളുടെ കഞ്ഞിയില്‍ വീണ പാറ്റയായിരിക്കുന്നുവെന്നതില്‍ തെല്ലും സംശയമില്ല.

കോവിഡ് പരത്തിയ ഭീതിയും ലോക്ഡൗണ്‍ കാരണമുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ജനത്തെ വിട്ടുമാറും മുന്‍പെയാണ് അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിവൃത്തിക്കാന്‍ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഇന്ധനവില കുതിക്കുന്നത്. സൂപ്പര്‍ മാര്‍ക്കറ്റുകളിലോ മറ്റു റീട്ടെയില്‍ ഷോപ്പുകളിലോ പോയാല്‍ വില അധികമാവുമല്ലോയെന്നോര്‍ത്ത് വൈകുന്നേര ചന്തകളോ വിലകുറച്ച് വില്‍ക്കുന്ന പച്ചക്കറി വണ്ടികളോ കാത്തു നില്‍ക്കുന്ന, മാവേലി സ്റ്റോറുകളെയും നന്മ സ്റ്റോറുകളെയും കൂടുതലായി ആശ്രയിക്കുന്ന മനുഷ്യരെ ഇന്ധനവില വര്‍ദ്ധനവ് ബാധിക്കുന്നത് ഭക്ഷ്യ ക്ഷാമം പോലും വരുത്തിയാണ്. പച്ചക്കറി, പലവ്യഞ്ജന, മറ്റാവശ്യ വസ്തുക്കളുടെ വില ഇപ്പൊള്‍ തന്നെ പകുതിയോളം വര്‍ധിച്ചിരിക്കുന്നു. ഉയരുന്ന ഇന്ധന വിലയുടെ സാഹചര്യത്തില്‍ ചരക്കു കൂലിയും മറ്റ് ഗതാഗത ചിലവുകളും ഉയര്‍ത്തിയാല്‍ മാത്രമേ ജീവിത ചെലവ് കണ്ടെത്താനാകൂ എന്നുള്ളതും വസ്തുത തന്നെ. ലോക് ഡൗണിന് ശേഷം ഉണ്ടായ തൊഴിലില്ലായ്മക്കും സാമ്പത്തിക ബാധ്യതകള്‍ക്കും ഇടയില്‍ മനുഷ്യ ജീവിതം സാധാരണ ജീവിതത്തിലേക്ക് എത്തിപ്പെടുന്നേ ഒള്ളൂ. ബസ് സര്‍വീസുകളും മറ്റും പുനരാരംഭിച്ചുവെങ്കിലും യാത്രക്കാര്‍ വളരെ കുറവാണ്. പലപ്പോഴും ദൂരക്കൂടുതലുള്ള ബസ്സുകള്‍ രണ്ടോ മൂന്നോ യാത്രക്കാരെ വെച്ചാണ് സര്‍വീസ് നടത്തുന്നത്. ബസ് ജീവനക്കാര്‍ക്ക് തന്നെ വേതനം ഉറപ്പാക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഇന്ധന വിലയിലുള്ള ഉയര്‍ച്ച ബസ് സര്‍വ്വീസ് നിര്‍ത്തുന്നതിന് കാരണമാകും. കൊച്ചിയില്‍ അമ്പതോളം ബസ്സുകള്‍ സര്‍വീസ് നിര്‍ത്താന്‍ നിര്‍ബന്ധിതമാകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നിട്ട് ഒരാഴ്ച പിന്നിടുന്നെയുള്ളു. തൊഴില്‍ക്കമ്മിക്കും കൂലി കുറവിനും ഇടയില്‍പ്പെട്ടുഴലുന്ന ജനങ്ങള്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ കൂടി നഷ്ട്ടപ്പെട്ടു നട്ടം തിരിയും. ഓട്ടോ- ടാക്‌സി തൊഴിലാളികളുടെ അവസ്ഥയും വ്യത്യസ്തമല്ല. നൂറ്റമ്പതോ ഇരുന്നൂറോ രൂപയ്ക്ക് എണ്ണയടിച്ച് ഓടുന്നവരാണ് ഇവരിലധികവും. ഇന്ധനവില വര്‍ധിക്കുമ്പോള്‍ സ്വാഭാവികമായും ഇന്ധനം കുറയും, വീണ്ടും പെട്രോളോ ഡീസലോ അടിക്കാന്‍ പണം ചിലവാക്കേണ്ടതായി വരും. എന്നാല്‍ ഈ ചിലവിനനുസരിച്ച് വരവ് ഇന്നത്തെ സാഹചര്യത്തില്‍ ഇവര്‍ക്ക് ലഭിക്കുന്നില്ലതാനും. ഇന്ധന വില വര്‍ധിക്കുന്നതിന് അനുസരിച്ച് മിനിമം ബസ് ചാര്‍ജും ടാക്‌സി ചാര്‍ജും വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് പണിമുടക്കും പ്രതിഷേധവും സമരങ്ങളും ഹര്‍ത്താലുകളും പൊട്ടിപ്പുറപ്പെടും. സാധാരണ ജനങ്ങള്‍ക്കൊപ്പം ബസ്, ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ കൂടി കഷ്ടപ്പാടിലേക്ക് കൂപ്പുകുത്തും. ഇവരെല്ലാം പട്ടിണിയായാല്‍ പോലും സകല പ്രതിഷേധങ്ങളും വെള്ളത്തില്‍ വരച്ച വര പോലെ ആകുന്ന പ്രതികരണമാണ് ലഭിക്കുന്നത്.
ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് സ്വന്തമായൊരു വാഹനം എന്നു ധൈര്യമായി പ്രസ്താവിക്കാം. എന്നാല്‍ ഇന്നിതിന് രണ്ട് വശങ്ങളുണ്ട്;കൊവിഡ് കാലത്ത് സ്വകാര്യ വാഹനങ്ങള്‍ വാങ്ങിയവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പൊതുവാഹനങ്ങളുടെ അഭാവത്തിലും സുരക്ഷാ ഭീതിയിലും സ്വകാര്യ വാഹനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായവരും, സ്വപ്നവാഹനം സ്വന്തമാക്കിയവരും. ഇരു കൂട്ടരും ഒരു പോലെ കഷ്ടപ്പെടും. കുറച്ച് കാലം മുന്‍പ് വരെ റോയല്‍ എന്‍ഫീല്‍ഡ്, ഡ്യൂക് പോലുള്ള ഇരു ചക്ര വാഹനങ്ങളും ഈയടുത്ത് വിപണിയിലെത്തിയ കിയ കമ്പനിയുടെ നാലു ചക്ര വാഹനങ്ങളും ട്രെന്‍ഡിങ് ആയി വില്‍പന ചെയ്യപ്പെട്ടിരുന്നു. വാഹനത്തോടുള്ള ഇഷ്ടവും യാത്ര ചെയ്യാനുള്ള ആഗ്രഹവും ഒരു പോലെ നില നില്‍ക്കുമ്പോഴും ഇന്ധന വില യാത്രകള്‍ക്ക് വിലങ്ങുതടിയാകും. ഉപയോഗിക്കാതെ ഇരിക്കുന്ന വാഹനങ്ങളുടെ ബാറ്ററിയും മറ്റും കേടാകുന്നതും വാഹനം ഉപയോഗശൂന്യമാകുന്നതുമായ ഭീഷണി നിലനില്‍ക്കുമ്പോഴും ഈ വാഹനങ്ങളുടെ പ്രതിമാസ ഈ. എം. ഐ അടച്ചു കൊണ്ടിരിക്കുകയായിരിക്കും പകുതിയിലധികം ആളുകളും.

ജനങ്ങളാകെ വലഞ്ഞിരിക്കുന്ന ഈ പ്രശ്‌നത്തിന് ശാശ്വതപരിഹാരം സര്‍ക്കാര്‍ നികുതിതീരുവ കുറക്കണമെന്നത് തന്നെയാണ്. അതൊരു വിദൂര സ്വപ്നമായി നിലനില്‍ക്കുന്നതിനാല്‍ പ്രതിവിധികള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. ആലപ്പുഴ, കൊല്ലം പോലുള്ള ഭൂഘടനയില്‍ വലിയ കയറ്റിറക്കങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ പ്രായഭേദമന്യേ ആളുകള്‍ ഇപ്പോഴും വ്യാപകമായി സൈക്കിള്‍ ഉപയോഗിക്കുന്നത് കാണാം. പ്രഭാത സവാരിക്കും വ്യായാമത്തിനും മറ്റെല്ലാ സ്ഥലങ്ങളിലും സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. വലിയ ദൂരങ്ങള്‍ക്ക് ഇത് പ്രായോഗികമല്ലെങ്കില്‍ക്കൂടി സമയം ക്രമീകരിച്ച് ഉപയോഗിച്ചാല്‍ ഒരു പരിധി വരയെങ്കിലും ദൂരങ്ങള്‍ നമ്മുക്ക് പണച്ചിലവോ ഇന്ധന ഉപയോഗമോ ഇല്ലാതെ താണ്ടാന്‍ കഴിയും. പിന്നെയുള്ളത്, ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയില്‍ ഇറക്കുക എന്നുള്ളതാണ്. ഇന്ധനോപയോഗം കുറയ്ക്കാമെങ്കിലും വ്യാപകമായി ഇത്തരം വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ പ്രതിസന്ധികള്‍ ഏറെയാണ്. ആവശ്യമല്ല, അത്യാവശ്യം തന്നെയായത് കൊണ്ട്, വാഹന നിര്‍മ്മാതാക്കള്‍ വന്‍ ലാഭേച്ഛയോടെ വില നിശ്ചയിക്കുമെന്നതില്‍ സംശയമില്ല. ഇത്തരം വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സമയം കൂടുതലാണ്, അതു പോലെ തന്നെ ഇവയുടെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ധാരാളമായി സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യമെന്തെന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്‌ഫോടന സാധ്യത വളരെ കൂടുതലും ആണ്. സമയവും ശ്രദ്ധയും ഒരുപോലെ വിനിയോഗിക്കപ്പെടേണ്ട ആശയമാണ് എന്നത് മാത്രമല്ല, ആളുകള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പുറമേയും.

‘ഇത്ര പണം വീട്ടു ചിലവിന്, ഇത്ര ചിട്ടിക്ക്, ഇത്ര പെട്രോളിന്, മറ്റാവശ്യങ്ങള്‍ക്ക് ‘എന്ന് എണ്ണിത്തിട്ടപ്പെടുത്തി ജീവിക്കുന്ന ജനത്തിന്റെ മിച്ച നോട്ടുകള്‍ നിറയാത്ത പോക്കറ്റുകള്‍ ഇനിയും കൊള്ളയടിക്കപ്പെടാതിരിക്കട്ടെ എന്ന് പ്രത്യാശിക്കുന്നതിനൊപ്പം ഇനി പ്രതീക്ഷ പുതു തലമുറയിലാണ്, പുനരുപയോഗിച്ചും പുനര്‍നിര്‍മ്മിച്ചും അത്ഭുതകരമാം വണ്ണം ആവശ്യങ്ങളെ നിറവേറ്റാന്‍ വഴി തെളിക്കുന്നവരില്‍.

Leave a Reply

Your email address will not be published. Required fields are marked *