ഉപഭോക്താവിനെ കബളിപ്പിക്കുന്ന പരസ്യം, പെരിന്തല്‍മണ്ണ ഹൈടെക് വെഡിങ് കാസ്റ്റിലിന് പതിനായിരംരൂപ പിഴ

Breaking News

മലപ്പുറം: ഉപഭോക്താവിനെ കബളിപ്പിക്കുംവിധം പരസ്യം നല്‍കിയ പെരിന്തല്‍മണ്ണയിലെ കടയുടമയ്ക്ക് പിഴ
വസ്ത്രങ്ങള്‍ പകുതിവിലയില്‍ വിറ്റ് കട കാലിയാക്കുന്നൂവെന്ന് പരസ്യംനല്‍കിയശേഷം വ്യവസ്ഥ പാലിക്കാതെ വില ഈടാക്കിയ പെരിന്തല്‍മണ്ണയിലെ ഹൈടെക് വെഡിങ് കാസ്റ്റിലിനെതിരെയാണ് കമ്മീഷന്റെ നടപടി. മണക്കട സ്വദേശി ഷിഹാബുല്‍ അക്ബര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

കടയുടമ നഷ്ടപരിഹാരവും കോടതിച്ചെലവുമായി 10,000 രൂപ പരാതിക്കാരന് നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചു.. ആകര്‍ഷകമായ പരസ്യം നല്‍കുകയും ഉപഭോക്താവിന് പ്രത്യക്ഷത്തില്‍ കാണാനാവാത്ത വിധം ‘വ്യവസ്ഥകള്‍ ബാധകം’ എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നത് അവകാശലംഘനമാണെന്ന് കോടതി വിലയിരുത്തി. വാഗ്ദാനങ്ങള്‍ പരസ്യപ്പെടുത്തുന്ന തുല്യ പ്രാധാന്യത്തില്‍ വ്യവസ്ഥകള്‍ ബാധകമെങ്കില്‍ അതും പ്രസിദ്ധപ്പെടുത്തണം.

അധികമായി ഈടാക്കിയ തുക ഹരജിക്കാരന് നല്‍കണമെന്നും അഡ്വ. പ്രീതി ശിവരാമന്‍, അഡ്വ. കെ. മോഹന്‍ദാസ് എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ വിധിച്ചു. ‘ഒന്നു വാങ്ങിയാല്‍ ഒന്ന് സൗജന്യം’ എന്ന പരസ്യവാചകത്തില്‍ ആകൃഷ്ടനായാണ് പരാതിക്കാരന്‍ കടയില്‍ച്ചെന്നത്. പകുതി വിലയില്‍ കൂടുതല്‍ ഈടാക്കിയ കടയുടമയോട് തര്‍ക്കിച്ചെങ്കിലും വ്യവസ്ഥകള്‍ ബാധകമാണെന്ന് നോട്ടീസില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് തര്‍ക്കപരിഹാര കമ്മിഷനെ സമീപിച്ചത്. ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കില്‍ ഹരജി നല്‍കിയ തീയതി മുതല്‍ 12 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *