വി.പി ഫസലിന്റെ കുടുംബത്തിനായി നൂറ്റിപ്പത്തോളം ബസുകള്‍ സര്‍വ്വീസ് നടത്തി

Breaking News

മലപ്പുറം: ജോലിക്ക് പോകുന്നതിനിടെ കോട്ടക്കല്‍ പുത്തൂര്‍ കുളത്തുപറമ്പ് വളവില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍പ്പെട്ട് മരണപ്പെട്ട വി.പി ഫസലിന്റെ കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നൂറ്റിപ്പത്തോളം സ്വകാര്യ ബസ്സുകള്‍ ഇന്ന് സര്‍വീസ് നടത്തി. ഇന്നത്തെ വരുമാനവും ജീവനക്കാരുടെ വേതനവും ഫസലിന്റെ കുടുംബത്തിനു കൈമാറും. മറ്റു ചില ബസ്സുകള്‍ കൂടെ സഹായധന ശേഖരണത്തിനായി തയ്യാറായി മുന്‍പോട്ടു വന്നതോടെ ഇത് രണ്ടു ദിവസം തുടരും. സഹപ്രവര്‍ത്തകര്‍ ഫസലിനു വേണ്ടി മുന്നിട്ടിറങ്ങിയപ്പോള്‍ യാത്രക്കാരെല്ലാം നിറഞ്ഞ മനസ്സോടെ കയ്യയച്ച് പണം നല്‍കിയപ്പോള്‍ ധനശേഖരണം പ്രതീക്ഷിച്ചതിലും കൂടുതല്‍ വിജയമായി. പലരും ടിക്കറ്റ് തുകയെക്കാള്‍ പണം നല്‍കി. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ സ്വകാര്യ ബസ്സുകളാണ് സര്‍വ്വീസ് നടത്തിയത്.

കഴിഞ്ഞ ഫെബ്രുവരി പത്തൊമ്പതിനാണ് ജോലിക്ക് പോകുന്നതിനിടെ കോട്ടക്കല്‍ പുത്തൂര്‍ കുളത്തുപറമ്പ് വളവില്‍ വെച്ചുണ്ടായ ബൈക്കപകടത്തില്‍പ്പെട്ട് വി.പി ഫസല്‍ മരണപ്പെട്ടത്. ഏക അത്താണിയായ ഫസലിന്റെ തുച്ഛമായ വരുമാനം പ്രതീക്ഷിച്ചായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ഫസലിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തിനു സഹായഹസ്തമായിരിക്കുകയാണ് ബസ് ജീവനക്കാരും ഉടമകളും.

Leave a Reply

Your email address will not be published. Required fields are marked *