മൂന്ന് മുന്നണികളോടും ഒരേ നിലപാട് സ്വീകരിക്കും: യാക്കോഭായ സഭ

News Politics

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിശ്വാസികളുടെ വോട്ട് സഭയ്ക്ക് തന്നെയാകണമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ സമീപനമാണ്. ഏത് മുന്നണി സഭയെ സഹായിച്ചാലും അവരോടൊപ്പം നില്‍ക്കും. ഇതുവരെ ഒരു പാര്‍ട്ടിക്കും അനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നും മാനേജിംഗ് കമ്മിറ്റി ചേര്‍ന്ന് ഉടന്‍ നിലപാട് വ്യക്തമാക്കുമെന്നും സഭ സുനഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് അറിയിച്ചു.

പ്രധാനപ്പെട്ട മൂന്ന് മുന്നണികളാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. അതുകൊണ്ട് തന്നെ മൂന്ന് മുന്നണികളോടും ഒരെ നിലപാടാണ് സഭയ്ക്കുള്ളത്. ഈ വര്‍ഷത്തെ വോട്ട് സഭയ്ക്കാകണം. അത് സഭയുടെ നിലനില്‍പ്പിന് പ്രയോജനപ്പെടണം. അത് സഭയുടെ ഭാവിക്ക് ഉപകാരപ്രദമായിരിക്കണമെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

കഴിഞ്ഞദിവസം ചേര്‍ന്ന യാക്കോബായ സഭയുടെ വര്‍ക്കിംഗ് കമ്മിറ്റി യോഗം ബിജെപിയെ പിന്തുണയ്ക്കുന്ന കാര്യം ചര്‍ച്ച ചെയ്തിരുന്നു. ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ സഭയ്ക്ക് അത് ഗുണം ചെയ്യുമെന്നായിരുന്നു വര്‍ക്കിംഗ് കമ്മിറ്റിയിലുയര്‍ന്ന വികാരം. ഈ നിര്‍ദ്ദേശം സഭാ സുനഹദോസ് ഇന്ന് ചര്‍ച്ച ചെയ്തു. എന്നാല്‍ പരസ്യമായ നിലപാട് സഭ പ്രഖ്യാപിച്ചില്ല. എല്ലാ മുന്നണികളോടും ഒരെ സമീപനമായിരിക്കുമെന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *