എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍ക്ക് അതൃപ്തി

News Politics Videos

നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തില്‍ എല്‍.ഡി.എഫിലെ ചെറുകക്ഷികള്‍ക്ക് അതൃപ്തി.
കേരളാ കോണ്‍ഗ്രസി(എം)നെ ഘടകകക്ഷിയാക്കിയതിന്റെ മറവില്‍ തങ്ങളുടെ സിറ്റിങ് സീറ്റുകള്‍ പോലും കവര്‍ന്നെന്നാണു ജനതാദള്‍(എസ്), എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളുടെ പരിഭവം. കഴിഞ്ഞ തവണ യു.ഡി.എഫിലായിരുന്നപ്പോള്‍ ഏഴ് സീറ്റുകള്‍ ലഭിച്ച എല്‍.ജെ.ഡിക്ക് ഇത്തവണ ഇടതുമുന്നണിയില്‍ എത്തിയപ്പോള്‍ മൂന്ന് സീറ്റുകളേ കിട്ടിയുള്ളു. ജനതാദളിന് സീറ്റുകള്‍ അഞ്ചില്‍ നിന്ന് നാലായി കുറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സി.കെ നാണു പ്രതിനിധീകരിച്ചിരുന്ന വടകര മണ്ഡലം ഇത്തവണ എല്‍.ജെ.ഡിക്കായി ഏറ്റെടുത്തു.

എന്‍.സി.പി. സീറ്റുകള്‍ നാലില്‍നിന്ന് മൂന്നായി. സിറ്റിങ് സീറ്റായിരുന്ന പാലാ നഷ്ടമായി. സ്വന്തം സീറ്റുകള്‍ ഉറപ്പിച്ച ചില മന്ത്രിമാരും മുന്‍മന്ത്രിമാരും പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ ബലികഴിച്ചെന്ന അമര്‍ഷമാണു പ്രധാന നേതാക്കള്‍ക്ക് പോലുമുള്ളത്. കഴിഞ്ഞ തവണ നാല് സീറ്റില്‍ മത്സരിച്ച ജനാധിപത്യകേരളാ കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റേയുള്ളു. ആകെ ലഭിച്ച തിരുവനന്തപുരം സീറ്റില്‍ മുന്‍ എം.എല്‍.എ ആന്റണി രാജുവാണ് സ്ഥാനാര്‍ഥി. കുട്ടനാട്, ചങ്ങനാശേരി സീറ്റുകള്‍ക്കായി അവകാശവാദം ഉന്നയിച്ചിരുന്നെങ്കിലും ഫലം കണ്ടില്ല. അവഗണനയ്ക്കെതിരേ പാര്‍ട്ടി ചെയര്‍മാന്‍ ഡോ. കെ.സി ജോസഫ് ഉള്‍പ്പടെയുള്ളവര്‍ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യം നേതൃതലത്തില്‍ ശക്തമാണ്.

കൊല്ലത്തെ ചവറ സീറ്റ് 2016ല്‍ സി.എം.പിക്കാണു നല്‍കിയത്. ഈ സീറ്റില്‍ മത്സരിച്ചു ജയിച്ച വിജയന്‍ പിള്ള പിന്നീട് സി.പി.എമ്മില്‍ ചേര്‍ന്നു. വിജയന്‍പിള്ളയുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ഡോ. സുജിത്തിനെ സി.പി.എം സ്വന്തം ടിക്കറ്റിലാണ് ഇത്തവണ മത്സരിപ്പിക്കുന്നതെന്നതിനാല്‍ സി.എം.പിയുടെ പ്രാതിനിധ്യം ഇല്ലാതായി.

അതേസമയം പിളരുന്തോറും വളരുന്ന പാര്‍ട്ടിയെന്ന പേര് സീറ്റുകളുടെ എണ്ണംകൊണ്ട് കേരളാ കോണ്‍ഗ്രസ് കാത്തു. കേരളാ കോണ്‍ഗ്രസ് എമ്മിനും ജോസഫ് വിഭാഗത്തിനുമായി ഇരുമുന്നണികളിലുമായി ലഭിച്ചത് ഇരുപതിലേറെ സീറ്റുകളാണ്. 2016ല്‍ പതിനഞ്ച് സീറ്റുകളാണ് കേരളാ കോണ്‍ഗ്രസി(എം)ന് യു.ഡി.എഫ്. നല്‍കിരുന്നത്. അതില്‍ നാലെണ്ണമാണ് ജോസഫ് വിഭാഗത്തിന്റെ െകെവശമുണ്ടായിരുന്നത്. ഇത്തവണ ഇരു വിഭാഗങ്ങളും നാലിടങ്ങളിലാണ് പരസ്പരം മത്സരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *