സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ വലിയ രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറിന്റെ മുന്‍ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ അഡ്വ. ഷൈജന്‍ സി. ജോര്‍ജ്

Keralam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്കുമേല്‍ വലിയ രീതിയില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറിന്റെ മുന്‍ സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍ അഡ്വ. ഷൈജന്‍ സി. ജോര്‍ജ്. സ്വര്‍ണക്കടത്ത് കേസന്വേഷണം ഏറ്റെടുക്കുമ്പോള്‍ ഇ.ഡിക്കൊപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഷൈജന്‍ സി. ജോര്‍ജ്.

കാര്യങ്ങള്‍ ശരിയായ രീതിയിലല്ല പോകുന്നത് എന്ന് മനസിലായപ്പോള്‍ താന്‍ സ്ഥാനം ഒഴിയുകയായിരുന്നുവെന്നും അത് ഉചിതമായ തീരുമാനമായിരുന്നുവെന്ന് ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തോന്നുന്നുണ്ടെന്നും ഷൈജന്‍ കൂട്ടിച്ചേര്‍ത്തു.

‘ ആസൂത്രിത ലക്ഷ്യത്തോടെ ചില നടപടികള്‍ ആവശ്യപ്പെട്ടിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ പിന്നീട് സ്റ്റാന്‍ഡിങ്ങ് കോണ്‍സല്‍മാര്‍ക്ക് ഉള്‍പ്പെടെ കിട്ടിത്തുടങ്ങി.

ബി.ജെ.പി നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടലാണ് അതെന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടായില്ല.

ഞാന്‍ കൈക്കൊണ്ട ചില നിയമപരമായ നടപടികള്‍ അവര്‍ക്ക് ഇഷ്ടപ്പെടാതെ വന്നു. സ്വപ്നയുടെയും സരിത്തിന്റെയും കസ്റ്റഡി അപേക്ഷ ഇ.ഡിക്കു വേണ്ടി ആദ്യം കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് റദ്ദാക്കിച്ചു,” ഷൈജന്‍ പറഞ്ഞു. ദേശാഭിമാനി പത്രത്തോടായിരുന്നു അദ്ദഹേത്തിന്റെ പ്രതികരണം.

തുടക്കത്തില്‍ കസ്റ്റംസ് ശരിയായ ദിശയിലായിരുന്നു. എന്നാല്‍ പിന്നീട് കസ്റ്റംസ് എന്തോ വഴിവിട്ട് ചെയ്യാന്‍ പോകുന്നുവെന്ന പ്രതീതി മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് ഉണ്ടായി. ഇ.ഡി അന്വേഷണ ഉദ്യോഗസ്ഥരില്‍ ഉള്‍പ്പെടെ അതിന്റെ മാറ്റം പ്രകടമായെന്നും അദ്ദേഹം പറഞ്ഞു.

ഏജന്‍സികള്‍ തമ്മിലുള്ള ഏകോപനം പോരെന്ന് ഇ.ഡി പരാതി പറഞ്ഞതോടെ സ്ഥാനമൊഴിയുകയായിരുന്നെന്ന് ഷൈജന്‍ സി. ജോര്‍ജ് പറഞ്ഞു. നേരത്തെ ബി.ജെ.പി മുഖപത്രത്തിന്റെ ലീഗല്‍ അഡൈ്വസറായിരുന്നു ഷൈജന്‍.

Leave a Reply

Your email address will not be published. Required fields are marked *