ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു; രാജ്യാന്തര വിപണിയില്‍ വില വര്‍ധിക്കുന്നു

India News

കൊച്ചി: പെട്രോള്‍ ഡീസല്‍ വില മാറ്റമില്ലാതെ പതിനൊന്നാം ദിവസവും തുടരുന്നു . കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ്. കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. പ്രധാന മെട്രോനഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും ഇന്ധന വില റെക്കോര്‍ഡിലാണ്. ചില്ലറ ഇന്ധന വില ഇപ്പോള്‍ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 91.04 രൂപയാണ് വില. ഡീസലിന് 85.59 രൂപയും. കോഴിക്കോട് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.99 രൂപയുമാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപയാണ് വില. ഡീസലിന് 81.47 രൂപയാണ് വില. മുംബൈയില്‍ പെട്രോള്‍ വില സെഞ്ച്വറി അടിക്കാന്‍ ഇനി മൂന്ന് രൂപയോളം മതി. ഒരു ലിറ്റര്‍ പെട്രോളിന് 97.57 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 88.60 രൂപയും. ആഗോള അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റവും പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യകത ഉയര്‍ന്നതുമാണ് ഇന്ധന വില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങള്‍. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്.

സൗദി അറേബ്യയുടെ എണ്ണസംഭരണികളിലേക്ക് ഹൂതി വിമതര്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണം രാജ്യത്തെ ഇന്ധനവിലയെ പുതിയ റെക്കോര്‍ഡുകളില്‍ എത്തിച്ചേക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 20 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേക്ക് അസംസ്‌കൃത എണ്ണവില ഉയരാന്‍ ഈ ആക്രമണം വഴിവച്ചു. സൗദിയുടെ എണ്ണപ്പാടങ്ങള്‍ക്കോ സംഭരണ കേന്ദ്രങ്ങള്‍ക്കോ നഷ്ടങ്ങളൊന്നും സംഭവിച്ചില്ല. സൗദി കൃത്യസമയത്തു തിരിച്ചടിക്കുകയും ചെയ്തു. എന്നാല്‍, ആക്രമണം കൊണ്ടുണ്ടായ സുരക്ഷാ പ്രശ്‌നങ്ങളാണു രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില ഉയര്‍ത്തിയത്.

ബാരലിന് 71 ഡോളറിനു സമീപത്തേക്കു വരെ വില ഉയരുകയും ചെയ്തു. എണ്ണ ഉല്‍പാദനം കൂട്ടാന്‍ തല്‍ക്കാലം ഉദ്ദേശ്യമില്ലെന്ന് സൗദി കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തില്‍കൂടിയാണ് വില വീണ്ടും 70 ഡോളര്‍ കടന്നത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ പടിപടിയായി ക്രൂഡ് വില ഉയരുകയാണ്. കോവിഡില്‍ കുത്തനെ ഇടിഞ്ഞ എണ്ണ ഡിമാന്‍ഡ് ക്രമേണ ഉയരുന്നതാണു കാരണം.

ഡിമാന്‍ഡ് ഉയര്‍ന്നു നില്‍ക്കുമ്പോഴും എണ്ണ ഉല്‍പാദനം കൂട്ടാന്‍ ഉദ്ദേശ്യമില്ലെന്ന സൗദിയുടെ പ്രഖ്യാപനവും വില കൂടാന്‍ കാരണമായി. സൗദിയുടെ ഈ പ്രഖ്യാപനത്തെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച 2.5 ഡോളറിലേറെ വില ബാരലിന് ഉയര്‍ന്നിരുന്നു. കോവിഡ് വാക്‌സീന്‍ വ്യാപകമാകുന്നതിന്റെ ഫലമായി സമ്പദ്വ്യവസ്ഥകളിലുണ്ടാകുന്ന ഉണര്‍വ് അനുദിനം എണ്ണ ഡിമാന്‍ഡ് കൂട്ടുന്നുണ്ട്. ഈ വര്‍ഷം മാത്രം ക്രൂഡ് വിലയില്‍ 30 ശതമാനത്തിലേറെ വര്‍ധനയുണ്ടായി.

നിലവില്‍ റെക്കോര്‍ഡ് വിലയ്ക്ക് പെട്രോളും ഡീസലും വാങ്ങുന്ന ഇന്ത്യന്‍ ഉപഭോക്താക്കളെ രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ബാധിച്ചേക്കാം. രാജ്യത്തെ ഇന്ധനത്തിന്റെ റീട്ടെയില്‍ വില നിശ്ചയിക്കുന്നതില്‍ രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയ്ക്കു നിര്‍ണായക പങ്കുള്ളതിനാലാണിത്. നികുതി കുറയ്ക്കാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തയാറായാല്‍ മാത്രം വിലക്കയറ്റം തടയാനാകും. അസംസ്‌കൃത എണ്ണവില 40 ഡോളറിലെത്തിയപ്പോള്‍ മുതല്‍ എണ്ണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ മുതല്‍ ഫെബ്രുവരി വരെ പെട്രോളിന് 10 രൂപയും ഡീസലിന് 11 രൂപയും കൂട്ടി. രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പെട്രോളിന് ലീറ്ററിന് 100 രൂപയ്ക്കു മുകളില്‍ വിലയുണ്ട്. ഈ കാലയളവില്‍ ക്രൂഡ് വില ബാരലിന് 64 ഡോളര്‍ വരെ ഉയര്‍ന്നു. എണ്ണവില കുത്തനെ കുറഞ്ഞപ്പോള്‍ അതിന്റെ ആനുകൂല്യമൊന്നും ജനങ്ങള്‍ക്കു നല്‍കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തയാറായിരുന്നുമില്ല. അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി വന്‍തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്തു.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളര്‍ കടന്നെങ്കിലും കഴിഞ്ഞ 10 ദിവസമായി പെട്രോള്‍, ഡീസല്‍ വിലകള്‍ എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടില്ല. കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാവാം വില വര്‍ധനയ്ക്കു താല്‍ക്കാലിക ആശ്വാസം എന്നാണു വിലയിരുത്തലുകള്‍. മുന്‍പും തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം വില മാറ്റമില്ലാതെ തുടരുന്ന പതിവുണ്ടായിരുന്നു. കര്‍ണാടക, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു സമയത്തും ഒരു മാസത്തിലേറെ വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *