ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഐഷി ഘോഷ് ബംഗാളില്‍ സി.പി.എം സ്ഥാനാര്‍ഥി

India News Politics

കൊല്‍ക്കത്ത: ഡല്‍ഹി ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷ് പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു . കഴിഞ്ഞ വര്‍ഷം ക്യാമ്പസിലെ സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന നേതാവാണ് 26 കാരിയായ ഐഷി ഘോഷ്. എസ് എഫ് ഐ യില്‍ പ്രവര്‍ത്തിക്കുന്ന ഐഷി പശ്ചിമ ബംഗാളിലെ ജമൂരിയ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

ജെഎന്‍എയു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായിരിക്കേ ഒരാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇത് ആദ്യമായാണ് എന്ന് എസ് എഫ് ഐ ദേശീയ ജനറല്‍ സെക്രട്ടറി മയൂഖ് ബിശ്വാസ് പറയുന്നു. കല്‍ക്കരി മാഫിയകള്‍ ധാരാളം ഉള്ള ജമുരിയയില്‍ നിന്ന് ജനവിധി തേടുമ്പോള്‍ ഐഷിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിരവധി യുവ നേതാക്കളെ കൂടി ഉള്‍പ്പെടുത്തിയാണ് ബംഗാളില്‍ ഇത്തവണ സിപിഎം തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രായമായവരുടെ പാര്‍ട്ടി എന്നാണ് രാഷ്ട്രീയ എതിരാളികളായ തൃണമൂല്‍ കോണ്‍ഗ്രസ് പലപ്പോഴും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വിശേഷിപ്പിക്കാറ്. അത്തരം ആക്ഷേപങ്ങള്‍ക്ക് ഒന്നും ഇടം നല്‍കാത്ത സ്ഥാനാര്‍ത്ഥികളുമായാണ് ഇത്തവണ ഇടതുപക്ഷം രംഗത്ത് എത്തിയിരിക്കുന്നത്.

ഐഷിക്ക് പുറമേ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ശ്രിജന്‍ ഭട്ടാചാര്യ ഹുഗ്ലി ജില്ലയിലെ സിംഗൂരില്‍ നിന്നും മത്സരിക്കുന്നു. നിലവില്‍ ത്രിണമൂലിന് ഒപ്പം നില്‍ക്കുന്ന മണ്ഡലത്തില്‍ ശക്തമായ മത്സരം ആയിരിക്കും ശ്രിജന്‍ കാഴ്ച്ച വെക്കുക. ഇത്തവണ തൃണമൂല്‍ ടിക്കറ്റ് ലഭിക്കില്ലെന്ന് കണ്ട് മണ്ഡലത്തിലെ എംഎല്‍എ ആയ 80 വയസിന് മുകളിലുള്ള രവീന്ദ്ര നാഥ് ഭട്ടാചാര്യ അടുത്തിടെ ബിജെപി യില്‍ ചേര്‍ന്നിരുന്നു.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് മീനാക്ഷി മുഖര്‍ജി തൃണമൂലിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി മമതാ ബാനര്‍ജിക്കും ബിജെപിയുടെ സുവേന്ദു അധികാരിക്കും എതിരെ നന്ദിഗ്രാമില്‍ നിന്നും മത്സരിക്കുന്നു. ഒരു കാലത്ത് ഇടതു പക്ഷത്തിന്റ ശക്തി കേന്ദ്രമായിരുന്നു നന്ദിഗ്രാം.

ബുധനാഴ്ച്ചയാണ് സിപിഎം മത്സരിക്കുന്ന ഒട്ടു മിക്ക സീറ്റുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഇടതുപക്ഷ ചെയര്‍മാനും മുതിര്‍ന്ന നേതാവുമായ ബിമന്‍ ബോസ് പുറത്ത് വിട്ടത്. 294 മണ്ഡലങ്ങളിലേക്കാണ് 6 ഘട്ടങ്ങളിലായി ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബിജെപിയും തൃണമൂലും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നാണ് ഇടതുപക്ഷം മത്സരിക്കുന്നത്. മതപുരോഹിതനായ അബ്ബാസുദ്ദീന്‍ സിദ്ദിഖിയുടെ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടും ഈ മുന്നണിയുടെ ഭാഗമാണ്. കോണ്‍ഗ്രസും ഐ.എസ്.എഫും തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രത്യേകം പുറത്തുവിടും എന്നും ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നും ബിമന്‍ ബോസ് പറഞ്ഞു.

ഇടത് മുന്നണി 165, കോണ്‍ഗ്രസ് 92, ഐഎസ്എഫ് 32 എന്ന ക്രമത്തിലാണ് സീറ്റുകള്‍ പങ്കുവെച്ചിരിക്കുന്നത്. ഇതു വരെ 160 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഇടതുപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം ശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഈ മാസം 27 നാണ് ബംഗാളില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *