ലൂ ഓട്ടന്‍സ് അന്തരിച്ചു

International News

കാസറ്റ് ടേപ്പുകള്‍ കണ്ടുപിടിച്ച വിഖ്യാതനായ ഡച്ച് എഞ്ചിനീയര്‍ ലൂ ഓട്ടന്‍സ് അന്തരിച്ചു. നെതര്‍ലന്‍ഡ്‌സിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.94 വയസായിരുന്നു.ഒരു കാലത്ത് ജനങ്ങള്‍ക്കിടയില്‍ തരംഗമായിരുന്ന കാസറ്റ് ടേപ്പുകളുടെ കണ്ടുപിടിത്തത്തിന്റെ പേരിലാണ് ഓട്ടന്‍സ് പ്രസിദ്ധിനേടുന്നത്. ഈ കണ്ടുപിടിത്തം ആളുകളുടെ സംഗീതാസ്വാദനത്തില്‍ തന്നെ സമാനതകളില്ലാത്ത മാറ്റമാണ് സൃഷ്ടിച്ചത്. 1960-കളില്‍ കാസറ്റുകളുടെ രംഗപ്രവേശത്തിനു ശേഷം 100 ബില്യണോളം കാസറ്റുകള്‍ ഇതിനകം വിറ്റഴിഞ്ഞിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

1960-ല്‍ ഫിലിപ്‌സ് എന്ന പ്രമുഖ കമ്പനിയുടെ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് വകുപ്പിന്റെ തലവനായിരിക്കെയാണ് ഓട്ടന്‍സ് കാസറ്റ് ടേപ്പുകള്‍ രൂപപ്പെടുത്തുന്നത്. 1963-ല്‍ ബെര്‍ലിനിലെ റേഡിയോ ഇലക്ട്രോണിക്‌സ് മേളയില്‍ അവതരിപ്പിച്ചതിന് ശേഷമാണ് കാസറ്റുകള്‍ പ്രചുരപ്രചാരം നേടുന്നത്.

വലിയ റീലുകളാല്‍ പാട്ട് പാടിയിരുന്ന റീല്‍ റ്റു റീല്‍ ടേപ്പുകള്‍ മാറ്റണമെന്ന് ഓട്ടന്‍സിന് എപ്പോഴും തോന്നിയിരുന്നു. അവ ഭാരം കൂടിയതും ഉപയോഗിക്കാന്‍ സൗകര്യം കുറഞ്ഞതും പോരാത്തതിന് വിലയേറിയതുമായിരുന്നു. കുറഞ്ഞ വിലയില്‍ ആളുകള്‍ക്ക് ലഭ്യമാക്കാന്‍ കഴിയുന്നതും എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നതുമായ ഒരുപകരണം കണ്ടെത്തണമെന്നആഗ്രഹം അങ്ങനെയാണ് ഉടലെടുക്കുന്നത്. ”സംഗീതം എല്ലാ ആളുകള്‍ക്കും പ്രാപ്യമായിരിക്കണം, എളുപ്പത്തില്‍ കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന റെക്കോര്‍ഡുകള്‍ വേണം എന്ന ആഗ്രഹം ഓട്ടന്‍സിന് കലശലായുണ്ടായിരുന്നു. അദ്ദേഹം ഫിലിപ്‌സിനോട് കാസറ്റുകളുടെ ഈ പുതിയ ഫോര്‍മാറ്റ് മറ്റ നിര്‍മാതാക്കള്‍ക്ക് സൗജന്യമായി ലൈസന്‍സ് ചെയ്തുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു. കാസറ്റുകള്‍ ഒരു ലോകോത്തര സ്റ്റാന്‍ഡേര്‍ഡ് ആയി മാറാന്‍ അത് വഴി തെളിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.” ഓട്ടന്‍സിന്റെ ജീവിതത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത സാക്ക് ടെയ്ലര്‍ പറയുന്നു.

നമ്മുടെയെല്ലാവരുടെയും സംഗീതത്തോടുള്ള സ്‌നേഹം പതിന്മടങ്ങായി വര്‍ധിപ്പിക്കാന്‍ സഹായിച്ചതില്‍ ഓട്ടന്‍സിന്റെ പങ്ക് നിസ്തുലമാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം സാങ്കേതികവിദ്യയുടെസഹായത്തോടെ സംഗീതത്തെ നമ്മളിലേക്ക് കൂടുതല്‍ കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തി.

സി ഡി എന്ന ചുരുക്കവാക്കില്‍ അറിയപ്പെടുന്ന കോംപാക്റ്റ് ഡിസ്‌കുകളുടെ കണ്ടുപിടിത്തത്തിന് പിറകിലും ഓട്ടന്‍സിന്റെ സാന്നിധ്യമുണ്ട്. ഇതുവരെ ലോകത്താകമാനം 200 ബില്യണോളം സി ഡി-കളാണ് വിറ്റഴിഞ്ഞിട്ടുള്ളത്.

1982-ല്‍ ഫിലിപ്‌സ് സി ഡി പ്ലെയര്‍ അവതരിപ്പിക്കുന്ന ഘട്ടത്തില്‍ ഓട്ടന്‍സ് പ്രതികരിച്ചത്, ”ഇനി മുതല്‍ സാധാരണ റെക്കോര്‍ഡ് പ്ലെയറുകള്‍ കാലഹരണപ്പെട്ടു” എന്നാണ്. തിരിഞ്ഞു നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവചനവും പുതിയ സാങ്കേതികവിദ്യയുടെ മേലുള്ള ആത്മവിശ്വാസവുംഎത്രമേല്‍ അര്‍ത്ഥവത്തായി മാറി എന്ന് അനുഭവങ്ങളിലൂടെ നാം തിരിച്ചറിയുന്നു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി കാസറ്റ് ടേപ്പുകള്‍ അപ്രതീക്ഷിതമായ വിധം ജനപ്രീതി നേടിക്കൊണ്ടിരിക്കുന്നുണ്ട്. ചില പ്രമുഖ സംഗീത കലാകാരന്മാര്‍ തങ്ങളുടെ സൃഷ്ടികള്‍ കാസറ്റുകളിലൂടെ റിലീസ് ചെയ്യുന്ന അനുഭവവുമുണ്ടായി. 2020-ന്റെ ആദ്യപാദത്തില്‍ വിറ്റഴിഞ്ഞകാസറ്റുകളുടെ എണ്ണം അതിനു മുമ്പുള്ള വര്‍ഷത്തേക്കാള്‍ 103% കൂടുതലായിരുന്നു എന്ന് ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *