തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് വേണ്ടി പ്രകടനം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്

News Politics

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചുദിവസമായി ഡല്‍ഹി കേന്ദ്രീകരിച്ചുനടന്ന സ്‌ക്രീനിങ് കമ്മിറ്റിക്കൊടുവിലാണ് സാധ്യതപട്ടിക വിലയിരുത്തി അന്തിമ സ്ഥാനാര്‍ഥി പട്ടികയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നത്.ഇന്ന് വൈകിട്ട് ആറിന് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം. കെ സി ജോസഫിനും കെ ബാബുവിനും സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ഇതോടെ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയില്‍ പ്രകടനം നടന്നു. തൃപ്പൂണിത്തുറയില്‍ മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിനെ മത്സരിപ്പിക്കാന്‍ ധാരണയായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണിത്.

നേമത്ത് ആര് സ്ഥാനാര്‍ഥിയാകുമെന്നതിലുള്ള സസ്‌പെന്‍സ് തുടരുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചില പേരുകളില്‍ മാറ്റം വന്നിട്ടുണ്ട്. കല്പറ്റ, നിലമ്പൂര്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ രാഹുല്‍ ഗാന്ധി തീരുമാനിക്കും. കല്പറ്റ സീറ്റ് ക്രൈസ്തവ വിഭാഗത്തില്‍ ഉളളവര്‍ക്ക് നല്‍കാനാണ് ധാരണ. ടി.സിദ്ദിഖിനെ പട്ടാമ്പി മണ്ഡലത്തിലേക്കാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച ജ്യോതി വിജയകുമാറിന് സീറ്റ് ലഭിക്കാനുള്ള സാധ്യത മങ്ങി. രാഹുല്‍ ഗാന്ധിയുടെ നിലപാടായിരിക്കും ജ്യോതി വിജയുമാറിന്റെ കാര്യത്തില്‍ നിര്‍ണായകമാവുക.

കൊട്ടാരക്കരയില്‍ പി സി വിഷ്ണുനാഥ് മത്സരിക്കും. എം.ലിജു കായംകുളത്തോ അമ്പലപ്പുഴയിലോ മത്സരിക്കും. രണ്ടുതവണ തോറ്റെങ്കിലും യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ലിജുവിനെ സ്ഥാനാര്‍ഥിയാക്കുന്നത്. ചില മണ്ഡലങ്ങളില്‍ ഒരു പേരുമാത്രമാണ് സാധ്യതാപട്ടികയില്‍ ഉളളത് കണ്ണൂര്‍-സതീശന്‍ പാച്ചേനി, ബാലുശ്ശേരി- ധര്‍മജന്‍ ബോള്‍ഗാട്ടി, തൃശ്ശൂര്‍- പത്മജ വേണുഗോപാല്‍, കോന്നി-റോബിന്‍ പീറ്റര്‍, കഴക്കൂട്ടം-എസ്.എസ്.ലാല്‍, മാനന്തവാടി-പി.കെ.ജയലക്ഷ്മി, വൈക്കം-ഡോ.പി.ആര്‍.സോന തുടങ്ങിയ പേരുകള്‍ അക്കൂട്ടത്തിലുളളതാണ്. നിലവില്‍ കെ.സി.ജോസഫ് മാത്രമാണ് സിറ്റിങ് എംഎല്‍എമാരില്‍ മത്സരിക്കാതിരിക്കുക.

തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ തലമുറമാറ്റമുണ്ടാകുമെന്നാണ് സാധ്യതാ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. തൃശ്ശൂരില്‍ പരിഗണിക്കുന്ന പത്മജാ വേണുഗോപാലും വടക്കാഞ്ചേരിയില്‍ അനില്‍ അക്കരയും ഒഴികെ ബാക്കിയെല്ലാവരും പുതുമുഖങ്ങളായിരിക്കുമെന്നാണ് സൂചന. പട്ടികയില്‍ മൂന്ന് വനിതകളുണ്ടാകുമെന്നാണ് വിവരം. കുന്നംകുളം സീറ്റ് സി എം പിയില്‍നിന്ന് ഏറ്റെടുക്കുമെന്നാണ് വിവരം. എന്നാല്‍ കയ്പമംഗലത്തിന്റെ കാര്യത്തില്‍ നിശ്ചയമായിട്ടില്ല. ഈ സീറ്റ് കിട്ടിയാല്‍ ശോഭാ സുബിനെയാണ് പരിഗണിക്കുക.

പത്മജയെക്കൂടാതെ അന്തിമപട്ടികയിലുള്‍പ്പെട്ടിരിക്കുന്ന വനിതകള്‍ ഡോ. നിജി ജസ്റ്റിന്‍ (പുതുക്കാട്), സുബി ബാബു (മണലൂര്‍) എന്നിവരാണ്. സംവരണ സീറ്റുകളായ ചേലക്കരയില്‍ സി സി ശ്രീകുമാറും നാട്ടികയില്‍ സുനില്‍ ലാലൂരുമാണ് പരിഗണനയില്‍. ജോസ് വള്ളൂര്‍ (ഒല്ലൂര്‍), കെ. ജയശങ്കര്‍ (കുന്നംകുളം), ടി.ജെ. സനീഷ് കുമാര്‍ (ചാലക്കുടി) എന്നിവരാണ് അന്തിമപട്ടികയിലിടം നേടിയിരിക്കുന്ന മറ്റുള്ളവര്‍. കൊടുങ്ങല്ലൂരില്‍ സി.എസ്. ശ്രീനിവാസിനാണ് പ്രഥമ പരിഗണന.

Leave a Reply

Your email address will not be published. Required fields are marked *