ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടി അഫ്ഗാന്‍ താരം ഹഷ്മത്തുല്ല ഷാഹിദി

News Sports

അബുദാബി: രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ അഫ്ഗാന്‍ താരമെന്ന റെക്കോര്‍ഡ് ഇനി ഹഷ്മത്തുല്ല ഷാഹിദിക്ക് . സിംബാബ് വേയ്ക്കെതിരെ നടക്കുന്ന 5 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ രണ്ടാമത്തെ മത്സരത്തിലാണ് ഷാഹിദി നേട്ടം കരസ്ഥമാക്കിയത്. അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ആറാമത്തെ ടെസ്റ്റ് മത്സരമാണ് ഇപ്പോള്‍ അബുദാബിയില്‍ നടക്കുന്നത്.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 545 റണ്‍സ് നേടി ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. ഷാഹിദി ഇരട്ട സെഞ്ചുറി നേടിയ ഉടന്‍ തന്നെ അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഗര്‍ ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു. അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണ് ഇത്.

അഫ്ഗാന്‍ ഇന്നിങ്ങ്‌സ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ ആറു റണ്‍സ് ആയപ്പോഴേക്കും ജാവേജ് അഹമ്മദി പുറത്തായി. 4 റണ്‍സ് ആയിരുന്നു അഹമ്മദിയുടെ സമ്പാദ്യം. പിന്നീട് വന്ന 45 പന്തില്‍ 23 റണ്‍സെടുത്തു പുറത്തായി. സ്‌കോര്‍ 121ല്‍ എത്തിയപ്പോള്‍ 130 പന്തില്‍ 72 റണ്‍സെടുത്ത ഓപ്പണര്‍ ഇബ്രാഹിം സദ്രാനും വിക്കറ്റ് നഷ്ടമായി. പിന്നീടാണ് ഷാഹിദിയുടെ ചരിത്രനേട്ടത്തിലേക്കുള്ള ഇന്നിങ്ങ്‌സ് തുടങ്ങുന്നത്. ഷാഹിദിയും ക്യാപ്റ്റന്‍ അസ്ഗറും കൂടി 307 റണ്‍സ് ആണ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ നേടിയത്.

ഇതിനിടെ ക്യാപ്റ്റന്‍ അസ്ഗര്‍ 164 റണ്‍സുമായി പുറത്തായി. പിന്നീടെത്തിയ നസീര്‍ ജമാലും ഷാഹിദിക്ക് മികച്ച പിന്തുണ നല്‍കി. വിക്കറ്റ് നഷ്ടപ്പെടുത്താതെ 55 റണ്‍സ് നേടിയ ജമാലിനെ കൂട്ടു പിടിച്ചാണ് ഷാഹിദി ഇരട്ട സെഞ്ചുറി നേട്ടം കരസ്ഥമാക്കിയത്.

441 പന്തില്‍ 21 ഫോറും ഒരു സിക്‌സും സഹിതം 200 റണ്‍സാണ് ഷാഹിദിയുടെ സമ്പാദ്യം. 257 പന്തില്‍ 14 ഫോറും രണ്ട് സിക്‌സും അടക്കം 164 റണ്‍സാണ് ക്യാപ്റ്റന്‍ അസ്ഗര്‍ നേടിയത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ സിംബാബ് വേ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഭേദപ്പെട്ട നിലയിലാണ്. സിംബാബ് വേ ടീം വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 50 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ പ്രിന്‍സ് മസ്വോരെയും (51 പന്തില്‍ 29), കെവിന്‍ കസൂസയും (51 പന്തില്‍ 14) ക്രീസിലുണ്ട്. ആദ്യ ടെസ്റ്റില്‍ ജയം നേടിയ സിംബാബ് വേ പരമ്പരയില്‍ മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *