പത്താംക്ലാസ് വിദ്യാഭ്യാസവും ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ കളരി മര്‍മ ഗുരുകുലത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ച് ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടനെ പോലീസ് അറസ്റ്റ് ചെയ്തു.

Breaking Crime Keralam News

തിരുവനന്തപുരം: പത്താംക്ലാസ് വിദ്യാഭ്യാസവും കളരി മര്‍മ ഗുരുകുലത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ച് സര്‍ജറി അടക്കം ചികിത്സ നടത്തി വന്ന വ്യാജ വനിത ഡോക്ടനെ അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയ വഴി പ്രചാരണം നടത്തി ചികിത്സ നടത്തി വരികയായിരുന്നു ഇവര്‍. പെരിങ്ങമ്മല കൊല്ലായില്‍ ഡീസന്റ് മുക്കിനു സമീപം ഹിസാന മന്‍സിലില്‍ സോഫി മോള്‍ (43) ആണ് അറസ്റ്റിലായത്. ഡീസന്റ് മുക്കില്‍ ചികിത്സ നടത്തവെ പാലോട് പൊലീസ് ആണ് ഇവരെ പിടികൂടിയത്. കേരളത്തിലെ വിവിധയിടങ്ങളില്‍ ക്യാംപ് ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്.

മാറാരോഗങ്ങള്‍ മുതല്‍ മാറ്റുമെന്ന് ഉറപ്പുമായി വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി’ എന്ന ഫെയ്‌സ്ബുക് പേജ് വഴിയായിരുന്നു ചികിത്സയ്ക്കു പ്രചാരണം നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാംപ് ചെയ്താണ് രോഗികളെ നോക്കുന്നത്. പൊലീസ് അറസ്റ്റ് ചെയ്യുന്നതിനായെത്തുമ്പോഴും നിരവധി ആളുകള്‍ ഇവരുടെ ചികിത്സാ കേന്ദ്രത്തിലുണ്ടായിരുന്നു. പെരിങ്ങമ്മല സ്വദേശിയാണ് സോഫി മോള്‍. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി കാസര്‍കോട് നീലേശ്വരം മടിക്കൈ ആണ് താമസം. നേരത്തെ ഭര്‍ത്താവിനൊപ്പം ചികിത്സ നടത്തിയിരുന്ന ഇവര്‍ അയാളുമായി പിണങ്ങി ഇപ്പോള്‍ ഒറ്റയ്ക്കായിരുന്ന ചികിത്സ നടത്തി വന്നിരുന്നത്.മലപ്പുറം, കൊണ്ടോട്ടി, തലശ്ശേരി കോട്ടയം തുടങ്ങിയ പലയിടങ്ങളിലും ഇവര്‍ ക്യാംപ് നടത്തിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള സോഫിയുടെ പക്കല്‍ മരുന്ന് നല്‍കാന്‍ തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമിയുടെ കളരി മര്‍മ ഗുരുകുലത്തിന്റെ സര്‍ട്ടിഫിക്കറ്റുമാണ് ഉണ്ടായിരുന്നത്. ഇതിന്റെ പിന്‍ബലത്തിലാണ് ഇവര്‍ സര്‍ജറി അടക്കമുള്ള ചികിത്സ നടത്തി വന്നത്. അമിത ഫീസും ഈടാക്കിയിരുന്നു.

ഫേസ്ബുക്ക് പേജിലെ പരസ്യം കണ്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഡോക്ടര്‍ കുടുങ്ങിയത്. ചികിത്സ പ്രചാരണം ശ്രദ്ധയില്‍പ്പെട്ട തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി പി.കെ. മധു അന്വേഷണത്തിന് നിര്‍ദേശിച്ചു. തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ്, പാലോട് ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് വ്യാജഡോക്ടറെ തിരിച്ചറിഞ്ഞത്. ഇവരില്‍ നിന്ന് ഡോ. സോഫിമോള്‍ എന്ന തിരിച്ചറിയല്‍ കാര്‍ഡും പിടിച്ചെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *