പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍/ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്.. എങ്ങനെ കണ്ടെത്താം?

Health News

ഒരു കുഞ്ഞിന്റെ ജീവന്‍ കൂടി നഷ്ടപ്പെട്ടിരിക്കുന്നു. കുഞ്ഞിന്റെ ജീവനെടുത്തത് സ്വന്തം അമ്മ തന്നെ. അമ്മയെ ഇങ്ങനെയൊരു കൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം എന്ന മാനസിക രോഗവും. മലയാളികള്‍ ഇപ്പോഴും ഈ അസുഖത്തെ കുറിച്ച് അത്ര ബോധവാന്മാരല്ല. ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് നേരേയുള്ള ആക്രോശങ്ങളും കൊലവിളികളുമാണ് നമുക്ക് പരിചിതം.
എന്താണ് പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്? എന്താണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍? നമുക്ക് പരിശോധിക്കാം.
പ്രസവം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ 10/8 അമ്മമാരും കടന്നു പോവുന്ന മാനസികാവസ്ഥയാണ് പോസ്റ്റ് പാര്‍ട്ടം ബ്ലൂസ്. ഈ സമയത്ത് ചെറിയ വിഷാദ ലക്ഷണങ്ങളുണ്ടാവാം. ഉറക്കമില്ലായ്മ, പെട്ടെന്നുള്ള മൂഡ് ചേഞ്ചസ്, അകാരണമായ നിരാശ, സങ്കടം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും രണ്ടാഴ്ച്ച കൊണ്ട് തന്നെ അവ മാറുന്നതിനാല്‍ രോഗിയോ മറ്റുള്ളവരോ അതത്ര ശ്രദ്ധിക്കാറില്ല.

ഇതിന്റെ മറ്റൊരവസ്ഥയായ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ കുറച്ചു കൂടെ ഗുരുതരമാണ്. 10 പേരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് ഈയവസ്ഥ വരാം.പ്രസവ ശേഷം 24 മണിക്കൂറിനുളളില്‍ തുടങ്ങി എപ്പോള്‍ വേണമെങ്കിലും ഈയവസ്ഥ വരാം. ഇത് മാസങ്ങളോളം തുടരാനുള്ള സാധ്യതയുമുണ്ട്.

ഇതിലും ഗുരുതരമായ ഒരവസ്ഥ കൂടെയുണ്ട്. അതാണ് പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ്. 1000 അമ്മമാരില്‍ ഒരാള്‍ക്കാണ് പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ബാധിക്കാന്‍ സാധ്യതയുള്ളത്. പക്ഷേ അമ്മയുടേയും കുഞ്ഞിന്റേയും വരെ ജീവനു ഭീഷണിയാണ് ഈ അവസ്ഥ.

പലപ്പോഴും ഇത്തരം ബുദ്ധിമുട്ടുകള്‍ പല അമ്മമാരും മറച്ചു വെക്കാറാണ് പതിവ്. സമൂഹത്തിലെ സദാചാര ചിന്തകള്‍ തന്നെയാണ് അതിനു കാരണം. തന്റെ മാനസികാവസ്ഥ പുറത്തു പറഞ്ഞാല്‍ താന്‍ നല്ലൊരു അമ്മയല്ലെന്ന് ആളുകള്‍ പറയുമോ, തന്റെ മാനസികാവസ്ഥ ചുറ്റുമുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമോ എന്നിങ്ങനെയുള്ള പല ചിന്തകളും ഇവരെ പിന്തിരിപ്പിക്കുന്നു.

പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനെപ്പറ്റിയുള്ള ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. പ്രസവാനന്തരം സ്ത്രീകള്‍ക്ക് തങ്ങളുടെ മാനസികാവസ്ഥ ചുറ്റുമുള്ളവരോട് പങ്കുവെക്കാന്‍ സാധിക്കണം. അതിനുള്ള സാമൂഹികാന്തരീക്ഷവും അറിവും നാം ഉണ്ടാക്കിയെടുക്കണം. നമ്മുടെ അവബോധമില്ലായ്മ ഇനിയൊരു അമ്മയുടെയോ കുഞ്ഞിന്റെയോ ജീവനെടുക്കാതിരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *