നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തീരുമാനം

News

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം. സ്വതന്ത്രയായായിരിക്കും അവര്‍ മത്സരിക്കുക.

മക്കള്‍ക്ക് നീതി തേടി സംസ്ഥാനത്തുടനീളം യാത്ര നടത്തുകയാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. കേരള യാത്ര തൃശൂരെത്തിയപ്പോഴാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം അമ്മ വ്യക്തമാക്കിയത്. അതിനുള്ള കാരണവും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വിശദീകരിച്ചു.

കേരള യാത്ര ധര്‍മ്മടത്തെത്തിയപ്പോള്‍ സ്വീകരിക്കാന്‍ കുറേ അമ്മമാര്‍ എത്തിയിരുന്നുവെന്നും അവര്‍ക്ക് താന്‍ ഒരു കത്ത് നല്‍കിയെന്നും അമ്മ പറഞ്ഞു. ധര്‍മ്മടത്ത് വോട്ട് തേടിയെത്തുന്ന മുഖ്യമന്ത്രിയോട് തന്റെ മക്കള്‍ക്ക് നീതി തേടി തലമുണ്ഡനം ചെയ്ത ഒരമ്മ ഇവിടെ വന്നിരുന്നുവെന്ന് പറയണമെന്നാണ് ആവശ്യപ്പെട്ടത്. തനിക്ക് നീതി നല്‍കിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോല്‍ നിരവധി അമ്മമാര്‍ തന്നെ വിളിച്ചു. ഇക്കാര്യം എന്തുകൊണ്ട് നേരിട്ട് ചോദിച്ചുകൂട എന്ന് അവര്‍ തന്നോട് ചോദിച്ചു. സമരസമിതിയുമായി ആലോചിച്ച ശേഷം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *