കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; വിരട്ടാന്‍ നോക്കേണ്ടെന്ന് മന്ത്രി ടി. എം തോമസ് ഐസക്

Keralam News

കിഫ്ബിക്കെതിരായ ആദായ നികുതി വകുപ്പിന്റെ നോട്ടിസുമായി ബന്ധപ്പെട്ട് പ്രതികരിച്ച് ധനമന്ത്രി ടി. എം തോമസ് ഐസക്. നോട്ടിസ് കാണിച്ച് വിരട്ടാന്‍ നോക്കേണ്ടെന്ന് മന്ത്രി പറഞ്ഞു. കേസെടുക്കലും വിരട്ടലുമെല്ലാം അങ്ങ് വടക്കേ ഇന്ത്യയില്‍ മതി. ഇങ്ങോട്ട് കേസെടുത്താല്‍ അങ്ങോട്ടും കേസെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വിദ്യാഭ്യാസ വകുപ്പിന് കീഴിലെ കൈറ്റില്‍ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ തേടി ആദായ നികുതി വകുപ്പ് കൈറ്റിന് നോട്ടിസ് അയച്ചിരുന്നു. കിഫ്ബിക്ക് മേല്‍ ഇ.ഡി നടത്തുന്ന അന്വേഷണങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പ് കൂടി കിഫ്ബി പദ്ധതികളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് നോട്ടിസുമായി രംഗത്തെത്തിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേരള ഇന്‍ഫ്രാസ്ട്രാക്ടര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷനില്‍ കിഫ്ബി വഴി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനാണ് നോട്ടിസിലുള്ള നിര്‍ദേശം. അഞ്ച് വര്‍ഷത്തിനിടെ കിഫ്ബി കരാറുകാര്‍ക്ക് പണം നല്‍കിയതിന്റെ വിശദാംശങ്ങളും നല്‍കണം. ഓരോ പദ്ധതിയുടേയും നികുതി വിശദാംശങ്ങള്‍ സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കാനും നോട്ടിസില്‍ പറയുന്നുണ്ട്. കിഫ്ബി വഴി പദ്ധതികള്‍ നടപ്പാക്കിയ ഓരോ വകുപ്പുകളിലേക്കും നോട്ടിസ് നല്‍കുന്നതിന്റെ ഭാഗമായാണ് കൈറ്റിന് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *